അമിത് ഷായുടെ ടീമിലോ മമതയുടെ ടീമിലോ? യൂസഫ് പഠാൻ എവിടെ നിൽക്കും?

 

MV Graphics

Sports

പഴയ ബിഗ് ഹിറ്റർ ഇപ്പോൾ മിസ്റ്ററി സ്പിന്നർ: യൂസഫ് പഠാൻ ഏതു ടീമിൽ?

തൃണമൂൽ കോൺഗ്രസിലെ വലിയ പിളർപ്പിനിടെ യൂസഫ് പഠാൻ മമത ബാനർജിയോടൊപ്പം നിൽക്കുമോ അതോ അമിത് ഷായുടെ ക്ഷണം സ്വീകരിക്കുമോ എന്ന ആശങ്കയിൽ ബംഗാൾ രാഷ്ട്രീയം

VK SANJU

മമത ബാനർജിയുടെ തൃണമൂൽ കോൺഗ്രസിന്‍റെ പ്രതിനിധിയായാണ് യൂസഫ് പഠാൻ ബർഹാംപുർ എംപിയായത്. എന്നാൽ, പാർട്ടിയിലെ വലിയ പിളർപ്പിനിടെ നിലപാട് വ്യക്തമാക്കാത്ത ‘മിസ്റ്ററി സ്പിന്നർ’ ആയി തുടരുകയാണ് ഇന്ത്യൻ ക്രിക്കറ്റിലെ ഈ പഴയ ബിഗ് ഹിറ്റർ. ഭൂപേന്ദർ യാദവിന്‍റെ വസതിയിൽ വിമത എംപിമാർ ഒത്തുകൂടുമ്പോൾ പഠാൻ ഉണ്ടായിരുന്നില്ല. മഹുവ മൊയ്ത്ര ഉൾപ്പെടെയുള്ള നേതാക്കൾ അദ്ദേഹത്തിന്‍റെ മൗനത്തെയും ഡൽഹിയിലേക്കുള്ള നീക്കങ്ങളെയും തുറന്നു പരിഹസിക്കുകയും ചെയ്യുന്നു.

കോൽക്കത്ത: ബിഗ് ഹിറ്ററായി ഇന്ത്യൻ ക്രിക്കറ്റ് ടീമിലെത്തിയ താരമാണ് യൂസഫ് പഠാൻ. ലോക്സഭയിലെ പ്രതിപക്ഷ നേതാവായിരുന്ന അധിർ രഞ്ജൻ ചൗധരിയെ ബഹ്റാംപുർ മണ്ഡലത്തിന്‍റെ അതിർത്തി കടത്തിയ ബിഗ് ഹിറ്റിലൂടെ ബംഗാൾ രാഷ്ട്രീയത്തിലെ മാസ് എൻട്രി. എന്നാൽ, മമത ബാനർജിയുടെ തൃണമൂൽ കോൺഗ്രസിനെ (TMC) പിടിച്ചുലച്ച വൻ പിളർപ്പ് പൂർണമാകുമ്പോൾ, യൂസഫ് പഠാൻ ഒരു മിസ്റ്ററി സ്പിന്നറുടെ റോളിലാണ്! അദ്ദേഹം മമതയ്ക്കൊപ്പം പാർട്ടിയിൽ നിൽക്കുമോ അതോ വിമതർക്കൊപ്പം അമിത് ഷായുടെ ആതിഥ്യം സ്വീകരിക്കുമോ എന്ന് ഇനിയും വ്യക്തമാക്കിയിട്ടില്ല.

