ചെക്ക് റിപ്പബ്ലിക്കിനെതിരേ പൊരുതി നേടിയ സമനിലയ്ക്കു ശേഷം ദക്ഷിണാഫ്രിക്കൻ താരങ്ങളുടെ ആഹ്ളാദ പ്രകടനം.

 
FIFA World Cup

ലാസ്റ്റ് മിനിറ്റ് പെനാൽറ്റിയിൽ ചെക്ക് റിപ്പബ്ലിക്കിനെ തളച്ച് ദക്ഷിണാഫ്രിക്ക

മിഷേൽ സാഡിലക് നേടിയ അതിവേഗ ഗോളിന് ശേഷം തെബോഹോ മൊകോയേനയുടെ പെനാൽറ്റിയിലൂടെ ദക്ഷിണാഫ്രിക്ക സമനില ഉറപ്പിച്ചു

Sports Desk

അറ്റ്ലാന്‍റ: കനത്ത പോരാട്ടത്തിനൊടുവിൽ മത്സരത്തിന്‍റെ അവസാന മിനിറ്റുകളിൽ നേടിയ പെനാൽറ്റി ഗോളിന്‍റെ കരുത്തിൽ ചെക്ക് റിപ്പബ്ലിക്കിനെ സമനിലയിൽ തളച്ച് ദക്ഷിണാഫ്രിക്ക. അറ്റ്ലാന്‍റ സ്റ്റേഡിത്തിൽ നടന്ന ഗ്രൂപ്പ് എയിലെ മത്സരത്തിൽ ഇരു ടീമുകളും ഓരോ ഗോൾ നേടി സമനിലയിൽ (1-1) പിരിയുകയായിരുന്നു.

ചെക്ക് റിപ്പബ്ലിക്കിനായി മിഷേൽ സാഡിലക് കളിയിലെ ആദ്യ ഗോൾ നേടിയപ്പോൾ, തെബോഹോ മൊകോയേനയാണ് പെനാൽറ്റിയിലൂടെ ദക്ഷിണാഫ്രിക്കയുടെ സമനില ഗോൾ കണ്ടെത്തിയത്.

മത്സരത്തിന് മുൻപ് ചെക്ക് പരിശീലകൻ മിറോസ്ലാവ് കൗബെക് തന്‍റെ കളിക്കാരോട് ആവശ്യപ്പെട്ടിരുന്നത് മികച്ച തുടക്കം വേണമെന്നായിരുന്നു. പരിശീലകന്‍റെ വാക്കുകൾ അന്വർഥമാക്കുന്ന തുടക്കമാണ് ചെക്ക് പട പുറത്തെടുത്തത്. കളി തുടങ്ങി ആറാം മിനിറ്റിൽ തന്നെ (കൃത്യമായി പറഞ്ഞാൽ 5 മിനിറ്റും 8 സെക്കൻഡും) ചെക്യ മത്സരത്തിൽ മുന്നിലെത്തി.

ആദം ഹ്ലോസെക് വലതുഭാഗത്തുനിന്ന് നൽകിയ ക്രോസ് സ്വീകരിച്ച അലക്സാണ്ടർ സോജ്ക, ഒട്ടും സമയം കളയാതെ നൽകിയ ഫസ്റ്റ്-ടൈം പാസ് മിഷേൽ സാഡിലകിന് കൈമാറി. പന്ത് സ്വീകരിച്ച സാഡിലക് ദക്ഷിണാഫ്രിക്കൻ ഗോളി റോൺവെൻ വില്യംസിനെ മറികടന്ന് പന്ത് വലയിലേക്ക് അടിച്ചുകയറ്റുകയായിരുന്നു (1-0). ഈ ലോകകപ്പിലെ തന്നെ ഏറ്റവും അതിവേഗ ഗോൾ എന്ന റെക്കോർഡും ഇതോടെ സാഡിലക് സ്വന്തമാക്കി. (കുറസാവോയ്‌ക്കെതിരേ ജർമനിയുടെ ഫെലിക്‌സ് ന്മേച്ച നേടിയ ഗോളിനേക്കാൾ എട്ട് സെക്കൻഡ് മുൻപാണ് സാഡിലക് ലക്ഷ്യം കണ്ടത്).

പ്രതിരോധക്കോട്ട കെട്ടി ചെക്ക്; മൊഫോകെങ്ങിന്‍റെ വരവ്

ആദ്യ പകുതിയിൽ ലീഡ് നിലനിർത്തിയ ചെക്ക് ടീം രണ്ടാം പകുതിയിലും കളി നിയന്ത്രിക്കാൻ ശ്രമിച്ചു. എന്നാൽ, രണ്ടാം പകുതിയിൽ ദക്ഷിണാഫ്രിക്കൻ പരിശീലകൻ ഹ്യൂഗോ ബ്രൂസ് വരുത്തിയ മാറ്റം കളിയിലെ വഴിത്തിരിവായി. 21 വയസ്സുകാരനായ യുവ പ്രതിഭ റെലെബോഹിലെ മൊഫോകെങ്ങിനെ അദ്ദേഹം കളത്തിലിറക്കി. മത്സരത്തിൽ തന്‍റെ കളി മികവ് പുറത്തെടുത്ത മൊഫോകെങ് പലതവണ ചെക്ക് ബോക്സിനെ വിറപ്പിച്ചു.

