ലയണൽ മെസിയുടെ അഞ്ചെണ്ണം അടക്കം അർജന്‍റീനയുടെ പത്ത് ഷോട്ടുകളാണ് കേപ്പ് വെർദെ ഗോൾ കീപ്പർ വോസീന്യ സേവ് ചെയ്തത്.

 
FIFA World Cup

അർജന്‍റീനയെ വിറപ്പിച്ച് കേപ്പ് വെർദെ

അട്ടിമറി സാധ്യത അതിജീവിച്ച് അർജന്‍റീന; കേപ് വെർദെയെ എക്സ്ട്രാ ടൈമിൽ വീഴ്ത്തി! റെക്കോർഡുകൾ തകർത്ത് ലയണൽ മെസി

VK SANJU

സൗത്ത് ഫ്ലോറിഡ: ലോകകപ്പ് ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും വീര്യമേറിയ ദാവീദ്-ഗോലിയാത്ത് പോരാട്ടങ്ങളിലൊന്നിൽ നിലവിലുള്ള ചാംപ്യന്മാരായ അർജന്‍റീനയ്ക്ക് നാടകീയ വിജയം. കുഞ്ഞൻമാരെന്നു കരുതിയ ആഫ്രിക്കൻ ദ്വീപ് രാഷ്ട്രമായ കേപ് വെർദെ ഉയർത്തിയ അസാമാന്യ വെല്ലുവിളിയെ മറികടക്കാൻ അർജന്‍റീനയ്ക്ക് 120 മിനിറ്റും പന്തു തട്ടേണ്ടിവന്നു. 3-2 എന്ന സ്കോറിനാണ് ലയണൽ മെസിയും സംഘവും ലോകകപ്പിന്‍റെ പ്രീ-ക്വാർട്ടറിലേക്ക് (റൗണ്ട് ഓഫ് 16) ടിക്കറ്റെടുത്തത്.

നിശ്ചിത സമയത്ത് ഇരുടീമുകളും 1-1 സമനില പാലിച്ചതിനെത്തുടർന്ന് മത്സരം എക്സ്ട്രാ ടൈമിലേക്ക് നീളുകയായിരുന്നു. നായകൻ ലയണൽ മെസി, ലിസാൻഡ്രോ മാർട്ടിനെസ് എന്നിവർ അർജന്‍റീനയ്ക്കായി വലകുലുക്കിയപ്പോൾ ഒടുവിൽ പിറന്ന ഓൺ ഗോളാണ് കേപ്പ് വെർദെയുടെ പോരാട്ടം അവസാനിപ്പിച്ചത്. ഓസ്ട്രേലിയയെ ഷൂട്ടൗട്ടിൽ വീഴ്ത്തിയ ഈജിപ്റ്റാണ് പ്രീ-ക്വാർട്ടറിൽ അർജന്‍റീനയുടെ എതിരാളികൾ.

മെസിയുടെ ഇരുപതാം ലോകകപ്പ് ഗോൾ; റെക്കോഡ്

സൗത്ത് ഫ്ലോറിഡയിലെ അർജന്‍റീന അനുകൂലികളായ വൻ ജനക്കൂട്ടത്തെ സാക്ഷിയാക്കി പതിവ് ശൈലിയിലാണ് അർജന്‍റീന കളി തുടങ്ങിയത്. മത്സരത്തിന്‍റെ 29-ാം മിനിറ്റിൽ ലയണൽ മെസിയിലൂടെ തന്നെ ലീഡും നേടി.

മിഡ്ഫീൽഡിൽ നിന്ന് മാർട്ടിനെസ് ഉയർത്തി നൽകിയ പന്ത് സ്വീകരിച്ച് കേപ് വെർദെ പ്രതിരോധത്തിന്‍റെ കണ്ണ് വെട്ടിച്ച് മെസി ബോക്സിലേക്ക് കുതിച്ചു. ആദ്യ ടച്ചിൽ തന്നെ പന്ത് നിയന്ത്രണത്തിലാക്കിയ മെസി, കേപ് വെർദെയുടെ വെറ്ററൻ ഗോൾകീപ്പർ വോസീന്യയെ കാഴ്ചക്കാരനാക്കി പന്ത് ഗോൾവലയുടെ മുകൾത്തട്ടിലേക്ക് അടിച്ചുകയറ്റി.

