ഐപിഎല്ലില്‍ പഞ്ചാബിന് ചരിത്ര വിജയം
ന്യൂഡൽഹി: രാജ്യതലസ്ഥാനത്തെ അരുൺ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിൽ ശനിയാഴ്ച റൺസ് പൂരമായിരുന്നു. ഫോറും സിക്സും മാലപ്പടക്കംപോലെ തെരുതെരെ പൊട്ടിച്ചിതറി. ആ റൺസ് പ്രളയത്തിനൊടുവിൽ പഞ്ചാബ് കിങ്സിന്‍റെ വിജയച്ചിരി. ആറു വിക്കറ്റിനാണ് ഡൽഹി ക്യാപ്പിറ്റൽസിനെ പഞ്ചാബ് ഞെട്ടിച്ചത്.
ആദ്യം ബാറ്റ് ചെയ്ത ഡൽഹി ക്യാപ്പിറ്റൽസ് പടുത്തുയർത്തിയത് 264/2 എന്ന ഹിമാലയൻ സ്കോർ. ചേസ് ചെയ്ത പഞ്ചാബ് കിങ്സ് 18.5 ഓവറിൽ നാലു വിക്കറ്റിന് 265 റൺസെടുത്ത് അദ്ഭുത വിജയം കൈപ്പിടിയിലൊതുക്കി. ഐപിഎൽ ചരിത്രത്തിലെ ഏറ്റവും ഉയർന്ന റൺ ചേസിങ്ങാണിത്. 2024ൽ കോൽക്കത്ത നൈറ്റ് റൈഡേഴ്സിന്‍റെ 261 റൺസിനെ മറികടന്ന സ്വന്തം റെക്കോഡ് തന്നെയാണ് പഞ്ചാബ് തിരുത്തിയത്. ട്വന്‍റി20 ക്രിക്കറ്റിന്‍റെ ഏതു തലത്തിലെയും ഏറ്റവും വിജയകരമായ സ്കോർ പിന്തുടരലും ഇതു തന്നെ.
റൺമല കയറ്റത്തിൽ ഉജ്വല തുടക്കമാണ് പഞ്ചാബ് കിങ്സിന് ലഭിച്ചത്. ഓപ്പണർ മാരായ പ്രഭ്സിമ്രാൻ സിങ്ങും (26 പന്തിൽ 76) പ്രിയാൻഷ് ആര്യയും (17 പന്തിൽ 43) അടിച്ചെടുത്തത് 6.5 ഓവറിൽ 126 റൺസ്. പവർ പ്ലേയിൽ 105 റൺസ് വാരിയ ഈ സഖ്യം സീസണിലെ ഏറ്റവും മികച്ച പ്രകടനം തന്നെ പുറത്തെടുത്തു. ഡൽഹി ബൗളർമാരെ തലങ്ങും വിലങ്ങും പറത്തിയ ഇരുവരും അപ്പോൾ തന്നെ മത്സരം പഞ്ചാബിന്‍റേതാക്കി മാറ്റിയിരുന്നു. രണ്ടു ഫോറും അഞ്ച് സിക്സും നേടിയ പ്രിയാൻഷിനെ വീഴ്ത്തി ഡൽഹി ക്യാപ്പിറ്റൽസ് നായകൻ അക്ഷർ പട്ടേലാണ് ഈ കൂട്ടുകെട്ട് പിരിച്ചത്. തുടർന്ന് ക്ലാസ് സ്പിന്നർ കുൽദീപ് യാദവ് പഞ്ചാബിനെ തെല്ലൊന്ന് അങ്കലാപ്പിലാക്കി. ഒമ്പതു ബൗണ്ടറികളും അഞ്ചു സിക്സുമായി ക്രീസ് വാണ പ്രഭ്സിമ്രാൻ സിങ്ങിനെയും കൂപ്പർ കൊണോലിയെയും (17) ഡഗ്ഔട്ട് കാണിച്ച് കുൽദീപ് പഞ്ചാബിനെ വിറപ്പിച്ചു. പക്ഷേ, ക്യാപ്റ്റൻ ശ്രേയസ് അയ്യർ പഞ്ചാബിന് വീണ്ടും കുതിപ്പേകി. ഡൽഹി ബൗളർമാരെ കണക്കിനു ശിക്ഷിച്ച് 36 പന്തിൽ മൂന്നു ഫോറും ഏഴു സിക്സും അടക്കം 71 റൺസുമായ പുറത്താകാതെ നിന്ന ശ്രേയസ് വിശ്വരൂപം കാട്ടിയതോടെ പഞ്ചാബ് വിജയതീരമണഞ്ഞു. വലിയ ചേസിങ്ങിനിടെ നെഹാൽ വധേരയും (25) ബാറ്റ് താഴ്ത്തിയെങ്കിലും വിജയനിമിഷത്തിൽ ശശാങ്ക് സിങ് (19 നോട്ടൗട്ട്) ശ്രേയസിന് കൂട്ടായി നിന്നു.
നേരത്തെ, ഡൽഹി ക്യാപ്പിറ്റൽസിന്‍റെ ഇന്നിങ്സിൽ കെ.എൽ. രാഹുലിന്‍റെ നിറഞ്ഞാട്ടമായിരുന്നു. നിതീഷ് റാണയും രാഹുലിനൊപ്പം ആളിക്കത്തി. 67 പന്തിൽ 152 റൺസുമായി അപരാജിതനായി നിന്ന രാഹുലിന്‍റെ ബാറ്റിൽ നിന്ന് 16 പ്രാവശ്യം പന്ത് അതിർത്തി കടന്നു. ഒമ്പതു തവണ പന്ത് ഗ്യാലറി കണ്ടു. 91 റൺസ് നേടിയ റാണ 11 ഫോറും നാലു സിക്സും സ്വന്തം പേരിലെഴുതി. ടീം തോറ്റെങ്കിലും രാഹുൽ പ്ലെയർ ഒഫ് മാച്ച് പുരസ്കാരത്തിന് അർഹനായി.