ലോക്സഭയിലെ 29 ടിഎംസി എംപിമാരിൽ 20 പേരും വിമതരായി കേന്ദ്രമന്ത്രി ഭൂപേന്ദർ യാദവിന്‍റെ വസതിയിൽ ഒത്തുകൂടിയപ്പോൾ പഠാൻ അക്കൂട്ടത്തിൽ ഇല്ലായിരുന്നു. എന്നാൽ, പഠാൻ ഇപ്പോൾ മമതയ്ക്കൊപ്പവുമില്ല എന്നാണ് മഹുവ മൊയ്ത്രയെപ്പോലെ തൃണമൂൽ കോൺഗ്രസിൽ ഉറച്ചു നിൽക്കുന്ന നേതാക്കളുടെ പ്രതികരണങ്ങളിൽ നിന്നു വ്യക്തമാകുന്നത്. ''അയാൾ വിളിച്ചിട്ടല്ലേ നിങ്ങൾ ഡൽഹിക്കു പോകുന്നത്? കുറച്ച് നാണവും നട്ടെല്ലും കാണിക്കണം, ഒന്നുമല്ലെങ്കിൽ ഇന്ത്യക്കു വേണ്ടി കളിച്ചിട്ടുള്ള ആളല്ലേ?'' മഹുവ ചോദിക്കുന്നു.

അതേസമയം, ബംഗാളിൽനിന്നുള്ള എംപിയാണെങ്കിലും, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെയും നാടായ ഗുജറാത്തിൽനിന്നുള്ള ആളാണ് യൂസഫ് പഠാൻ. ഗുജറാത്ത് സംസ്ഥാനത്തിന്‍റ പരിധിയിൽ വരുന്ന ബറോഡ ടീമിനു വേണ്ടിയാണ് ആഭ്യന്തര ക്രിക്കറ്റ് കളിച്ചിരുന്നത്. 2007ലെ ടി20 ലോകകപ്പും 2011ലെ ഏകദിന ലോകകപ്പും നേടിയ ഇന്ത്യൻ ടീമിൽ അംഗമായിരുന്ന പഠാന്‍റെ പശ്ചിമ ബംഗാൾ ബന്ധം, ഐപിഎല്ലിൽ കോൽക്കത്ത നൈറ്റ് റൈഡേഴ്സിനു വേണ്ടി കളിച്ചതാണ്. പഠാന്‍റെ താരപ്പൊലിമയും ന്യൂനപക്ഷ വിഭാഗത്തിന്‍റെ പ്രതിനിധിയെന്ന പരിഗണനയും വോട്ടാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെയാണ് കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ മമത ബാനർജി അദ്ദേഹത്തെ ബർഹാംപുരിൽ ടിഎംസി സ്ഥാനാർഥിയാക്കിയത്. ആ തന്ത്രം വിജയിക്കുകയും ചെയ്തു.

എന്നാൽ, പാർട്ടി വലിയൊരു പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോൾ ഒളിച്ചുകളി നടത്താതെ, മമത ബാനർജിയുടെ ക്യാംപിൽ ഉറച്ചുനിന്ന് പോരാടാൻ പഠാൻ തയാറാകണമെന്നാണ് മഹുവയെ പോലുള്ള നേതാക്കൾ ആവശ്യപ്പെടുന്നത്. കോൺഗ്രസ് വിരുദ്ധ വോട്ടുകൾ പിടിച്ചാണ് പഠാൻ ജയിച്ചതെങ്കിലും, ഇപ്പോൾ തമിഴ്നാട്ടിലെ ഡിഎംകെ വരെ എൻഡിഎയ്ക്ക് അനുകൂലമായി നിലപാട് മാറ്റുന്ന അവസ്ഥയാണ്. ഇങ്ങനെയൊരു സാഹചര്യത്തിൽ പഠാന്‍റെ മൗനം തൃണമൂലിനു വലിയ തിരിച്ചടിയാണ്.

ഇതിനിടെ, സംസ്ഥാന ഭരണം നഷ്ടപ്പെട്ട മമത ബാനർജി ലോക്സഭയിലേക്കു മത്സരിക്കാൻ ആഗ്രഹിക്കുന്നുണ്ടെന്നും, അതിനായി സീറ്റ് ഒഴിഞ്ഞു കൊടുക്കാൻ യൂസഫ് പഠാനോട് ആവശ്യപ്പെട്ടെന്നും അഭ്യൂഹം ഉയർന്നിരുന്നു. സൗരവ് ഗാംഗുലി വഴി പഠാനോട് ഈ ആവശ്യം ഉന്നയിച്ചപ്പോൾ അദ്ദേഹം നിഷേധിച്ചെന്നായിരുന്നു പ്രചരണം. എന്നാൽ, മമത തന്നിലൂടെ ഒരു സന്ദേശവും പഠാനു കൈമാറിയിട്ടില്ലെന്ന് ഗാംഗുലി പിന്നീട് വ്യക്തമാക്കി.