എങ്കിലും, ലാഡിസ്ലാവ് ക്രെജ്സിയുടെ നേതൃത്വത്തിലുള്ള ചെക്യൻ പ്രതിരോധ നിര ഉറച്ചുനിന്നതോടെ ദക്ഷിണാഫ്രിക്കയുടെ സമനില ശ്രമങ്ങൾ പരാജയപ്പെടുകയായിരുന്നു. മികച്ച പ്രകടനം പുറത്തെടുത്ത ലാഡിസ്ലാവ് ക്രെജ്സി തന്നെയാണ് മത്സരത്തിലെ 'പ്ലെയർ ഓഫ് ദി മാച്ച്' ആയി തെരഞ്ഞെടുക്കപ്പെട്ടതും.

വിധി മാറ്റിയെഴുതിയ പെനാൽറ്റി

ചെക്ക് പ്രതിരോധം വിജയം ഉറപ്പിച്ചിരിക്കെയാണ് 83-ാം മിനിറ്റിൽ മത്സരത്തിന്‍റെ വിധി മാറ്റിയ ആ നിമിഷം പിറന്നത്. ചെക്ക് താരം പവൽ സുൽക്കിന്‍റെ കൈയിൽ പന്ത് തട്ടിയതിന് ദക്ഷിണാഫ്രിക്കയ്ക്ക് അനുകൂലമായി റഫറി പെനാൽറ്റി വിധിച്ചു.

സമ്മർദ ഘട്ടത്തിൽ കിക്ക് എടുക്കാനെത്തിയ ദക്ഷിണാഫ്രിക്കയുടെ തെബോഹോ മൊകോയേനയ്ക്ക് ഒട്ടും പിഴച്ചില്ല. ചെക്ക് ഗോൾകീപ്പർ മാറ്റെജ് കോവാറിനെ പാടെ പറ്റിച്ചുകൊണ്ട് മൊകോയേന പന്ത് വലയിലെത്തിച്ചു (1-1). അവസാന മിനിറ്റുകളിൽ ഇരു ടീമുകളും വിജയ ഗോളിനായി ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല.

ബഫാന ബഫാന

തന്‍റെ ടീമിനെക്കുറിച്ച് വലിയ അഭിമാനമുണ്ടെന്ന് ദക്ഷിണാഫ്രിക്കൻ പരിശീലകൻ ഹ്യൂഗോ ബ്രൂസ് മത്സരശേഷം പറഞ്ഞു.

''ഇതാണ് 'ബഫാന ബഫാന'; ഞങ്ങൾ മികച്ച ഫുട്ബോൾ ഇഷ്ടപ്പെടുന്നു, ആക്രമിച്ചു കളിക്കുന്നു, അവസരങ്ങൾ സൃഷ്ടിക്കുന്നു. അതെ, ഞങ്ങൾക്കും ചില പിഴവുകൾ പറ്റി, എങ്കിലും ഇന്നത്തെ പ്രകടനത്തിൽ ഞാൻ സന്തുഷ്ടനാണ്. ശാരീരികക്ഷമതയിലും ഉയരത്തിലും ഏറെ മുന്നിലുള്ള കരുത്തരായ ചെക്യക്കെതിരേ ഞങ്ങൾ മികച്ച രീതിയിലാണ് പൊരുതിയത്. മത്സരം സമനിലയിലായത് നേരിയ നിരാശ നൽകുന്നുണ്ട്. ഇനി ദക്ഷിണ കൊറിയക്കെതിരേയുള്ള മത്സരം ജയിക്കുക മാത്രമാണ് ലക്ഷ്യം. അത് കഠിനമായിരിക്കും, എങ്കിലും ഇതേ മാനസികാവസ്ഥയോടെ കളിച്ചാൽ വിജയം സാധ്യമാണ്.''

മത്സരഫലത്തിൽ നിരാശരാണെന്ന് ചെക്ക് പരിശീലകൻ മിറോസ്ലോവ് കൗബെക് പറഞ്ഞു. മത്സരത്തിൽ ലഭിച്ച അവസരങ്ങൾ വെച്ചു നോക്കുമ്പോൾ ജയത്തോട് കൂടുതൽ അടുത്തുനിന്നത് തന്‍റെ ടീമായിരുന്നു എന്നും അദ്ദേഹം അവകാശപ്പെട്ടു. എന്നാൽ, വരുത്തിയ ഒരു പിഴവിന് ഞങ്ങൾക്ക് വലിയ വില നൽകേണ്ടി വന്നു. എങ്കിലും രണ്ടാം പകുതിയിൽ ഞങ്ങൾ കൂടുതൽ മികച്ച രീതിയിലാണ് കളിച്ചത്- കൗബെക് കൂട്ടിച്ചേർത്തു.

വീണ വിജയന്‍റെ ബാങ്ക് ലോക്കറിൽ ഇഡിയുടെ പരിശോധന; മാസപ്പടി കേസിൽ നിർണായക നീക്കം

മീൻ വില കുതിക്കുന്നു; മത്തിയും അയലയും ഈ സീസണിലെ ഏറ്റവും ഉയർന്ന നിരക്കിൽ

വിഡിഎസ് സർക്കാരിന്‍റെ കന്നി ബജറ്റിൽ ഇലക്ട്രിക് വാഹനങ്ങൾക്ക് നികുതി ഇളവ്; വാഹനപ്രേമികൾക്ക് ആശ്വാസം

കൊച്ചിയില്‍ 100 കോടിയുടെ ഫിലിം സിറ്റി, തൃശൂരില്‍ ജോണ്‍സണ്‍ മാസ്റ്റര്‍ മ്യൂസിക് അക്കാദമി

സംസ്ഥാനത്ത് സ്വർണവിലയിൽ വൻ ഇടിവ്; പവൻ വിലയിൽ 2,000 ത്തിലധികം രൂപ കുറഞ്ഞു