ശാരീരികക്ഷമത മുഖ‍്യം; ബ്രോങ്കോ ടെസ്റ്റുമായി ഗംഭീർ
മുംബൈ: ഇന്ത‍്യൻ താരങ്ങളുടെ ശാരീരികക്ഷമത ഉറപ്പാക്കുന്നതിനായി ബ്രോങ്കോ ടെസ്റ്റ് അവതരിപ്പിച്ച് ടീം മാനേജ്മെന്‍റ്. റഗ്ബി താരങ്ങളുടെ ശാരീരികക്ഷമത അളക്കാനായി സാധാരണ നടത്താറുള്ള ടെസ്റ്റാണ് ബ്രോങ്കോ. 20,40, 60 മീറ്റർ എന്നിങ്ങനെ ഷട്ടിൽ റണ്ണാണ് ബ്രോങ്കോ ടെസ്റ്റിൽ ചെയ്യുന്നത്. അതായത് 6 മിനിറ്റിനുള്ളിൽ ഇടവേളകളില്ലാതെ മൊത്തം 1,200 മീറ്റർ ദൂരം ഓടി പൂർത്തിയാക്കണം.
സ്ട്രെങ്ത്ത് ആൻഡ് കണ്ടീഷനിങ് കോച്ച് അഡ്രിയാൻ ലെ റോക്സ് മുന്നോട്ടുവച്ച നിർദേശം മുഖ‍്യ പരിശീലകൻ ഗൗതം ഗംഭീർ അംഗീകരിക്കുകയായിരുന്നു. ഇംഗ്ലണ്ട് പരമ്പരക്കിടെയാണ് ഇന്ത‍്യൻ പേസ് ബൗളർമാരുടെ ശാരീരികക്ഷമത ചർച്ചയായിരുന്നത്. നേരത്തെ ബംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാഡമിയിൽ വച്ച് ചില ഇന്ത‍്യൻ താരങ്ങൾ ബ്രോങ്കോ ടെസ്റ്റിൽ ഏർപ്പെടുകയും വിജയകരമായി പൂർത്തികരിക്കുകയും ചെയ്തിരുന്നു. നിലവിൽ യോ യോ ടെസ്റ്റും രണ്ടു കിലോമീറ്റർ ടൈം ട്രയലുമാണ് ശാരീരികക്ഷമതയ്ക്കായി നടത്തുന്നത്.