ലണ്ടന്‍: ആഷസ് ടെസ്റ്റ് പരമ്പരയിലെ രണ്ടാം ടെസ്റ്റിൽ ടോസ് നേടിയ ആതിഥേയരായ ഇംഗ്ലണ്ട് ഫീൽഡിങ് തെരഞ്ഞെടുത്തു. ക്രിക്കറ്റിന്റെ മക്കയായ ലോര്‍ഡ്സിലാണ് ഇംഗ്ലണ്ടും ഓസ്ട്രേലിയയും ഏറ്റുമുട്ടുന്നത്. ആവേശകരമായ ആദ്യടെസ്റ്റില്‍ ഇംഗ്ലണ്ടിനെ രണ്ട് വിക്കറ്റിനു പരാജയപ്പെടുത്തിയ ഓസ്ട്രേലിയ പരമ്പരയില്‍ 1-0 ലീഡ് നേടിയിരുന്നു.
രണ്ടാം ടെസ്റ്റിനുള്ള ഇലവനെ ഇംഗ്ലണ്ട് തെരഞ്ഞെടുത്തപ്പോൾ സ്പിന്നർമാരെയൊന്നും ഉൾപ്പെടുത്തിയിട്ടില്ല. ജോഷ് ടോങ്ങിനെ തിരിച്ചുവിളിച്ചതോടെ ക്യാപ്റ്റൻ ബെൻ സ്റ്റോക്സ് ഉൾപ്പെടെ നാല് ഫാസ്റ്റ് ബൗളര്‍മാരാണ് ടീമിൽ. ആദ്യടെസ്റ്റിനിടെ ആരോഗ്യ പ്രശ്നങ്ങളുണ്ടായ സ്പിൻ ഓൾറൗണ്ടർ മൊയീൻ അലിയെ ഒഴിവാക്കി. 25കാരനായ ടോങ് അയര്‍ലന്‍ഡിനെതിരേ നടന്ന ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്സില്‍ 66 റണ്‍സ് വഴങ്ങി അഞ്ചു വിക്കറ്റ് വീഴ്ത്തിയിരുന്നു. ഓലി റോബിന്‍സണ്‍, സ്റ്റുവര്‍ട്ട് ബ്രോഡ്, ജിമ്മി ആന്ഡേഴ്സണ് എന്നിവരാണു മറ്റു പേസർമാർ.
ഐപിഎല്ലിനിടെ പരിക്കേറ്റ മാർക്ക് വുഡിനെ ഉൾപ്പെടുത്തിയിട്ടില്ല. ഹെഡിങ്ലിയില്‍ നടക്കുന്ന മൂന്നാം ടെസ്റ്റിനു മുമ്പ് അദ്ദേഹം ഫിറ്റിനസ് കൈവരിക്കുമെന്ന് ഇംഗ്ലീഷ് നായകന് ബെന്‍ സറ്റോക്സ് പ്രത്യാശ പ്രകടിപ്പിച്ചു.
അതേസമയം, ആദ്യ ടെസ്റ്റിൽ മികച്ച പ്രകടനം നടത്തിയ പേസ് ബൗളർ സ്കോട്ട് ബോലാൻഡിനു പകരം മിച്ചൽ സ്റ്റാർക്കിനെ ഓസ്ട്രേലിയ തിരിച്ചുവിളിച്ചു. ടീമിൽ മറ്റു മാറ്റങ്ങളില്ല.
ടീമുകൾ
ഇംഗ്ലണ്ട്: ബെന്‍ ഡക്കറ്റ്, സാക് ക്രോളി, ഒല്ലി പോപ്പ്, ജോ റൂട്ട്, ഹാരി ബ്രൂക്ക്, ബെന്‍ സ്റ്റോക്സ് (ക്യാപ്റ്റൻ), ജോണി ബെയര്‍സ്റ്റോ (വിക്കറ്റ് കീപ്പർ), സ്റ്റുവര്‍ട്ട് ബ്രോഡ്, ഒലി റോബിന്‍സണ്‍, ജോഷ് ടോങ്, ജയിംസ് ആന്ഡേഴ്സണ്.
ഓസ്ട്രേലിയ: ഡേവിഡ് വാർനർ, ഉസ്മാൻ ഖവാജ, മാർനസ് ലബുഷെയ്ൻ, സ്റ്റീവൻ സ്മിത്ത്, ട്രാവിസ് ഹെഡ്, കാമറൂൺ ഗ്രീൻ, അലക്സ് കാരി (വീക്കറ്റ് കീപ്പർ), മിച്ചൽ സ്റ്റാർക്ക്, പാറ്റ് കമ്മിൻസ് (ക്യാപ്റ്റൻ), നേഥൻ ലിയോൺ, ജോഷ് ഹേസൽവുഡ്.
മുഖാമുഖം
ആഷസ് ടെസ്റ്റില്‍ ഇരുവരും 356 മത്സരങ്ങളിലാണ് ഏറ്റുമുട്ടിയിട്ടുള്ളത്. ഇതില്‍ 150 മത്സരങ്ങളില്‍ ഓസീസും 110 തവണ ഇംഗ്ലണ്ടും വിജയിച്ചു. 96 മത്സരങ്ങള്‍ സമനിലയില്‍ കലാശിച്ചു. ഓസ്ട്രേലിയയില്‍ നടന്ന കഴിഞ്ഞ ആഷസില്‍ 4-0ന് ഓസീസ് ജയിച്ചിരുന്നു.