ലോകകപ്പ് സംപ്രേഷണത്തിൽ തൃപ്തിയില്ലാതെ ഫുട്ബോൾ ആരാധകർ.
MV Graphics
ലോകകപ്പ് ഫുട്ബോൾ ആവേശം മൈതാനങ്ങളിൽ അലതല്ലുമ്പോഴും, മത്സരം കാണാനുള്ള പ്രേക്ഷകരുടെ അവകാശം വലിയൊരു ചോദ്യചിഹ്നമായി തുടരുന്നു. ഡിജിറ്റൽ യുഗത്തിൽ ഫുട്ബോൾ കാണാൻ സാധാരണക്കാരൻ വൻ തുക ചെലവഴിക്കേണ്ടി വരുന്നത് കടുത്ത പ്രതിഷേധങ്ങൾക്ക് വഴിവച്ചിരിക്കുകയാണ്.
ഇന്ത്യയിൽ ലോകകപ്പ് സംപ്രേഷണാവകാശം നേടിയിട്ടുള്ളത് സീ എന്‍റർടെയ്ൻമെന്‍റ്സാണ്. ഒടിടി ലൈവ് സ്ട്രീമിങ് 'സീ 5' (Zee5) എന്ന പ്ലാറ്റ്‌ഫോമിലാണ് ലഭിക്കുന്നത്. ടിവിയിൽ കാണാൻ യുണൈറ്റ്8 എന്ന പുതിയ സ്പോർട്സ് ചാനൽ സബ്സ്ക്രൈബ് ചെയ്യണം.
ഒടിടി സബ്സ്ക്രിപ്ഷന് ഇന്ത്യയിലെ ഏറ്റവും ഉയർന്ന തുകയാണ് സീ 5 ഈടാക്കുന്നത്. 'ഓൾ ആക്സസ് + സ്പോർട്സ്' പാക്കേജിനായി മൂന്ന് മാസത്തേക്ക് 799 രൂപ കൊടുക്കണം. ഇതുപയോഗിച്ച് ഒരു സമയം ഒറ്റ സ്ക്രീനിൽ മാത്രമാണ് കളി കാണാൻ സാധിക്കുക. ഐപിഎൽ സമയത്ത് ജിയോ ഹോട്ട്സ്റ്റാർ 49 രൂപ മുതലുള്ള പ്രതിമാസ പാക്കേജുകൾ നൽകിയ സ്ഥാനത്താണിത്.
സീ 5 പ്രീമിയം വാർഷിക പ്ലാനിനായി 1,699 രൂപയാണ് ഈടാക്കുന്നത്. ലോകകപ്പ് തുടങ്ങും മുൻപേ സംബ്സ്ക്രിപ്ഷൻ ഉള്ളവരാണെങ്കിൽ പോലും, അതിൽ ഒരു പ്ലാനിലും ലോകകപ്പ് മത്സരങ്ങൾ ഉൾപ്പെടുന്നില്ല. ലോകകപ്പ് കാണാൻ വേണ്ടി കൂടുതൽ തുക നൽകി അപ്ഗ്രേഡ് ചെയ്യണമെന്നാണ് നിബന്ധന.
ടിവിയിൽ മത്സരം കാണാൻ ആഗ്രഹിക്കുന്നവരെ ലക്ഷ്യമിട്ട് കൊണ്ടുവന്ന 'യൂണൈറ്റ് 8 സ്പോർട്സ്' (Unite8 Sports) നെറ്റ്‌വർക്കാണ് തമ്മിൽ ഭേദം. ഹിന്ദിയിലും ഇംഗ്ലിഷിലുമായി എച്ച്ഡി, എസ്‌ഡി ചാനലുകളാണ് ലഭ്യമാകുന്നത്. ഓരോ ചാനലിനും മാസം 7 രൂപ മുതൽ 13 രൂപ വരെയാണ് സ്ബ്ക്രിപ്ഷൻ നിരക്ക്. എന്നാൽ, കേബിൾ ടിവി ഓപ്പറേറ്റർമാർ പല ചാനലുകളും പാക്കേജുകളായി മാത്രം നൽകുന്നതിനാൽ ആവശ്യമില്ലാത്ത ചാനലുകൾക്ക് കൂടി പണം മുടക്കേണ്ട ഗതികേടിലാണ് പ്രേക്ഷകർ.
