ന‍്യൂഡൽഹി: മുൻ ഇന്ത‍്യൻ ക്രിക്കറ്റ് താരം വരുൺ ആരോൺ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിച്ചു. 35 കാരനായ വരുൺ ആരോൺ സോഷ‍്യൽ മീഡിയയിലൂടെയാണ് വിരമിക്കൽ പ്രഖ‍്യാപിച്ചത്. ഇന്ത‍്യയ്ക്ക് വേണ്ടി ഏകദിനവും ടെസ്റ്റുമടക്കം 18 മത്സരങ്ങൾ കളിച്ച താരം 29 വിക്കറ്റുകൾ നേടിയിട്ടുണ്ട്. കൂടാതെ 66 ഫസ്റ്റ് ക്ലാസ് മത്സരങ്ങളിൽ നിന്ന് 173 വിക്കറ്റുകളും നേടിയിട്ടുണ്ട്.
2015 ൽ സൗത്ത് ആഫ്രിക്കയ്ക്കെതിരേയാണ് വരുൺ അവസാനമായി ഇന്ത‍്യയ്ക്ക് വേണ്ടി കളിച്ചത്. 2011 മുതൽ 2022 വരെ ഐപിഎൽ മത്സരങ്ങളിലും സജീവമായിരുന്നു. വിവിധ ടീമുകൾക്കായി 52 ഐപിഎൽ മത്സരങ്ങൾ കളിച്ചിട്ടുണ്ട് താരം. 2022ൽ ഗുജറാത്ത് ടൈറ്റൻസ് കിരീടം നേടിയ ടീമിലെ അംഗമായിരുന്നു വരുൺ. ബിസിസിഐയ്ക്കും തന്‍റെ സംസ്ഥാന ടീമായ ജാർഖണ്ഡ് സ്റ്റേറ്റ് ക്രിക്കറ്റ് അസോസിയേഷനും സഹതാരങ്ങൾക്കും പരിശീലകർക്കും താരം തന്‍റെ ഓദ‍്യോഗിക കുറിപ്പിലൂടെ നന്ദി രേഖപ്പെടുത്തി.