ലോകകപ്പ് ട്രോഫിയുമായി ടീമംഗങ്ങൾക്കൊപ്പം ആഹ്ളാദം പങ്കിടുന്ന ഇന്ത്യൻ ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ.

 
Sports

പൂത്തുലഞ്ഞ പെൺവസന്തം

സമ്മർദം താങ്ങാനാവാത്തവരെന്നു പേരു കേൾപ്പിച്ച ഇന്ത്യൻ സംഘം ഇക്കുറി ലോകകപ്പിൽ മുത്തമിടുമ്പോൾ ഏറ്റവും കൂടുതൽ കടപ്പെട്ടിരിക്കുന്നത് ദീപ്തി ശർമ എന്ന ലോകോത്തര ഓൾറൗണ്ടറോടാണ്.

VK SANJU

മിഥാലി രാജിനു സാധിക്കാത്തത് ഹർമൻപ്രീത് കൗർ നേടി- ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം ലോക ചാംപ്യൻമാരായി. 2005ലും 2017ലും മിഥാലിയുടെ ടീം ഫൈനലിൽ ഓസ്ട്രേലിയക്കും ഇംഗ്ലണ്ടിനും മുന്നിൽ കീഴടങ്ങി; ഇക്കുറി ദക്ഷിണാഫ്രിക്കയെ കീഴടക്കിയതോടെ ഇന്ത്യൻ ക്രിക്കറ്റിൽ പെൺവസന്തം പൂത്തുലഞ്ഞു. അതിനു സാക്ഷ്യം വഹിക്കാൻ സച്ചിൻ ടെൻഡുൽക്കറും രോഹിത് ശർമയും ഗ്യാലറിയിൽ കാത്തുനിന്നു.

ഇനിയൊരു ലോകകപ്പിനുള്ള യൗവനം ശേഷിക്കാനിടയില്ലാത്ത ഹർമൻപ്രീത് കൗറിന് ഇതോടെ ഇന്ത്യൻ ക്രിക്കറ്റിൽ കപിൽദേവിനു തുല്യമായ സ്ഥാനം ഉറപ്പാക്കിക്കൊണ്ടാണ് ഈ ടൂർണമെന്‍റ് പൂർത്തിയാകുന്നത്- ഇന്ത്യൻ വനിതകളെ ആദ്യ ലോകകപ്പ് ജയത്തിലേക്കു നയിച്ച ക്യാപ്റ്റൻ എന്ന, തിരുത്താനാവാത്ത റെക്കോഡ്!

സമ്മർദം താങ്ങാനാവാത്തവരെന്നു പേരു കേൾപ്പിച്ച ഇന്ത്യൻ സംഘം ഇക്കുറി ലോകകപ്പിൽ മുത്തമിടുമ്പോൾ ഏറ്റവും കൂടുതൽ കടപ്പെട്ടിരിക്കുന്നത് ദീപ്തി ശർമ എന്ന ലോകോത്തര ഓൾറൗണ്ടറോടാണ്. ഹർമൻപ്രീതിനെയും സ്മൃതി മന്ഥനയെയും പോലുള്ള വമ്പൻ പേരുകാർക്ക് സ്ഥിരത പുലർത്താൻ സാധിക്കാതെ വന്നപ്പോൾ, ദീപ്തി ഫൈനലിൽ ബാറ്റ് കൊണ്ടും പന്തു കൊണ്ടും തന്‍റെ പ്രകടനത്തെ അനശ്വരമാക്കി. സ്മൃതി മന്ഥനയും ജമീമ റോഡ്രിഗ്സും ഹർമൻപ്രീത് കൗറും ഷഫാലി വർമയുമെല്ലാം മടങ്ങിയ ശേഷം, റിച്ച ഘോഷിനെ കൂട്ടുപിടിച്ച് ഇന്ത്യൻ ഇന്നിങ്സിനെ മുന്നോട്ടു നയിച്ചത് ദീപ്തിയായിരുന്നു. 58 പന്തിൽ മൂന്നു ഫോറും ഒരു സിക്സും സഹിതം ദീപ്തി നേടിയ 58 റൺസിനെ ഒരു ക്ലാസിക് ഏകദിന ഇന്നിങ്സ് എന്നു വിളിക്കാം.

പന്തെറിയാനെത്തിയപ്പോൾ തന്‍റെ ഓഫ് സ്പിൻ കെണിയിൽ അഞ്ച് ദക്ഷിണാഫ്രിക്കൻ ബാറ്റർമാരെയാണ് ദീപ്തി കറക്കിവീഴ്ത്തിയത്. സെഞ്ചുറിയുമായി ഇന്ത്യൻ ജയത്തിനു പ്രതിബന്ധമായി നിന്ന ദക്ഷിണാഫ്രിക്കൻ ക്യാപ്റ്റൻ ലോറ വോൾവാർട്ടിന്‍റെ പ്രൈസ് വിക്കറ്റും ഇതിൽ ഉൾപ്പെടുന്നു. ഈ ലോകകപ്പിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയതും ദീപ്തി തന്നെ- 22 ഇരകൾ. വനിതാ ലോകകപ്പിന്‍റെ ചരിത്രത്തിൽ തന്നെ ആദ്യമായാണ് ഒരു സ്പിന്നർ ഈ നേട്ടം സ്വന്തമാക്കുന്നത്. ഒപ്പം, വനിതാ ലോകകപ്പ് മത്സരത്തിൽ അർധ സെഞ്ചുറിയും അഞ്ച് വിക്കറ്റും എന്ന നേട്ടത്തിലെയും ആദ്യത്തെ പേര് ദീപ്തിയുടേതായി മാറി.‌ പുരുഷ ലോകകപ്പിലായാലും ഒരു നോക്കൗട്ട് മത്സരത്തിൽ അർധ സെഞ്ചുറിയും 5 വിക്കറ്റും കൂടി മറ്റാരും നേടിയിട്ടില്ല. ഈ ലോകകപ്പിൽ പ്ലെയർ ഓഫ് ദി ടൂർണമെൻ്റ് ആയി തെരഞ്ഞെടുക്കപ്പെട്ടതും ദീപ്തിയാണ്.

