ഇന്ത്യൻ ക്രിക്കറ്റ് ടീം കോച്ച് ഗൗതം‌ ഗംഭീറും സെലക്ഷൻ കമ്മിറ്റി ചെയർമാൻ അജിത് അഗാർക്കറും

 
Sports

ഇന്ത്യക്കിനി ക്യാപ്റ്റനെക്കാൾ വലിയ കോച്ച്

രോഹിത് ശർമയും വിരാട് കോലിയും ഒരുമിച്ച് പടിയിറങ്ങുമ്പോൾ, ടീമിലെ ഏറ്റവും വലിയ 'സൂപ്പർതാരമായി' ഗൗതം ഗംഭീർ മാറുകയാണ്

ടീമിനെക്കാൾ വലിയ താരങ്ങളുള്ള ക്രിക്കറ്റ് ടീമായിരുന്നു എന്നും ഇന്ത്യയുടേത്. സൂപ്പർ താരങ്ങളുമായും ക്യാപ്റ്റനുമായുമൊക്കെയുള്ള കലഹത്തിൽ പിടിച്ചുനിൽക്കാനാവാതെ പടിയിറങ്ങിയ ഇന്ത്യൻ പരിശീലകരിൽ ബിഷൻ സിങ് ബേദിയും ഗ്രെഗ് ചാപ്പലും അനിൽ കുംബ്ലെയുമെല്ലാം ഉൾപ്പെടുന്നു. ജോൺ റൈറ്റും ഗാരി കേസ്റ്റനും രവി ശാസ്ത്രയുമൊക്കെ താര രാജാക്കൻമാരുടെ പ്രീതി സമ്പാദിച്ച് പരിശീലകസ്ഥാനത്ത് വിരാജിക്കുന്നതും ഇന്ത്യൻ ക്രിക്കറ്റ് ആരാധകർ കണ്ടിട്ടുണ്ട്.

എന്നാലിപ്പോൾ ഇന്ത്യൻ ടെസ്റ്റ് ക്രിക്കറ്റ് ടീമിൽ ഒരു അപൂർവ സൗഭാഗ്യം കൈവന്നിരിക്കുകയാണ് മുഖ്യ പരിശീലകൻ ഗൗതം ഗംഭീറിന്. രോഹിത് ശർമയും വിരാട് കോലിയും ഒരുമിച്ച് പടിയിറങ്ങുമ്പോൾ, ടീമിലെ ഏറ്റവും വലിയ 'സൂപ്പർതാരമായി' ഗംഭീർ മാറുകയാണ്. കളിക്കുന്ന കാലം മുതൽ അധികാരം പ്രയോഗിക്കാൻ ഒരു മടിയുമില്ലാത്ത ഗംഭീറിന്‍റെ ഏകാധിപത്യം ഇനി ടീമിൽ കണ്ടാൽ അദ്ഭുതപ്പെടാനില്ല.

ജസ്പ്രീത് ബുംറയും മുഹമ്മദ് ഷമിയും രവീന്ദ്ര ജഡേജയും മാത്രമാണ് ടെസ്റ്റ് ടീമിൽ ശേഷിക്കാനിടയുള്ള മുതിർന്ന താരങ്ങൾ. ശുഭ്മൻ ഗില്ലോ കെ.എൽ. രാഹുലോ ക്യാപ്റ്റനായാലും, ഗംഭീറിനെക്കാൾ ഒരു പടി താഴെയേ നിൽക്കൂ.

ഇന്ത്യൻ ടീമിലെ താര സംസ്കാരം തുടച്ചുനീക്കാൻ പ്രതിജ്ഞയെടുത്തയാളാണ് ഗംഭീർ. വിരാട് കോലി ഇംഗ്ലണ്ട് പര്യടനത്തിൽ താത്കാലിക ക്യാപ്റ്റൻസി ആഗ്രഹിച്ചിരുന്നു എന്നും, അതു തടഞ്ഞത് ഗംഭീറായിരുന്നു എന്നും ഇതിനിടെ അഭ്യൂഹങ്ങളും പ്രചരിച്ചിരുന്നു.

ഗംഭീറിന്‍റെ പദ്ധതികൾക്ക് സെലക്ഷൻ കമ്മിറ്റി ചെയർമാൻ അജിത് അഗാർക്കറുടെ അകമഴിഞ്ഞ പിന്തുണയുമുണ്ട്. ഇങ്ങനെയൊരു സാഹചര്യത്തിൽ, ക്യാപ്റ്റൻമാരുടെ അപ്രമാദിത്വം കണ്ട ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ ആദ്യമായി ഒരു കോച്ചിന്‍റെ ഭരണം കാണാനായേക്കും.

അതേസമയം, ഈ വർധിച്ച അധികാരം ഇരുതലമൂർച്ചയുള്ള വാളായിരിക്കും ഗംഭീറിന്. നേട്ടമുണ്ടായാൽ ക്രെഡിറ്റ് മുഴുവനായി ഇങ്ങുകിട്ടും, കോട്ടമുണ്ടായാൽ പഴിയും മൊത്തത്തിൽ ഇങ്ങുപോരും!

ദുലീപ് ട്രോഫി സെമി ഫൈനൽ; സൗത്ത് സോണിനെ മുഹമ്മദ് അസറുദ്ദീൻ നയിക്കും

ഹിമാചലിലെ മിന്നൽ പ്രളയത്തിൽ കുടുങ്ങി മലയാളികൾ; അവശ്യസാധനങ്ങൾ‌ ലഭ്യമല്ല, അടിയന്തര നടപടി വേണമെന്ന് ആവശ്യം

താമരശേരി ചുരത്തിൽ അപകടം; കണ്ടെയ്നർ ലോറി കൊക്കയുടെ സംരക്ഷണ ഭിത്തി തകർത്തു

ട്രംപിന്‍റെ 'സമാധാന നൊബേൽ' സ്വപ്നം മോദി തകർക്കുമോ?

മോശമായി സ്പർശിച്ചു, അഭിനയം നിർത്തുന്നുവെന്ന് നടി; മാപ്പപേക്ഷിച്ച് ഭോജ്പുരി താരം പവൻ സിങ്