ആയുഷ് ബദോനി
മുംബൈ: ന‍്യൂസിലൻഡിനെതിരായ ഏകദിന പരമ്പരയിലെ ആദ‍്യ മത്സരത്തിനിടെ വാരിയെല്ലിന് പരുക്കേറ്റ ഓൾറൗണ്ടർ വാഷിങ്ടൺ സുന്ദറിനു പകരമായി യുവതാരം ആയുഷ് ബദോനിയെ ടീമിൽ ഉൾപ്പെടുത്തിയതിനെതിരേ വ‍്യാപക വിമർശനം.
ഐപിഎല്ലില്ലോ ആഭ‍്യന്തര ക്രിക്കറ്റിലോ ഗംഭീര പ്രകടനം കാഴ്ചവച്ചിട്ടുള്ള താരമല്ല ബദോനിയെന്നും ഇന്ത‍്യൻ ടീം പരിശീലകൻ ഗൗതം ഗംഭീറിന്‍റെ ഇഷ്ടകാരനായതു കൊണ്ടാണ് ബദോനിയെ ടീമിലെടുത്തതെന്നുമാണ് വിമർശനം ഉയരുന്നത്. ലിസ്റ്റ് എ ക്രിക്കറ്റിൽ 27 മത്സരങ്ങൾ കളിച്ചിട്ടുള്ള താരം 36.47 ശരാശരിയിൽ 693 റൺസ് നേടിയിട്ടുണ്ട്. കൂടാതെ 22 വിക്കറ്റുകളും താരത്തിന് നേടാനായി.
പാർട് ടൈം സ്പിന്നർ മാത്രമാണ് ബദോനിയെന്നും വാഷിങ്ടൺ സുന്ദറിനെ പോലെ സ്പെഷ‍്യലിസ്റ്റ് സ്പിന്നറല്ലെന്നുമാണ് ആരാധകരുടെ വാദം. ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഏകദിന പരമ്പരയിൽ തകർപ്പൻ സെഞ്ചുറി നേടി മിന്നും പ്രകടനം കാഴ്ചവച്ച ഋതുരാജ് ഗെയ്‌ക്‌വാദിനെ ടീമിൽ ഉൾപ്പെടുത്താതെ ഋഷഭ് പന്തിനെ പരിഗണിച്ച സെലക്റ്റർമാരുടെ നടപടിയെയും ആരാധകർ ചോദ‍്യം ചെയ്തു.
ഇത്തവണത്തെ വിജയ് ഹസാരെ ടൂർണമെന്‍റിൽ മൂന്നു മത്സരങ്ങളിൽ നിന്നും 16 റൺസ് മാത്രമാണ് ബദോനി നേടിയത്. ഐപിഎല്ലിൽ ലഖ്നൗ സൂപ്പർ ജയന്‍റ്സിനു വേണ്ടി ബദോനി കളിക്കുന്ന സമയത്ത് ഗൗതം ഗംഭീറായിരുന്നു ടീമിന്‍റെ മെന്‍റർ.