ഫിഫയിലും മോഷണം; ഇംഗ്ലണ്ട് ടീമിന്‍റെ പന്തുകളും ബൂട്ടുകളും കള്ളന്മാർ കൊണ്ടു പോയി
കൻസാസ് സിറ്റി: ലോകകപ്പ് ഫുട്ബോളിൽ കളത്തിലിറങ്ങാൻ തയാറെടുക്കുകയാണ് മുൻ ചാംപ്യൻ ഇംഗ്ലണ്ട്. പക്ഷേ, പരിശീലനത്തിരക്കിനിടെ ഇംഗ്ലിഷ് ടീമിനെ കാത്തിരുന്നത് അപ്രതീക്ഷിത തിരിച്ചടി. ഇംഗ്ലണ്ട് ടീം ക്യാംപിൽ നിന്ന് ബൂട്ടുകളും പന്തുകളുമടക്കം നിരവധി വസ്തുക്കൾ മോഷണം പോയെന്നാണ് റിപ്പോർട്ട്. 18നു ക്രൊയേഷ്യയ്ക്കെതിരെയാണ് ഇംഗ്ലണ്ടിന്‍റെ ആദ്യ മത്സരം. ടൂർണമെന്‍റിന് മുന്നോടിയായി ഫ്ളോറിഡയിലാണ് ഇംഗ്ലണ്ട് ടീം ക്യാംപ് ചെയ്തിരുന്നത്. അവിടെ നിന്ന് കൻസാസ് സിറ്റിയിലെ പരിശീലന ക്യാംപിലേക്ക് മാറുന്നതിനിടെയാണ് ഇംഗ്ലിഷ് താരങ്ങൾക്ക് വിലപ്പെട്ട വസ്തുക്കൾ നഷ്ടപ്പെട്ടത്. കളിക്കാരുടെ ബൂട്ടുകൾക്കും പന്തുകൾക്കും പുറമെ പരിശീലന സാമഗ്രികളും കവർച്ച ചെയ്യപ്പെട്ടവയിൽപ്പെടുന്നു.
കോച്ചിങ് സ്റ്റാഫിന്‍റെ തന്ത്രങ്ങൾ രേഖപ്പെടുത്തിയ വൈറ്റ്ബോർഡുകൾ, വിശകലന ഉപകരണങ്ങൾ, മസാജ് ടേബിളുകൾ എന്നിവയും മോഷണം പോയി. ക്യാപ്റ്റൻ ഹാരി കെയ്ൻ, ജൂഡ് ബെല്ലിങാം തുടങ്ങിയവർക്കായി പ്രത്യേകം രൂപകൽപ്പന ചെയ്ത മാച്ച് ബൂട്ടുകളും മോഷ്ടാക്കൾ കൊണ്ടുപോയിട്ടുണ്ട്.
ഇവയെല്ലാം വാഹനത്തിൽ നിന്നു മോഷ്ടിച്ചതായാണ് വിവരം. സംഭവത്തിൽ അന്വേഷണം ആരംഭിച്ച കൻസാസ് സിറ്റി പൊലീസ് സംശയമുള്ള രണ്ടുപേരെ കസ്റ്റഡിയിലെടുത്തു. നഷ്ടപ്പെട്ട സാധനങ്ങൾ വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ് ഇംഗ്ലിഷ് ടീം മാനെജ്മെന്‍റ്. ടീമിനായി പുതിയ ബൂട്ടുകളും പന്തുകളും യൂറോപ്പിൽ നിന്ന് അടിയന്തരമായി വിമാനമാർഗം എത്തിക്കാൻ സ്പോൺസർമാരായ നൈക്കിയും എഫ്എയും ശ്രമിക്കുന്നുണ്ട്.