മാത്യു ഫോർഡ്
ഫയൽ ഫോട്ടൊ
അന്താരാഷ്ട്ര ഏകദിന ക്രിക്കറ്റിലെ വേഗമേറിയ അർധ സെഞ്ചുറിയുടെ റെക്കോഡിനൊപ്പം വിൻഡീസിന്‍റെ യുവതാരം മാത്യു ഫോർഡ്. അയർലൻഡിനെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിൽ വെറും 16 പന്തിലാണ് ഫോർഡ് തന്‍റെ കന്നി അന്താരാഷ്ട്ര അർധ സെഞ്ചുറി പൂർത്തിയാക്കിയത്. ഇതോടെ ദക്ഷിണാഫ്രിക്കൻ താരം എ.ബി. ഡിവില്ലിയേഴ്സിന്‍റെ റെക്കോഡിന് ഒപ്പമെത്തുകയായിരുന്നു ഫോർഡ്.
വെസ്റ്റിൻഡീസുകാരന്‍റെ വേഗമേറിയ അർധ സെഞ്ചുറിയിൽ ക്രിസ് ഗെയ്ലിനെയും ഫോർഡ് മറികടന്നു. 19 പന്തിൽ 58 റൺസെടുത്ത് പുറത്തായ ഫോർഡിന്‍റെ ഇന്നിങ്സിൽ എട്ട് സിക്സറുകൾ ഉൾപ്പെടുന്നു, ഫോറുകൾ രണ്ടെണ്ണം മാത്രം. മീഡിയം പേസറായ മാത്യു ഫോർഡ് എട്ടാം നമ്പറിലാണ് ബാറ്റിങ്ങിനിറങ്ങിയത്.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത വിൻഡീസ് നിശ്ചിത 50 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 352 റൺസാണ് എടുത്തത്. ഫോർഡിനെ കൂടാതെ കീസി കാർട്ടി (102), ക്യാപ്റ്റൻ ഷായ് ഹോപ്പ് (49), ജസ്റ്റിൻ ഗ്രീവ്സ് (44*) എന്നിവരും മികച്ച പ്രകടനം പുറത്തെടുത്തു.