സ്വിറ്റ്സർലൻഡിന്‍റെ യുവതാരം ജോഹാൻ മാൻസാംബി.
വാൻകൂവർ: ഫിഫ ലോകകപ്പിലെ ഗ്രൂപ്പ് ബി പോരാട്ടത്തിൽ ആതിഥേയരായ ക്യാനഡയെ ഒന്നിനെതിരേ രണ്ട് ഗോളുകൾക്ക് (2-1) തകർത്ത് സ്വിറ്റ്സർലൻഡ് ഗ്രൂപ്പ് ചാംപ്യന്മാരായി നോക്കൗട്ടിലേക്ക് (റൗണ്ട് ഓഫ് 32) യോഗ്യത നേടി. വാൻകൂവറിലെ ബിസി പ്ലേസ് സ്റ്റേഡിയത്തിൽ നടന്ന ആവേശപ്പോരാട്ടത്തിൽ രണ്ടാം പകുതിയിൽ യുവാൻ വർഗാസ്, ജോഹാൻ മാൻസാംബി എന്നിവർ നേടിയ ഗോളുകളാണ് സ്വിസ് പടയ്ക്ക് വിജയം സമ്മാനിച്ചത്.
തോൽവി വഴങ്ങേണ്ടി വന്നെങ്കിലും, ഗ്രൂപ്പിൽ രണ്ടാം സ്ഥാനക്കാരായി ക്യാനഡയും തങ്ങളുടെ ലോകകപ്പ് ചരിത്രത്തിൽ ആദ്യമായി നോക്കൗട്ട് റൗണ്ടിലേക്ക് യോഗ്യത നേടി.
മത്സരത്തിന്‍റെ 11-ാം മിനിറ്റിൽ തന്നെ സ്വിറ്റ്സർലൻഡ് ലീഡെടുക്കേണ്ടതായിരുന്നു. റിക്കാർഡോ റോഡ്രിഗസ് നൽകിയ പാസുമായി കുതിച്ച ബ്രീൽ എംബോളോയുടെ ഷോട്ട് ക്യാനഡ കീപ്പർ മാക്സിം ക്രെപ്പോ തടഞ്ഞു. റീബൗണ്ടിൽ നിന്നും യുവതാരം ജോഹാൻ മാൻസാംബി തൊടുത്ത ഷോട്ട് കനേഡിയൻ ഡിഫെൻഡർ ഡെറക് കോർണേലിയസ് അതിസാഹസികമായാണ് ബ്ലോക്ക് ചെയ്തത്. ക്യാനഡയ്ക്കായി കെയ്ൽ ലാറിനും അലി അഹമ്മദും ചില ലോങ് ഷോട്ടുകൾ ഉതിർത്തതൊഴിച്ചാൽ സ്വിസ് കീപ്പർ ഗ്രെഗർ കോബെലിനെ പരീക്ഷിക്കാൻ അവർക്ക് കഴിഞ്ഞില്ല.
എന്നാൽ, രണ്ടാം പകുതി തുടങ്ങി വെറും 39 സെക്കന്‍റുകൾക്കുള്ളിൽസ്വിറ്റ്സർലൻഡ് ക്യാനഡയെ ഞെട്ടിച്ചു. 46-ാം മിനിറ്റിൽ വലത് വിങ്ങിൽ നിന്നു ജോഹാൻ മാൻസാംബി നൽകിയ മനോഹരമായ ലോ ക്രോസ് സ്വീകരിച്ച് ബാക്ക്-പോസ്റ്റിൽ ഒഴിഞ്ഞുനിന്ന യുവാൻ വർഗാസ് പന്ത് അനായാസം വലയുടെ താഴത്തെ മൂലയിലേക്ക് അടിച്ചുകയറ്റി.
57-ാം മിനിറ്റിൽ ഇരുപതു വയസുകാരൻ ജോഹാൻ മാൻസാംബിയുടെ ഊഴമായിരുന്നു. ബോക്സിനുള്ളിലേക്ക് കുതിച്ചുകയറി താരം തൊടുത്ത ലോ ഗ്രൗണ്ട് ഷോട്ട് ക്യാനഡ കീപ്പർ ക്രെപ്പോയുടെ കൈകൾക്കിടയിലൂടെ വലയിൽ പതിച്ചു. ഈ ലോകകപ്പിൽ മാൻസാംബിയുടെ മൂന്നാം ഗോളായിരുന്നു ഇത്.
രണ്ട് ഗോൾ വഴങ്ങിയെങ്കിലും തളരാതെ ക്യാനഡ പ്രത്യാക്രമണം ശക്തമാക്കി. 74-ാം മിനിറ്റിൽ പകരക്കാരനായി കളത്തിലിറങ്ങിയ പ്രോമിസ് ഡേവിഡ് ലക്ഷ്യം കാണുകയും ചെയ്തു. 76-ാം മിനിറ്റിൽ തന്‍റെ ആദ്യ ടച്ചിൽ തന്നെ ഒരു തകർപ്പൻ വോളിയിലൂടെ പ്രോമിസ് ഡേവിഡ് ക്യാനഡയ്ക്കായി ഒരു ഗോൾ മടക്കി.
തുടർന്ന് കളി അവസാനിക്കാൻ മിനിറ്റുകൾ ബാക്കിനിൽക്കെ സമനിലയ്ക്കായി ക്യാനഡ സ്വിസ് ബോക്സിലേക്ക് നിരന്തരം ആക്രമണങ്ങൾ അഴിച്ചുവിട്ടു. എന്നാൽ, പ്രോമിസ് ഡേവിഡിന്‍റെ തകർപ്പൻ ഹെഡർ സ്വിസ് കീപ്പർ കോബെൽ അവിസ്മരണീയമായ രീതിയിൽ തട്ടിയകറ്റിയതോടെ സ്വിറ്റ്സർലൻഡ് വിജയം ഉറപ്പിച്ചു.
ഈ വിജയത്തോടെ ഗ്രൂപ്പ് ബി ചാംപ്യന്മാരായ സ്വിറ്റ്സർലൻഡ് ജൂലൈ 2-ന് ഇതേ സ്റ്റേഡിയത്തിൽ വെച്ച് ഗ്രൂപ്പ് E, F, G, I അല്ലെങ്കിൽ J എന്നിവയിലെ മികച്ച മൂന്നാം സ്ഥാനക്കാരെ നേരിടും. റണ്ണേഴ്സ് അപ്പായ ക്യാനഡ ജൂൺ 28-ന് ലോസ് ആഞ്ചലസിൽ വെച്ച് ഗ്രൂപ്പ് എ-യിലെ രണ്ടാം സ്ഥാനക്കാരായ ദക്ഷിണാഫ്രിക്കയെ നേരിടും.
കഴിഞ്ഞ ഏഴ് ലോകകപ്പ് കാമ്പെയ്‌നുകളിൽ ആറാം തവണയും സ്വിറ്റ്‌സർലൻഡ് ഗ്രൂപ്പ് ഘട്ടം കടന്ന് അടുത്ത റൗണ്ടിലേക്ക് യോഗ്യത നേടി. കളിയിലെ താരമായി ജോഹാൻ മാൻസാംബി (ഒരു ഗോളും ഒരു അസിസ്റ്റും) തെരഞ്ഞെടുക്കപ്പെട്ടു.