ശുഭ്മൻ ഗിൽ, വീരേന്ദർ സെവാഗ്
ന‍്യൂഡൽഹി: കഴിഞ്ഞ ദിവസം ഐപിഎല്ലിൽ നടന്ന മത്സരത്തിൽ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിനെതിരേ തോൽവി ഏറ്റുവാങ്ങിയതിനു പിന്നാലെ ഗുജറാത്ത് ടൈറ്റൻസ് ക‍്യാപ്റ്റൻ ശുഭ്മൻ ഗില്ലിനെ രൂക്ഷമായി വിമർശിച്ച് മുൻ ഇന്ത‍്യൻ താരം വീരേന്ദർ സെവാഗ്.
ഗില്ലിന്‍റെ ക‍്യാപ്റ്റൻസി പോരെന്നു പറഞ്ഞ സെവാഗ്, മത്സരത്തിന്‍റെ നിർണായക ഘട്ടങ്ങളിൽ ബൗളർമാരെ ഉപയോഗിച്ച രീതിയിലാണ് ഗില്ലിന് പിഴവ് പറ്റിയെന്നും ചൂണ്ടിക്കാട്ടി.
അവസാന മൂന്ന് ഓവറുകളിൽ ആർസിബിക്ക് വേണ്ടിയിരുന്നത് 22-25 റൺസാണ്. ആ സമയം മുഹമ്മദ് സിറാജിനെ കൊണ്ട് പന്തെറിയിച്ചിരുന്നുവെങ്കിൽ കളി അവസാന ഓവർ വരെ നീട്ടാമായിരുന്നു എന്നു സേവാഗ് പറഞ്ഞു.
ക‍്യാപ്റ്റന്‍റെ കണക്കുകൂട്ടലുകൾ തെറ്റിയെന്നും, പ്രസിദ്ധ് കൃഷ്ണയ്ക്കും റാഷിദ് ഖാനും റൺസ് വിട്ടുകൊടുക്കുമെങ്കിലും അവരെ തിരികെ കൊണ്ടുവരുക എന്നത് ക‍്യാപ്റ്റന്‍റെ ഉത്തരവാദിത്വമാണെന്നും സെവാഗ് കൂട്ടിച്ചേർത്തു.
ഗുജറാത്ത് ടൈറ്റൻസിനെതിരേ ഏഴ് വിക്കറ്റ് ജയമാണ് ആർസിബി സ്വന്തമാക്കിയത്.