ഗൗതം ഗംഭീർ
മുംബൈ: 2026ൽ ഇന്ത‍്യയിലും ശ്രീലങ്കയിലുമായി ആരംഭിക്കാനിരിക്കുന്ന ടി20 ലോകകപ്പിനു മുൻപേ ഇന്ത‍്യൻ ടീമിൽ അഴിച്ചുപണിക്ക് ഗൗതം ഗംഭീർ തയാറെടുക്കുന്നതായി റിപ്പോർട്ട്. ഒരു ദേശീയ മാധ‍്യമമാണ് ഇക്കാര‍്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
എന്നാൽ ഇത് ഔദ‍്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. ഇന്ത‍്യൻ ടീമിന്‍റെ എല്ലാ ഫോർമാറ്റുകളിലേക്കുമായി ഒരു ക‍്യാപ്റ്റനെ കൊണ്ടുവരാനുള്ള നയം സ്വീകരിക്കാനും ടി20 ടീമിൽ കൂടുതൽ ഇടപെടലുകൾ നടത്താനും ഗംഭീർ പദ്ധതിയിടുന്നതായാണ് റിപ്പോർട്ട്.
ഐപിഎല്ലിൽ മികച്ച പ്രകടനം പുറത്തെടുക്കുന്ന ടി20 സ്പെഷ‍്യലിസ്റ്റുകളെ കണ്ടെത്തി അവർക്ക് നിരന്തരമായി അവസരം നൽകുന്നതിൽ ശ്രദ്ധിക്കുമെന്നും ഓരോ താരങ്ങളുടെയും കഴിവിന് അനുസരിച്ച് അവരുടേതായ റോളുകൾ നിശ്ചയിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു. വമ്പൻ അടിക്കാരൻ ശിവം ദുബൈയെ്ക്ക് ബാറ്റിങ് ഓർഡറിൽ സ്ഥാനക്കയറ്റം നൽകുന്ന കാര‍്യവും റിപ്പോർട്ടിൽ പറയുന്നുണ്ട്.
അതേസമയം അടുത്ത മാസം ആരംഭിക്കുനാരിക്കുന്ന ഏഷ‍്യാകപ്പിൽ സൂര‍്യകുമാർ യാദവായിരിക്കും ഇന്ത‍്യൻ ടീമിനെ നയിക്കുക. നിലവിലെ ടെസ്റ്റ് ടീം ക‍്യാപ്റ്റൻ ശുഭ്മൻ ഗില്ലിനെ ടീമിൽ ഉൾപ്പെടുത്തുമോയെന്നാണ് ആരാധകർ പ്രതീക്ഷയോടെ കാത്തിരിക്കുന്നത്.