ദക്ഷിണാഫ്രിക്കയുടെ വിജയഗോളിന് ഉടമ, തപേലോ മസേകോ.
മോണ്ടെറെ (മെക്സിക്കോ): ഫിഫ ലോകകപ്പിൽ തങ്ങളുടെ ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും സുവർണ അധ്യായം എഴുതിച്ചേർത്ത് ദക്ഷിണാഫ്രിക്ക. ഗ്രൂപ്പ് എയിലെ നിർണായകമായ ജീവൻമരണ പോരാട്ടത്തിൽ ഏഷ്യൻ കരുത്തരായ ദക്ഷിണ കൊറിയയെ ഏകപക്ഷീയമായ ഒരു ഗോളിന് (1-0) അട്ടിമറിച്ച് ദക്ഷിണാഫ്രിക്ക ചരിത്രത്തിലാദ്യമായി ലോകകപ്പിന്‍റെ നോക്കൗട്ട് (റൗണ്ട് ഓഫ് 32) ഘട്ടത്തിലേക്ക് യോഗ്യത നേടി.
രണ്ടാം പകുതിയിൽ വിങ്ങർ താപെലോ മാസെകോ (Thapelo Maseko) നേടിയ കണ്ണഞ്ചിപ്പിക്കുന്ന ഗോളാണ് ദക്ഷിണാഫ്രിക്കയ്ക്ക് ചരിത്രവിജയം സമ്മാനിച്ചത്. തോൽവിയോടെ ദക്ഷിണ കൊറിയയുടെ അടുത്ത റൗണ്ട് പ്രതീക്ഷകൾ കടുത്ത അനിശ്ചിതത്വത്തിലായി.
മത്സരത്തിൽ സമനില നേടിയാൽ പോലും കൊറിയയ്ക്ക് അടുത്ത റൗണ്ടിലേക്ക് എത്താമായിരുന്നതിനാൽ പ്രതിരോധത്തിലൂന്നിയാണ് അവർ കളിച്ചത്. എന്നാൽ, മോണ്ടെറെ സ്റ്റേഡിയത്തിൽ കൊറിയൻ ആരാധകരെ സാക്ഷിയാക്കി ദക്ഷിണാഫ്രിക്ക തുടക്കം മുതൽ മികച്ച ആക്രമണങ്ങൾ അഴിച്ചുവിട്ടു.
മത്സരത്തിന്‍റെ തുടക്കത്തിൽ മാസെകോ നടത്തിയ ഒരു മിന്നൽ മുന്നേറ്റം കൊറിയൻ ഡിഫെൻഡർ ലീ ജിഹ്യൂക്ക് അവസാന നിമിഷമാണ് തടഞ്ഞത്. തുടർന്ന് ദക്ഷിണാഫ്രിക്കയുടെ താലെന്‍റെ എംബാത്തയുടെ ലോങ് റേഞ്ചറും എവിഡൻസ് മക്ഗോപയുടെ ക്ലോസ് റേഞ്ച് ഹെഡ്ഡറും കൊറിയൻ കീപ്പർ കിം സങ്ഗ്യു അതിസാഹസികമായി തട്ടിയകറ്റിയതോടെയാണ് ഒന്നാം പകുതി ഗോൾരഹിതമായി അവസാനിച്ചത്.
രണ്ടാം പകുതിയിൽ കളി കൈവിട്ടുപോകുമെന്ന് ഭയന്ന കൊറിയൻ പരിശീലകൻ ഹോങ് മ്യുങ്ബോ തങ്ങളുടെ സൂപ്പർ താരം സൺ ഹെയുങ് മിൻ ഉൾപ്പെടെ മൂന്ന് മാറ്റങ്ങളോടെ ആക്രമണം ശക്തമാക്കി. കൊറിയൻ പട ദക്ഷിണാഫ്രിക്കൻ ബോക്സിലേക്ക് ഇരച്ചുകയറുന്നതിനിടെയാണ് കളിയിലെ താരമായ മാസെകോയുടെ വിന്നിങ് ഗോൾ പിറന്നത്.
കളിയുടെ ഗതിക്ക് വിപരീതമായി 63-ാം മിനിറ്റിൽ ഗോൾ വീണു. ദക്ഷിണാഫ്രിക്ക നടത്തിയ ഒരു പ്രത്യാക്രമണത്തിനൊടുവിൽ പകരക്കാരൻ താരം തേഷ്പാങ് മൊറെമി ഇടതുവിങ്ങിൽ നിന്നു പന്തുമായി കുതിച്ച് കൊറിയൻ ഡിഫെൻഡറെ വെട്ടിയൊഴിഞ്ഞ് ബോക്സിന് മുന്നിലേക്ക് ഒരു മനോഹരമായ പാസ് നൽകി. പന്ത് സ്വീകരിച്ച താപെലോ മാസെകോപന്ത് ഇടംകാലിലേക്ക് പാകപ്പെടുത്തി നിയർ പോസ്റ്റിലേക്ക് തൊടുത്ത തകർപ്പൻ ഷോട്ട് കൊറിയൻ കീപ്പറെയും പ്രതിരോധത്തെയും കീഴ്പ്പെടുത്തി വലയിൽ ചെന്നുപതിച്ചു.
ഗോൾ വഴങ്ങിയതോടെ സമനിലയ്ക്കായി കൊറിയൻ താരം സൺ ഹെയുങ് മിന്നിന്‍റെ നേതൃത്വത്തിൽ കനത്ത ആക്രമണം അഴിച്ചുവിട്ടെങ്കിലും ദക്ഷിണാഫ്രിക്കൻ കോച്ച് ഹ്യൂഗോ ബ്രൂസിന്‍റെ തന്ത്രപരമായ പ്രതിരോധ കോട്ട തകർക്കാൻ ഏഷ്യൻ പുലികൾക്കായില്ല.
ഈ ഗോളോടെ ലോകകപ്പ് ചരിത്രത്തിൽ ദക്ഷിണാഫ്രിക്കയ്ക്കായി ഗോൾ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ രണ്ടാമത്തെ താരമായി മാസെകോ മാറി (22 വയസ്സും 225 ദിവസവും). മൻസെകോ തന്നെയാണ് പ്ലെയർ ഒഫ് ദ മാച്ച്.
ഗ്രൂപ്പ് എയിലെ രണ്ടാം സ്ഥാനക്കാരായി മാറിയ ദക്ഷിണാഫ്രിക്ക ജൂൺ 28-ന് ലോസ് ആഞ്ചലസിൽ വെച്ച് നടക്കുന്ന പ്രീ ക്വാർട്ടർ പോരാട്ടത്തിൽ ഗ്രൂപ്പ് ബിയിലെ റണ്ണേഴ്സ് അപ്പായ ക്യാനഡയെ നേരിടും.