ലോക്സഭയിൽ സ്ത്രീ സംരവണവും മണ്ഡല പുനർനിർണയവും ഒരു രാജ്യം ഒറ്റ തെരഞ്ഞെടുപ്പ് രീതിയും പോലുള്ള നിർണായക ഭരണഘടനാ ഭേദഗതികൾ പാസാക്കാൻ ആവശ്യമായ മൂന്നിൽ രണ്ട് ഭൂരിപക്ഷം തികയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് അമിത് ഷാ തൃണമൂൽ ക്യാംപിലേക്ക് 'ഗൂഗ്ലി' എറിഞ്ഞത്. സ്വന്തം സംസ്ഥാനത്തുനിന്നുള്ള പ്രധാനമന്ത്രിയോടും ആഭ്യന്തരമന്ത്രിയോടും മൃദുസമീപനം കാണിച്ച് യൂസഫ് പഠാൻ ഒടുവിൽ എൻഡിഎ പവലിയനിലേക്ക് മാറിക്കയറുമോ അതോ മമതയ്ക്കൊപ്പം 'ഡിഫൻസീവ് ഗെയിം' കളിക്കുമോ എന്നാണ് തൃണമൂൽ പ്രവർത്തകർ ഉറ്റുനോക്കുന്നത്.

543 അംഗ ലോക്സഭയിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷത്തിന് (360 വോട്ടുകൾ) എൻഡിഎയ്ക്ക് ഇനി ഏതാനും വോട്ടുകൾ മാത്രമാണ് കുറവുള്ളത്. 20 വിമത തൃണമൂൽ എംപിമാർ ഇതിനകം തന്നെ കളം മാറി ചവിട്ടാൻ തയാറായിക്കഴിഞ്ഞു. ഈ സാഹചര്യത്തിൽ യൂസഫ് പഠാൻ എടുക്കുന്ന തീരുമാനം അദ്ദേഹത്തിന്‍റെ രാഷ്ട്രീയ ഭാവി നിർണയിക്കും. ക്രിക്കറ്റിൽ തോൽവി ഉറപ്പിച്ച മത്സരങ്ങൾ പോലും അവസാന ഓവറുകൾ വരെ പൊരുതി ജയിപ്പിക്കുന്ന പഠാൻ ശൈലി രാഷ്ട്രീയത്തിൽ പുറത്തെടുക്കാൻ അദ്ദേഹത്തിനു സാധിക്കുമോ? അതോ അമിത് ഷായുടെ തന്ത്രങ്ങൾക്ക് മുന്നിൽ 'ഹിറ്റ് വിക്കറ്റ്' ആയി പുറത്താകുമോ? വരും ദിവസങ്ങളിൽ പാർലമെന്‍റിന്‍റെ വർഷകാല സമ്മേളനം ആരംഭിക്കുന്നതോടെ ഈ രാഷ്ട്രീയ മാച്ചിന്‍റെ യഥാർഥ സ്കോർ കാർഡ് പുറത്തുവരും.

ഋഷഭ് പന്തിന് സിക്സറുകളുടെ റെക്കോഡ്

സര്‍ക്കാര്‍ കോളെജുകളുടെ അടിസ്ഥാനസൗകര്യ വികസനത്തിന് 45.68 കോടി അനുവദിച്ച് കേരളം സർക്കാർ

രാജ്യത്ത് തൂക്കിലേറ്റിയുള്ള വധശിക്ഷ തുടരും; കേന്ദ്രത്തിനു പുനഃപരിശോധിക്കാമെന്ന് സുപ്രീം കോടതി

കിടപ്പറ ദൃശ്യങ്ങൾ ഭർത്താവ് അശ്ലീല വെബ് സൈറ്റുകൾക്ക് വിറ്റു; കൊല്ലം സ്വദേശിനിയുടെ പരാതിയിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ!

കരുണാനിധിയെന്ന് വിളിച്ചതിൽ പ്രതിഷേധം; നിയമസഭയിൽ ക്ഷമ ചോദിച്ച് വിജയ്