ദൂരദർശൻ പ്രതീക്ഷ
സ്വകാര്യ പ്ലാറ്റ്‌ഫോമുകളുടെ ഈ ചൂഷണത്തിനിടയിൽ, സാധാരണക്കാരന് ഏക ആശ്വാസമായുള്ളത് ദൂരദർശൻ (DD Sports) ആണ്. എന്നാൽ, ലോകകപ്പിലെ എല്ലാ മത്സരങ്ങളും ദൂരദർശനിൽ ലഭ്യമല്ല എന്നതാണ് പ്രധാന പോരായ്മ. ഉദ്ഘാടന മത്സരം, ക്വാർട്ടർ ഫൈനൽ, സെമി ഫൈനൽ, ഫൈനൽ തുടങ്ങിയ തെരഞ്ഞെടുത്ത പ്രധാന മത്സരങ്ങൾ മാത്രമേ ദൂരദർശൻ സൗജന്യമായി സംപ്രേഷണം ചെയ്യുന്നുള്ളൂ.
ആദ്യ രണ്ട് ഗ്രൂപ്പുകളിലെയും പ്രീ ക്വാർട്ടറിലെയും മത്സരങ്ങൾ കാണണമെന്നുള്ള ആരാധകർക്ക് ഒടിടി അല്ലെങ്കിൽ കേബിൾ സ്ബ്സ്ക്രിപ്ഷൻ എടുക്കേണ്ട സ്ഥിതിയാണുള്ളത്. കൂടാതെ, ദൂരദർശന്‍റെ സാങ്കേതിക നിലവാരക്കുറവും എച്ച്ഡി (HD) സംപ്രേഷണത്തിന്‍റെ അഭാവവും മത്സരത്തിന്‍റെ ആവേശം കെടുത്തുന്നു.
മത്സരം ഇല്ലാത്തിന്‍റെ ഫലം
ഇന്ത്യയിൽ സംപ്രേഷണാവകാശത്തിനു മത്സരിക്കാൻ ആരുമില്ലാതെ വന്നതോടെയാണ്, തോന്നിയ നിലയ്ക്ക് നിരക്ക് നിശ്ചയിക്കാൻ സീ5 അധികൃതർക്കു സാധിച്ചത്. വടക്കേ അമെരിക്കൻ ഭൂഖണ്ഡത്തിലാണ് മത്സരങ്ങൾ എന്നതിനാൽ മിക്ക മത്സരങ്ങളും ഇന്ത്യയിൽ രാത്രി വൈകിയും പുലർച്ചെയുമൊക്കെയാണ് ആരംഭിക്കുന്നത്. ഇതു കാരണം പ്രേക്ഷകരെ കിട്ടില്ലെന്ന വിലയിരുത്തലിന്‍റെ അടിസ്ഥാനത്തിൽ പ്രമുഖ സ്പോർട്സ് ചാനലുകളൊന്നും ഇന്ത്യയിൽ സംപ്രേഷണാവകാശം നേടാൻ ശ്രമിച്ചില്ല. ഇതോടെയാണ് സീ5ന് ചുളുവിലയ്ക്ക് അവകാശം കിട്ടിയതും അതവർ പരമാവധി മുതലാക്കുന്നതും.
ഒരു ഘട്ടത്തിലും ചാനലുകളൊന്നും സംപ്രേഷണാവകാശത്തിനു ശ്രമിക്കാത്തതു കാരണം ഇന്ത്യയിൽ ലോകകപ്പ് തത്സമയം കാണാൻ സാധിക്കില്ലെന്ന ആശങ്കയും ഉയർന്നിരുന്നു. ഇതിനിടെ ദൂരദർശൻ വഴി കാണാമെന്ന പ്രതീക്ഷയും വന്നെങ്കിലും, അധികൃതർ നിഷേധാത്മക നിലപാടാണ് സ്വീകരിച്ചത്.