ഈ ഗോളോടെ ലോകകപ്പ് ചരിത്രത്തിൽ തന്‍റെ ആകെ ഗോളുകളുടെ എണ്ണം 20 ആയി ഉയർത്താൻ മെസിക്കായി. ടൂർണമെന്‍റിലെ മെസിയുടെ ഏഴാമത്തെ ഗോളാണിത്. ഇതോടെ ഗോൾഡൻ ബൂട്ട് റേസിൽ ഫ്രാൻസിന്‍റെ കിലിയൻ എംബാപ്പെയെക്കാൾ (6 ഗോൾ) ഒരു ഗോൾ മുന്നിലെത്താനും മെസിക്ക് സാധിച്ചു. കൂടാതെ, തുടർച്ചയായ 8 ലോകകപ്പ് മത്സരങ്ങളിൽ ഗോൾ നേടുന്ന ആദ്യ താരമെന്ന റെക്കോഡും (തുടരെ 8 കളിയിൽ 12 ഗോൾ) മെസി സ്വന്തമാക്കി.

അർജന്‍റീനയെ ഞെട്ടിച്ച് കേപ് വെർദെയുടെ വൻ തിരിച്ചുവരവ്

ലോകകപ്പ് ചരിത്രത്തിൽ നോക്കൗട്ട് കളിക്കുന്ന ഏറ്റവും ചെറിയ രാജ്യം എന്ന ഖ്യാതിയിലേക്ക് കേപ്പ് വെർദെ എത്തുന്നത്, സ്പെയിൻ, ഉറുഗ്വെ, സൗദി അറേബ്യ എന്നിവരെ ഗ്രൂപ്പ് ഘട്ടത്തിൽ സമനിലയിൽ തളച്ചുകൊണ്ടാണ് എത്തിയത്. അർജന്‍റീനയ്ക്കെതിരേ അവരുടെ പോരാട്ടവീര്യം പതിന്മടങ്ങായെന്നു മാത്രമല്ല, ഒരു ഘട്ടത്തിൽ ചാംപ്യൻമാരെ മലർത്തിയടിക്കുമെന്നു പോലും തോന്നിച്ച ആക്രമണ പരമ്പരകൾ തന്നെ അവർ സംഘടിപ്പിച്ചു. മത്സര ശേഷം അർജന്‍റീന താരങ്ങൾ നടത്തിയ വിജയാഘോഷവും അവരുടെ മുഖങ്ങളിൽ വിടർന്ന ആശ്വാസവും ഇതിനു തെളിവ്.

മത്സരത്തിന്‍റെ രണ്ടാം പകുതിയിൽ അർജന്‍റീന പ്രതിരോധത്തിന്‍റെ പിഴവ് മുതലെടുത്ത് സിഡ്നി ലോപ്പസ് കബ്രാൾ നേടിയ ഗോൾ സ്റ്റേഡിയത്തെ നിശബ്ദമാക്കി. നിശ്ചിത സമയം 1-1 ന് അവസാനിച്ചതോടെ കളി എക്സ്ട്രാ ടൈമിലേക്ക് നീണ്ടു.

എക്സ്ട്രാ ടൈമിന്‍റെ ആദ്യ പകുതിയിൽ, കളിയുടെ 103-ാം മിനിറ്റിൽ ഡിഫെൻഡർ ലിസാൻഡ്രോ മാർട്ടിനെസ് അർജന്‍റീനയ്ക്ക് വീണ്ടും ലീഡ് സമ്മാനിച്ചു. എന്നാൽ വിട്ടുകൊടുക്കാൻ ഭാവമില്ലാതിരുന്ന കേപ് വെർദെ മിനിറ്റുകൾക്കകം ഡെറോയ് ഡുവാർട്ടെയിലൂടെ വീണ്ടും സമനില പിടിച്ചു. അർജന്‍റീന ക്യാംപ് അക്ഷരാർഥത്തിൽ അട്ടിമറി ഭീതിയിലായ നിമിഷങ്ങൾ.

