എം.എസ്. ധോണി
ചെന്നൈ: കഴിഞ്ഞ ദിവസം ഒരു പ്രൊമോഷണൽ ചടങ്ങിനിടെ അവതാരകൻ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്‍റെ മുൻ ക്യാപ്റ്റൻ എം.എസ്. ധോണിയോട് ഒരു ചോദ്യം ചോദിച്ചു: ''താങ്കളെക്കുറിച്ച് പ്രചാരത്തിലുള്ള ഏറ്റവും വിഡ്ഢിത്തം നിറഞ്ഞ അഭ്യൂഹം എന്താണ്?''
ധോണിയുടെ ഉത്തരം പലരെയും ഞെട്ടിച്ചു, ''ഞാൻ ദിവസം അഞ്ച് ലിറ്റർ പാൽ കുടിക്കും!''
അതൊരു അഭ്യൂഹമായിരുന്നോ, സത്യമായിരുന്നില്ലേ എന്ന മുഖഭാവമായിരുന്നു ചോദ്യം ചോദിച്ച അവതാരകനു പോലും. അന്താരാഷ്ട്ര കരിയറിന്‍റെ തുടക്കം മുതൽ ആരാധകർക്കും വിമർശകർക്കുമിടയിൽ ഒരുപോലെ പ്രചരിച്ചിരുന്ന ഒരു വിശ്വാസമാണ് ഇതോടെ തകർന്നടിഞ്ഞത്. ദിവസം അഞ്ച് ലിറ്റർ പാൽ കുടിക്കുന്നതാണ് ധോണിയുടെ കരുത്തിന്‍റെ രഹസ്യം എന്നായിരുന്നു ആ വിശ്വാസം!
പണ്ടൊക്കെ ദിവസം പല സമയത്തായി ഒരു ലിറ്റർ പാൽ വരെ കുടിച്ചിരുന്നതായി ധോണി സമ്മതിച്ചു. പക്ഷേ, അഞ്ച് ലിറ്റർ എന്നൊക്കെ പറയുമ്പോൾ, ആർക്കായാലും അത് വളരെ കൂടുതലല്ലേ എന്നായിരുന്നു അദ്ദേഹത്തിന്‍റെ മറുചോദ്യം.
ധോണിക്കു കുടിക്കാൻ ലസ്സി കലക്കുന്നത് വാഷിങ് മെഷീനിലാണെന്ന കിംവദന്തിയെക്കുറിച്ചും പിന്നാലെ ചോദ്യം വന്നു. താൻ ലസ്സി കുടിക്കാറേയില്ല എന്നായിരുന്നു ധോണിയുടെ മറുപടി. അങ്ങനെ അതും പോയി!