ഫിഫ ലോകകപ്പ് 2026 ക്വാർട്ടർ ഫൈനലിൽ മൊറോക്കോക്കെതിരേ ആദ്യ ഗോൾ നേടിയ ഫ്രാൻസ് ക്യാപ്റ്റന്‍ കിലിയൻ എംബാപ്പെയുടെ ആഘോഷം.

 
FIFA World Cup

മൊറോക്കോയെ തകർത്ത് ഫ്രാൻസ് സെമിയിൽ; എംബാപ്പെക്ക് പരിക്ക് ഭീതി

കിലിയൻ എംബാപ്പെയും ഉസ്മാൻ ഡെംബെലെയും ഗോളുകളിൽ ഫ്രാൻസിന് വിജയം; മൊറോക്കോ പുറത്ത്, ഫ്രാൻസ് ആരാധകർക്ക് ആശങ്കയായി എംബാപ്പെയുടെ പരുക്ക്

Sports Desk

2026 ലോകകപ്പിലെ ആദ്യ ക്വാർട്ടർ ഫൈനലിൽ മൊറോക്കോയെ 2-0ന് തകർത്ത ഫ്രാൻസ് സെമിയിലേക്ക് കുതിച്ചു. പെനാൽറ്റി നഷ്ടപ്പെടുത്തിയെങ്കിലും കിലിയൻ എംബാപ്പെ അതുല്യ ഗോളിലൂടെ മുന്നേറ്റത്തിന് തുടക്കം കുറിച്ചു; പിന്നീട് അസിസ്റ്റ് നൽകി ഡെംബെലെയുടെ ഗോളും. അവസാന നിമിഷ പരിക്ക് ആശങ്കയുണ്ടാക്കിയെങ്കിലും ഗുരുതരമല്ലെന്ന് സൂചന. സ്പെയിൻ-ബെൽജിയം വിജയികളെയാണ് ഫ്രാൻസ് അടുത്ത് നേരിടുക.

2026 ഫിഫ ലോകകപ്പിന്‍റെ ആവേശകരമായ ആദ്യ ക്വാർട്ടർ ഫൈനലിൽ മൊറോക്കോയെ മറുപടിയില്ലാത്ത രണ്ട് ഗോളുകൾക്ക് തകർത്ത് നിലവിലുള്ള റണ്ണേഴ്സ് അപ്പായ ഫ്രാൻസ് സെമി ഫൈനലിലേക്ക് മുന്നേറി. ബോസ്റ്റണിലെ ജിലിറ്റ് സ്റ്റേഡിയത്തിൽ നടന്ന പോരാട്ടത്തിൽ സൂപ്പർ താരം കിലിയൻ എംബാപ്പെ, ഉസ്മാൻ ഡെംബെലെ എന്നിവരാണ് ഫ്രഞ്ച് പടയ്ക്കായി വലകുലുക്കിയത്. എന്നാൽ, മത്സരത്തിന്‍റെ അവസാന നിമിഷങ്ങളിൽ പരുക്കേറ്റ് എംബാപ്പെ കളം വിട്ടത് ഫ്രാൻസിന് നേരിയ ആശങ്കയുണ്ടാക്കുന്നുണ്ട്. സ്പെയിൻ - ബെൽജിയം മത്സരത്തിലെ വിജയികളെയാണ് സെമി ഫൈനലിൽ ഫ്രാൻസ് നേരിടുക.

മത്സരത്തിന്‍റെ തുടക്കം മുതൽ ഫ്രാൻസ് മികച്ച മുന്നേറ്റങ്ങളാണ് നടത്തിയത്. 21-ാം മിനിറ്റിൽ കിലിയൻ എംബാപ്പെയെ മൊറോക്കോ പ്രതിരോധ താരം നുസൈർ മസ്റാവി ബോക്സിനുള്ളിൽ ഫൗൾ ചെയ്തതിന് ഫ്രാൻസിന് അനുകൂലമായി റഫറി പെനാൽറ്റി വിധിച്ചു. ഫൗൾ നടന്ന് പെനാൽറ്റി കിക്ക് എടുക്കാൻ റഫറി ഫാക്കുണ്ടോ ടെല്ലോ (അർജന്‍റീന) അനുവാദം നൽകുന്നതിനായി നീണ്ട 3 മിനിറ്റും 10 സെക്കൻഡുമാണ് എംബാപ്പെയ്ക്ക് പന്തുമായി കാത്തുനിൽക്കേണ്ടി വന്നത്. ഈ വൈകിക്കൽ താരത്തിന്‍റെ ശ്രദ്ധ തിരിക്കാനാണെന്ന തരത്തിൽ ഗാലറിയിൽ പ്രതിഷേധം ഉയർന്നു. ഈജിപ്റ്റ് കോച്ച് ഹുസാം ഹസൻ മുൻപ് ആരോപിച്ച "അർജന്‍റീനൻ അനുകൂല അജൻഡ" ശരിവയ്ക്കുന്നതാണ് റഫറിയുടെ പെരുമാറ്റമെന്ന രീതിയിൽ കടുത്ത വിമർശനങ്ങളാണ് സോഷ്യൽ മീഡിയയിൽ ഉയരുന്നത്.

ഒടുവിൽ എംബാപ്പെയുടെ ദുർബലമായ കിക്ക് മൊറോക്കൻ ഗോളി യാസിൻ ബോണോ മനോഹരമായി തടുക്കുകയും ചെയ്തു. ലോകകപ്പ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ പെനാൽറ്റി സേവുകൾ (ഷൂട്ട് ഔട്ട് ഉൾപ്പെടെ 4 എണ്ണം) നടത്തുന്ന ഗോൾകീപ്പർ എന്ന റെക്കോർഡും ഇതോടെ ബോണോ സ്വന്തമാക്കി.