വോസീന്യയുടെ കോട്ട തകർത്ത ആന്‍റി ക്ലൈമാക്സ്

കേപ് വെർദെയുടെ 40 വയസുകാരനായ ഇതിഹാസ ഗോൾകീപ്പർ വോസീന്യയുടെ അസാമാന്യ പ്രകടനമാണ് അർജന്‍റീനയെ കൂടുതൽ ഗോളുകൾ നേടുന്നതിൽ നിന്നു തടഞ്ഞത്. മെസിയുടെ അഞ്ച് ഉറച്ച ഗോളവസരങ്ങൾ ഉൾപ്പെടെ ആകെ 10 തകർപ്പൻ സേവുകളാണ് വോസീന്യ നടത്തിയത്. ഒടുവിൽ 111-ാം മിനിറ്റിൽ നിർഭാഗ്യത്തിന്‍റെ രൂപത്തിലാണ് അർജന്‍റീനയുടെ വിജയഗോൾ പിറന്നത്.

അർജന്‍റീനയ്ക്ക് അനുകൂലമായി ലഭിച്ച കോർണർ കിക്കിൽ ബോക്സിലേക്ക് ഉയർന്നുവന്ന പന്ത് ഡിഫെൻഡർ ക്രിസ്റ്റ്യൻ റൊമേറോ ശക്തമായ ഹെഡ്ഡറിലൂടെ ഗോൾവലയിലേക്ക് തിരിച്ചുവിട്ടു. എന്നാൽ, പന്ത് കേപ് വെർദെ താരം ഡിനി ബോർഗസിന്‍റെ ശരീരത്തിൽ തട്ടി ദിശമാറി ഗോളി വോസീന്യയെ പരാജയപ്പെടുത്തി വലയിൽ കയറുകയായിരുന്നു.

ഈ ഗോളോടെ കേപ് വെർദെയുടെ ഹൃദയം തകർന്നു. കളി അവസാനിക്കാൻ 9 മിനിറ്റുകൾ മാത്രം ബാക്കിനിൽക്കെ പ്രതിരോധം ശക്തമാക്കിയ അർജന്‍റീന വിജയം ഉറപ്പിച്ചു. തോറ്റെങ്കിലും നിലവിലുള്ള ലോക ചാംപ്യന്മാരെ വിറപ്പിച്ച പ്രകടനത്തോടെ തലയുയർത്തി, വലിയ കൈയടികളോടെയാണ് കേപ് വെർദെ സംഘം കളം വിട്ടത്. ജൂലൈ 7 ചൊവ്വാഴ്ച അറ്റ്ലാന്‍റയിൽ നടക്കുന്ന പ്രീ-ക്വാർട്ടർ പോരാട്ടത്തിൽ അർജന്‍റീന മുഹമ്മദ് സലാഹിന്‍റെ ഈജിപ്റ്റിനെ നേരിടും.

ഷൂട്ടൗട്ടിൽ നെഞ്ച് തകർന്ന് ഓസ്ട്രേലിയ; ഈജിപ്റ്റ് പ്രീ-ക്വാർട്ടറിൽ

ശബരിമല അന്നദാനത്തിലും തട്ടിപ്പ്?

ഇപിഎഫ് അക്കൗണ്ടുകളിൽ അവകാശികളില്ലാതെ 9,330 കോടി രൂപ!

സൗജന്യ യാത്ര: സ്വകാര്യ ബസ് മേഖലയുടെ ആശങ്ക പരിഹരിക്കാൻ റൂട്ട് മാപ്പിങ്

മുൻഗണനാ റേഷൻ കാർഡ് മാനദണ്ഡം മാറ്റും