ധ്രുവ് ജുറലിനെ
വഡോദര: പരുക്കേറ്റതു മൂലം ന‍്യൂസിലൻഡിനെതിരായ ഏകദിന പരമ്പരയിൽ നിന്നും പുറത്തായ വിക്കറ്റ് കീപ്പർ ബാറ്റർ ഋഷഭ് പന്തിന് പകരക്കാരനായി യുവതാരം ധ്രുവ് ജുറലിനെ ടീമിൽ ഉൾപ്പെടുത്തി ഇന്ത‍്യ. സമീപകാലത്ത് ആഭ‍്യന്തര ക്രിക്കറ്റിൽ മിന്നും ഫോമിലുള്ള ധ്രുവ് ജുറലിന് അന്താരാഷ്ട്ര ക്രിക്കറ്റിൽ മികവ് പുറത്തെടുക്കാനുള്ള സുവർണാവസരമാണ് വന്നെത്തിയിരിക്കുന്നത്.
ഇന്ത‍്യയുടെ പ്രഥമ വിക്കറ്റ് കീപ്പർ ബാറ്റർ കെ.എൽ. രാഹുൽ ആയതിനാൽ ജുറലിന് പ്ലെയിങ് ഇലവനിൽ അവസരം ലഭിക്കാനുള്ള സാധ‍്യത കുറവാണ്. ന‍്യൂസിലൻഡിനെതിരേ മൂന്നു ഏകദിന മത്സരങ്ങളാണ് ഇന്ത‍്യ കളിക്കുന്നത്.
നിലവിൽ നടന്നുകൊണ്ടിരിക്കുന്ന വിജയ് ഹസാരെ ടൂർണമെന്‍റിൽ 7 മത്സരങ്ങളിൽ നിന്നും 90 ശരാശരിയിൽ 2 സെഞ്ചുറി ഉൾപ്പടെ 558 റൺസ് ധ്രുവ് ജുറൽ ഉത്തർ പ്രദേശിനു വേണ്ടി അടിച്ചെടുത്തിരുന്നു. ജുറലിന്‍റെ പ്രകടന മികവിൽ കളിച്ച ഏഴ് മത്സരങ്ങളും ഉത്തർ പ്രദേശിന് വിജയിക്കാൻ സാധിച്ചു. ക്വാർട്ടർ ഫൈനലിൽ ഉത്തർ പ്രദേശ് സൗരാഷ്ട്രയെ നേരിടും.