അർധസെഞ്ചുറി നേടിയ ജോ റൂട്ടിന്‍റെ ആഹ്ലാദ പ്രകടനം
ബ്രിസ്ബെയ്ൻ: ഓസ്ട്രേലിയക്കെതിരായ രണ്ടാം ആഷസ് ടെസ്റ്റിൽ ഇംഗ്ലണ്ട് ഭേദപ്പെട്ട നിലയിൽ. ഒടുവിൽ വിവരം ലഭിക്കുമ്പോൾ 4 വിക്കറ്റ് നഷ്ടത്തിൽ 193 റൺസെന്ന നിലയിലാണ് ടീം. ഓപ്പണിങ് ബാറ്റർമാരായ സാക് ക്രോളി (76), ബെൻ ഡക്കറ്റ് (0), ഒല്ലി പോപ്പ് (0), ഹാരി ബ്രൂക്ക് (31) എന്നിവരുടെ വിക്കറ്റുകളാണ് ടീമിനു നഷ്ടമായത്.
67 റൺസുമായി ജോ റൂട്ടും 13 റൺസുമായി ക‍്യാപ്റ്റൻ ബെൻ സ്റ്റോക്സുമാണ് ക്രീസിൽ. ഓസ്ട്രേലിയക്കെതിരേ ഓസീസ് മണ്ണിൽ സെഞ്ചുറി നേടിയിട്ടില്ലെന്ന വിമർശനങ്ങൾക്ക് വ‍്യാഴാഴ്ചയോടെ തീരുമാനമായേക്കും. ഇനിയും ഓസ്ട്രേലിയയിൽ കന്നി സെഞ്ചുറിക്കായി ജോ റൂട്ടിന്‍റെ കാത്തിരിപ്പ് നീളുമോയെന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്.
ഓസ്ട്രേലിയക്കു വേണ്ടി മിച്ചൽ സ്റ്റാർക്ക് രണ്ടും മൈക്കൽ നെസർ ഒരു വിക്കറ്റും വീഴ്ത്തി. രണ്ടു മാറ്റങ്ങളുമായാണ് ഓസീസ് രണ്ടാം ടെസ്റ്റിനിറങ്ങിയിരിക്കുന്നത്. പരുക്കേറ്റ ഉസ്മാൻ ഖവാജയ്ക്കു പകരം ജോഷ് ഇംഗ്ലിസും മൈക്കൽ നെസറിനെയും ടീമിൽ ഉൾപ്പെടുത്തി. ഖവാജയ്ക്കു പകരം ട്രാവിസ് ഹെഡ് ഓപ്പണിങ്ങിറങ്ങിയേക്കുമെന്നാണ് റിപ്പോർട്ടുകൾ.
അങ്ങനെയെങ്കിൽ ജോഷ് ഇംഗ്ലിസ് മധ‍്യനിരയിൽ കളിക്കും. ആദ‍്യമായാണ് ജോഷ് ഇംഗ്ലിസ് ആഷസ് പരമ്പരയിൽ കളിക്കുന്നത്. അതേസമയം, ഇംഗ്ലണ്ട് ടീമിൽ ഒരു മാറ്റമാണുള്ളത്. പേസർ മാർക്ക് വുഡിനു പകരം വിൽ ജാക്സിനെയാണ് ടീമിലെടുത്തിരിക്കുന്നത്. ആദ‍്യ ടെസ്റ്റ് മത്സരം വിജയിച്ച ഓസീസാണ് നിലവിൽ പരമ്പരയിൽ മുന്നിൽ.