ശേഷിക്കുന്ന ഐപിഎൽ മത്സരങ്ങൾ ഇംഗ്ലണ്ടിൽ നടത്താം; ബിസിസിഐയ്ക്ക് ഇസിബിയുടെ ഓഫർ
ന‍്യൂഡൽഹി: ഇന്ത‍്യ പാക് സംഘർഷം വർധിച്ചു വരുന്ന സാഹചര‍്യത്തിൽ ഒരാഴ്ചത്തേക്ക് മാറ്റിവച്ച ഐപിഎല്ലിലെ ശേഷിക്കുന്ന മത്സരങ്ങൾ ഇംഗ്ലണ്ടിൽ നടത്താമെന്ന് ഇംഗ്ലണ്ട് ആൻഡ് വെയിൽസ് ക്രിക്കറ്റ് ബോർഡ് (ഇസിബി) സന്നദ്ധത അറിയിച്ചതായി റിപ്പോർട്ട്.
ഇസിബി ഇക്കാര‍്യം ബിസിസിഐയെ അറിയിച്ചുവെന്നാണ് വിവരം. ഐപിഎൽ മത്സരങ്ങൾ ഒരാഴ്ചത്തേക്ക് മാറ്റിവച്ചതായി ബിസിസിഐ തീരുമാനിച്ച് മണിക്കൂറുകൾക്കു ശേഷമാണ് ഇസിബി ടൂർണമെന്‍റ് നടത്തിപ്പിന് സന്നദ്ധത അറിയിച്ചത്.
അതേസമയം, അതിർത്തിയിൽ സംഘർഷം രൂക്ഷമായ സാഹചര‍്യത്തിലാണ് ഐപിഎൽ മത്സരങ്ങൾ ഒരാഴ്ചത്തേക്ക് താത്കാലികമായി നിർത്തിവയ്ക്കാൻ ബിസിസിഐ തീരുമാനിച്ചത്.
ഇനി എന്ന് ഐപിഎൽ മത്സരങ്ങൾ പുനരാരംഭിക്കുമെന്ന ആശങ്ക നിലനിൽക്കുന്നു. ഇത് രണ്ടാം തവണയാണ് ടൂർണമെന്‍റിനിടെ മത്സരങ്ങൾ മാറ്റിവയ്ക്കുന്നത്. മുമ്പ് കൊവിഡ് മഹാമാരി പടർന്നു പിടിച്ച സാഹചര‍്യത്തിൽ മത്സരങ്ങൾ നിർത്തി വച്ചിരുന്നു.