മത്സരത്തിൽ നിന്നും
ചെന്നൈ: ദുലീപ് ട്രോഫി ഫൈനൽ മത്സരത്തിൽ സൗത്ത് സോണിനെതിരേ കൂറ്റൻ ലീഡെടുത്ത് ഈസ്റ്റ് സോൺ. മത്സരത്തിന്‍റെ അഞ്ചാം ദിനത്തിൽ ഒടുവിൽ വിവരം ലഭിക്കുമ്പോൾ 6 വിക്കറ്റ് നഷ്ടത്തിൽ 295 റൺസെന്ന നിലയിലാണ് ഈസ്റ്റ് സോൺ. ഇതോടെ 667 റൺസ് ലീഡായി ടീമിന്.
അർധസെഞ്ചുറിയുമായി കൂനൈൻ ഖുറൈഷിയും ഝാർഖണ്ഡ് താരം അങ്കുൽ റോയിയുമാണ് ക്രീസിൽ. ആദ‍്യ ഇന്നിങ്സിൽ ഇരട്ട സെഞ്ചുറി നേടിയ ക‍്യാപ്റ്റൻ ഇഷാൻ കിഷൻ തന്നെയാണ് രണ്ടാം ഇന്നിങ്സിൽ ഈസ്റ്റ് സോണിന്‍റെ ടോപ് സ്കോറർ.
98 പന്തുകൾ നേരിട്ട താരം 80 റൺസ് അടിച്ചെടുത്ത ശേഷം പുറത്തായി. ഇഷാനു പുറമെ ശിഖർ മോഹൻ 52 റൺസും കുമാർ കുഷാഗ്ര 46 റൺസും നേടി മടങ്ങി. കൗമാര താരം വൈഭവ് സൂര‍്യവംശി (8) ഒന്നാം ഇന്നിങ്സിന് സമാനമായി രണ്ടാം ഇന്നിങ്സിലും നിരാശപ്പെടുത്തി. ഓപ്പണിങ് ബാറ്റർ അഭിമന‍്യു ഈശ്വരന് തിളങ്ങാനായില്ല. സൗത്ത് സോണിനു വേണ്ടി മലയാളി താരം എം.ഡി. നിധീഷ്, മുഹമ്മദ് സിറാജ് ത്രിപുരാന വിജയ്, ഷെയ്ഖ് റഷീദ്, ചാമ മിലിന്ദ് എന്നിവർ ഓരോ വിക്കറ്റ് വീഴ്ത്തി.
കൂറ്റൻ ലീഡെടുത്തിട്ടും ഡിക്ലെയർ ചെയ്യാത്തതിനാൽ ഒന്നാം ഇന്നിങ്സിന്‍റെ ലീഡിന്‍റെ ബലത്തിൽ ഈസ്റ്റ് സോൺ കപ്പ് ഉയർത്താനാണ് സാധ‍്യത. അങ്ങനെയെങ്കിൽ മൂന്നാം തവണയും ഈസ്റ്റ് സോൺ ദുലീപ് ട്രോഫി കിരീടം സ്വന്തമാക്കും. നേരത്തെ 2011-12, 2012-13 സീസണിലാണ് ഈസ്റ്റ് സോൺ ദുലീപ് ട്രോഫി കിരീടം നേടിയിട്ടുള്ളത്.