പെനാൽറ്റി നഷ്ടപ്പെടുത്തിയതിന്‍റെ നിരാശ 60-ാം മിനിറ്റിൽ ഒരു ലോകോത്തര ഗോളിലൂടെ എംബാപ്പെ തീർത്തു. ബോക്സിന്‍റെ ഇടതുഭാഗത്തുനിന്നു മൊറോക്കൻ പ്രതിരോധത്തെ കാഴ്ചക്കാരാക്കി താരം തൊടുത്ത മനോഹരമായ കേളിങ് ഷോട്ട് ഗോളി ബോണോയെ മറികടന്ന് വലയുടെ ടോപ്പ് കോർണറിൽ പതിക്കുകയായിരുന്നു (1-0). ഈ ഗോളോടെ ടൂർണമെന്‍റിൽ 8 ഗോളുകൾ തികച്ച എംബാപ്പെ, ഗോൾഡൻ ബൂട്ട് റേസിൽ അർജന്‍റീനയുടെ ലയണൽ മെസ്സിക്കൊപ്പമെത്തി.

ആദ്യ ഗോളിന്‍റെ ആവേശം അടങ്ങും മുൻപ് 66-ാം മിനിറ്റിൽ ഫ്രാൻസ് അടുത്ത പ്രഹരമേൽപ്പിച്ചു. എംബാപ്പെയുടെ മികച്ചൊരു അസിസ്റ്റിൽ നിന്ന് ഉസ്മാൻ ഡെംബെലെ ബോക്സിന്‍റെ താഴത്തെ കോർണറിലേക്ക് പന്ത് അടിച്ചുകയറ്റി ഫ്രാൻസിന്‍റെ വിജയം ഉറപ്പിച്ചു (2-0).

സൂപ്പർ താരം ഇസ്മായിൽ സൈബാരി പരിക്കേറ്റ് പുറത്തായതോടെ മുന്നേറ്റനിരയിൽ മൂർച്ചയില്ലാതെയാണ് മൊറോക്കോ കളിച്ചത്. ആദ്യ മത്സരങ്ങളിൽ ബ്രസീലിനെ വരെ അമ്പരപ്പിച്ച മൊറോക്കോയ്ക്ക് ഫ്രഞ്ച് പ്രതിരോധത്തിന് മുന്നിൽ ഒരു ഗോൾ അവസരം പോലും സൃഷ്ടിക്കാൻ സാധിച്ചില്ല.

മത്സരത്തിന്‍റെ അവസാന ഘട്ടത്തിൽ പരുക്കേറ്റ് എംബാപ്പെ നിലത്തിരിക്കുകയും തുടർന്ന് സബ്സ്റ്റിറ്റ്യൂട്ട് ചെയ്യപ്പെടുകയും ചെയ്തു. എന്നാൽ, പരുക്ക് ഗുരുതരമല്ലെന്നും സെമി ഫൈനലിൽ താരം കളിക്കുമെന്നുമാണ് ക്യാംപിൽ നിന്നുള്ള പ്രാഥമിക വിവരം. തിളക്കമാർന്ന പ്രകടനത്തോടെ കിലിയൻ എംബാപ്പെ തന്നെയാണ് മത്സരത്തിലെ മികച്ച താരമായി തെരഞ്ഞെടുക്കപ്പെട്ടത്.

ഫ്രാൻസ് പരിശീലകൻ ദിദിയർ ദെഷാംപ്സ് പരിശീലകനെന്ന നിലയിൽ തന്‍റെ 20-ാം ലോകകപ്പ് വിജയമാണ് കുറിച്ചത്. ലോകകപ്പ് ചരിത്രത്തിൽ 20 മത്സരങ്ങൾ ജയിക്കുന്ന ആദ്യ മാനേജറാണ് അദ്ദേഹം. കൂടാതെ ഏറ്റവും കൂടുതൽ ലോകകപ്പ് മത്സരങ്ങളിൽ (25 എണ്ണം) ടീമിനെ നയിച്ച ഹെൽമുട്ട് ഷോണിന്‍റെ റെക്കോർഡിനൊപ്പവും ദെഷാംപ്സ് എത്തി.

"കേന്ദ്രം വാക്ക് പാലിച്ചില്ല, ക്ഷമയെ ദൗർബല്യമായി കാണരുത്"; സിജെപി വീണ്ടും സമരത്തിലേക്ക്

ഡോ. റാമിനെ അറസ്റ്റു ചെയ്തതിൽ വീഴ്ച വരുത്തി: ഹൈക്കോടതി വിമർശനത്തിനു പിന്നാലെ DYSP സുധീർ കല്ലന് സസ്പെൻഷൻ

ഭൂതത്താൻകെട്ടിന്റെ സൗന്ദര്യം ഇനി ഉയരത്തിൽ നിന്ന് ആസ്വദിക്കാം; പത്ത് വർഷത്തിനുശേഷം വാച്ച് ടവർ തുറന്നു

ഓണത്തിനു മുന്നേ 'ഫിറ്റ്', മൂന്നു ദിവസത്തിൽ ബെവ്കോ വിറ്റത് 279 കോടിയുടെ മദ്യം

ജനനേന്ദ്രിയത്തിൽ പിടിച്ച് ഞെരിച്ചു, ഒന്നര മണിക്കൂർ ക്രൂരമായി മർദിച്ചു; ശാസ്താംകോട്ട പൊലീസിനെതിരേ പരാതി നൽകി 23കാരൻ