ലോകകപ്പിന്‍റെ ഗ്രൂപ്പ് ഘട്ടം വരെ പതിനഞ്ചംഗ ടീമിൽ പോലുമില്ലാതിരുന്ന ഷഫാലി വർമയാകട്ടെ, പരുക്കേറ്റ പ്രതീക റാവലിനു പകരക്കാരിയായാണ് സെമി ഫൈനലിൽ ടീമിലെത്തുന്നത്. ഫൈനലിൽ അമൂല്യമായ 87 റൺസും അപ്രതീക്ഷിതമായ രണ്ട് നിർണായക വിക്കറ്റുകളും സ്വന്തമാക്കിക്കൊണ്ട് ഷഫാലി സെലക്റ്റർമാരെ തന്നെ നാണംകെടുത്തി. കളി കൈവിട്ടു പോകുമെന്ന ഘട്ടത്തിലാണ് രണ്ട് നിർണായക വിക്കറ്റുകൾ വീഴ്ത്തിയ ഷഫാലി ഇന്ത്യൻ ക്രിക്കറ്റിലെ തന്‍റെ അപാര മൂല്യം ഈ ഒരൊറ്റ മത്സരം കൊണ്ട് അടയാളപ്പെടുത്തിയത്. ഷഫാലി തന്നെയാണ് ഫൈനലിലെ പ്ലെയർ ഓഫ് ദ മാച്ച്. ഏകദിന ക്രിക്കറ്റിൽ ഷഫാലിയുടെ കരിയർ ബെസ്റ്റ് സ്കോറും ഇതിലായിരുന്നു.

ലോകകപ്പ് ഫൈനലിൽ അവസാന ക്യാച്ചെടുത്ത് ആഘോഷം തുടങ്ങുന്ന ഇന്ത്യൻ ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ.

ഒമ്പതോവറിൽ 48 റൺസ് വഴങ്ങി ഒരു വിക്കറ്റ് നേടിയ യുവ സ്പിന്നർ ശ്രീ ചരണി ആയിരുന്നു ഈ ലോകകപ്പിലുടനീളം ഇന്ത്യയുടെ നിശബ്ദ പോരാളി. ഫൈനലിൽ ദക്ഷിണാഫ്രിക്കയുടെ റണ്ണൊഴുക്ക് നിയന്ത്രിച്ചു നിർത്തിയതിൽ ശ്രീ ചരണി വഹിച്ച പങ്ക് വലുതായിരുന്നു. ടൂർണമെൻ്റിൽ ആകെ 14 വിക്കറ്റും നേടി.

പരിമിതികൾക്കുള്ളിൽ നിന്നുകൊണ്ട് പരമാവധി ടീമിനു വേണ്ടി നൽകിയ അമൻജോത് കൗറിന്‍റെ പ്രകടനവും ശ്രദ്ധേയം. റിച്ച ഘോഷിനും മുൻപേ ബാറ്റ് ചെയ്യാനിറങ്ങിയിട്ടും 12 റൺസ് മാത്രമാണു നേടാൻ സാധിച്ചത്. എറിഞ്ഞ നാലോവറിൽ 34 റൺസും വഴങ്ങി. എന്നാൽ, തസ്മിൻ ബ്രിറ്റ്സിനെ റണ്ണൗട്ടാക്കിയ ഡയറക്റ്റ് ഹിറ്റും, സെഞ്ചുറി നേടിയ ലോറ വോൾവാർട്ടിനെ പുറത്താക്കിയ ക്യാച്ചും മത്സരഫലത്തിൽ നിർണായകമായി.

ആദ്യ മത്സരങ്ങളിൽ ക്രാന്തി ഗൗഡിനു വേണ്ടി മാറ്റി നിർത്തപ്പെട്ട സ്വിങ് ബൗളർ രേണുക സിങ് ഠാക്കൂർ ഫൈനലിൽ തന്‍റെ പരിചയസമ്പത്ത് മുഴുവൻ പുറത്തെടുക്കുന്നതും കണ്ടു. വിക്കറ്റൊന്നും കിട്ടിയില്ലെങ്കിലും, എട്ടോവറിൽ 28 റൺസ് മാത്രം വഴങ്ങിയ രേണുകയാണ് ഫൈനലിൽ ഏറ്റവും ഇക്കണോമിക്കലായി പന്തെറിഞ്ഞ ബൗളർ.

മഞ്ഞുമ്മൽ ബോയ്സ് മികച്ച ചിത്രം, മമ്മൂട്ടി നടൻ, ഷംല നടി

മുംബൈ സ്വദേശിനിക്ക് മൂന്നാറിൽ ദുരനുഭവം; 2 പൊലീസുകാർക്ക് സസ്പെൻഷൻ

''ആര് മത്സരിച്ചാലും തിരുവനന്തപുരം കോർപ്പറേഷൻ എൽഡിഎഫിന് സ്വന്തം'': വി. ശിവന്‍കുട്ടി

മെസി മാർച്ചിൽ എത്തും; മെയിൽ‌ വന്നെന്ന് മന്ത്രി അബ്ദു റഹ്മാന്‍

പിഞ്ചുകുഞ്ഞ് അമ്മയുടെ കൈയിൽ നിന്ന് കിണറ്റിൽ വീണു മരിച്ചു