യുഎസിനു വേണ്ടി പരാഗ്വെക്കെതിരേ ഇരട്ട ഗോൾ നേടിയ ഫൊളാരിൻ ബലോഗൺ.

 
FIFA World Cup

പരാഗ്വെയെ ഗോൾമഴയിൽ മുക്കി യുഎസ്എ

ഫോളാരിൻ ബലോഗണിന്റെ ഇരട്ടഗോളും ജിയോ റെയ്നയുടെ സ്ട്രൈക്കും യുഎസ്എയ്ക്ക് 4-1 വിജയം ഉറപ്പാക്കി, ഖത്തർ ലോകകപ്പിലെ ഗോൾ ക്ഷാമം മറികടന്ന് ശക്തമായ തുടക്കം

Sports Desk

ഇംഗ്ലവുഡ് (കാലിഫോർണിയ): മൂന്ന് പതിറ്റാണ്ടുകൾക്കു ശേഷം അമെരിക്കൻ മണ്ണിലേക്ക് വിരുന്നെത്തിയ ഫിഫ ലോകകപ്പ് പോരാട്ടത്തിൽ പരാഗ്വെയെ തകർത്ത യുഎസ്എയ്ക്ക് തകർപ്പൻ തുടക്കം. ഒന്നിനെതിരെ നാല് ഗോളുകൾക്കാണ് അമെരിക്കൻ കരുത്തന്മാർ പരാഗ്വെയെ നിഷ്പ്രഭരാക്കിയത്. ഇരട്ട ഗോളുകൾ നേടിയ ഫോർവേഡ് ഫോളാരിൻ ബലോഗണിന്‍റെ പ്രകടനമാണ് ലോസ് ഏഞ്ചൽസ് സ്റ്റേഡിയത്തിലെ തിങ്ങിനിറഞ്ഞ ആരാധകരെ ആവേശത്തിലാഴ്ത്തിയത്.

മത്സരത്തിന്‍റെ തുടക്കം മുതൽ പരാഗ്വൻ പ്രതിരോധത്തെ പരീക്ഷിക്കുന്ന ആക്രമണ ശൈലിയാണ് അമെരിക്ക സ്വീകരിച്ചത്. ഏഴാം മിനിറ്റിൽ തന്നെ അവർക്ക് ലീഡ് ലഭിച്ചു. വെസ്റ്റൺ മക്കെന്നിയുടെ പാസ് തടയാൻ ശ്രമിക്കുന്നതിനിടെ പരാഗ്വൻ ഡിഫൻഡർ ഡാമിയൻ ബോബാഡില്ലയുടെ കാലിൽ തട്ടി പന്ത് സ്വന്തം വലയിലേക്ക് തന്നെ വീഴുകയായിരുന്നു.

പിന്നീട് ഫോളാരിൻ ബലോഗണിന്‍റെ ഊഴമായിരുന്നു. 31-ാം മിനിറ്റിൽ നായകൻ ക്രിസ്റ്റ്യൻ പുലിസിച്ച് നൽകിയ കൃത്യമായ ക്രോസ് സ്വീകരിച്ച് ബലോഗൺ അമെരിക്കയുടെ രണ്ടാം ഗോൾ നേടി. ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമിൽ രണ്ട് പ്രതിരോധ താരങ്ങളെ വെട്ടിയൊഴിഞ്ഞ് ബലോഗൺ തൊടുത്തുവിട്ട മനോഹരമായ ഷോട്ട് പരാഗ്വൻ ഗോളി ഒർലാൻഡോ ഗില്ലിന് യാതൊരു അവസരവും നൽകാതെ പോസ്റ്റിന്‍റെ മുകൾ മൂലയിൽ പതിച്ചു.

73-ാം മിനിറ്റിൽ മൗറീഷ്യോയിലൂടെ പരാഗ്വെ ഒരു ഗോൾ മടക്കിയെങ്കിലും അമെരിക്കയുടെ ആധിപത്യത്തിന് ഇളക്കം തട്ടിയില്ല. മത്സരത്തിന്‍റെ അവസാന നിമിഷങ്ങളിൽ സബ്സ്റ്റിറ്റ്യൂട്ടായി എത്തിയ ജിയോ റെയ്ന നാലാം ഗോളും നേടിയതോടെ അമെരിക്കൻ വിജയം പൂർണമായി (4-1).

കഴിഞ്ഞ ഖത്തർ ലോകകപ്പിൽ ആകെ കളിച്ച നാല് മത്സരങ്ങളിൽ നിന്ന് വെറും മൂന്ന് ഗോളുകൾ മാത്രം നേടാനായ അമെരിക്ക, ഇത്തവണ ആദ്യ മത്സരത്തിൽ തന്നെ നാല് ഗോളുകൾ അടിച്ചുകൂട്ടിയത് അവരുടെ കരുത്തുറ്റ മുന്നേറ്റ നിരയുടെ തെളിവായി വിലയിരുത്തപ്പെടുന്നു.

ചരിത്രം കുറിച്ച മത്സരം

1930-ലെ ആദ്യ ലോകകപ്പിനു ശേഷം ഒരു ലോകകപ്പ് മത്സരത്തിൽ ഇരട്ട ഗോൾ നേടുന്ന ആദ്യ അമെരിക്കൻ താരം എന്ന ചരിത്ര നേട്ടം ബലോഗൺ സ്വന്തമാക്കി. ന്യൂയോർക്കിൽ ജനിച്ച് ലണ്ടനിൽ വളർന്ന ബലോഗൺ, ഇംഗ്ലണ്ടിനും നൈജീരിയയ്ക്കും വേണ്ടി കളിക്കാൻ അവസരമുണ്ടായിരുന്നെങ്കിലും 2023-ൽ അമെരിക്കൻ ടീമിനൊപ്പം ചേരാൻ തീരുമാനിക്കുകയായിരുന്നു.

രണ്ടാം പകുതിയിൽ സൂപ്പർ താരം പുലിസിച്ചിന് പകരം സെബാസ്റ്റ്യൻ ബെർഹാൾട്ടർ കളത്തിലിറങ്ങി. ഇതോടെ ലോകകപ്പിൽ അമെരിക്കയെ പ്രതിനിധീകരിക്കുന്ന രണ്ടാമത്തെ അച്ഛൻ-മകൻ ജോഡി എന്ന റെക്കോർഡും പിറന്നു. സെബാസ്റ്റ്യന്‍റെ പിതാവ് ഗ്രെഗ് ബെർഹാൾട്ടർ 2002 ലോകകപ്പിൽ അമെരിക്കയ്ക്കായി കളിച്ചിട്ടുണ്ട്.

പ്രോസിക്യൂട്ടർ നിയമനത്തിൽ യൂടേണടിച്ച് യുഡിഎഫ് സർക്കാർ; സ്മാർട്ട് ക്രിയേഷൻസ് അഭിഭാഷകനെക്കൊണ്ട് രാജിവെപ്പിച്ചു

പ്രശസ്തനാവണം; മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരേ വധഭീഷണി മുഴുക്കിയ യുവാവ് അറസ്റ്റിൽ

ശബരിമല സ്വർണക്കൊള്ള കേസ് പ്രതി മുരാരി ബാബു അന്തരിച്ചു

യുഎസ് - ഇറാൻ സമാധാന കരാർ ഞായറാഴ്ച ഒപ്പുവയ്ക്കും

കെഎസ്ആർടിസിക്ക് ബസ് വാങ്ങിയതിൽ കോടികളുടെ ക്രമക്കേട്?