Sports

ഗുജറാത്തിന്‍റെ ഗർജനം: ലഖ്നൗ മുട്ടുമടക്കി

അഹമ്മദാബാദ്: ഐപിഎല്ലിൽ ഗുജറാത്ത് ടൈറ്റൻസിന്‍റെ ഗർജനം വീണ്ടും. ഇത്തവണ മുട്ടുകുത്തിയത് ലഖ്നൗ സൂപ്പർ ജയന്‍റ്സ്. ആദ്യം ബാറ്റ് ചെയ്ത നിലവിലുള്ള ചാംപ്യൻമാർ നിശ്ചിത 20 ഓവറിൽ അടിച്ചുകൂട്ടിയത് 227 റൺസ്. നഷ്ടപ്പെട്ടത് രണ്ടു വിക്കറ്റ് മാത്രം. മറുപടിയായി ഏഴു വിക്കറ്റ് നഷ്ടത്തിൽ 171 റൺസെടുക്കാനേ ലഖ്നൗവിനു സാധിച്ചുള്ളൂ. ഗുജറാത്തിന്‍റെ വിജയം 56 റൺസിന്.

വൃദ്ധിമാൻ സാഹയും ശുഭ്മാൻ‌ ഗില്ലും ഒരുമിച്ച 142 റൺസിന്‍റെ ഓപ്പണിങ് കൂട്ടുകെട്ടാണ് ഗുജറാത്തിന് കൂറ്റൻ സ്കോർ സമ്മാനിച്ചത്. ഗില്ലിനെ കാഴ്ചക്കാരനാക്കി വെടിക്കെട്ടിനു തിരികൊളുത്തിയ സാഹ 43 പന്തിൽ 81 റൺസെടുത്തു. പത്ത് ഫോറും നാലു സിക്സും തിളക്കം ചാർത്തിയ ഇന്നിങ്സ്. സാഹ അർധ സെഞ്ചുറിയോടടുത്തതോടെ ഗില്ലും ആക്രമിച്ചു തുടങ്ങി. 51 പന്തിൽ 94 റൺസെടുത്ത് പുറത്താകാതെ നിന്ന ഗില്ലിന്‍റെ ഇന്നിങ്സിൽ രണ്ടു ഫോർ മാത്രം, ഏഴു കൂറ്റൻ സിക്സറുകളും.

ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യയും (15 പന്തിൽ 25) ഡേവിഡ് മില്ലറും (12 പന്തിൽ പുറത്താകെ 21) തങ്ങളുടെ റോളുകൾ ഭംഗിയാക്കിയപ്പോൾ ഗുജറാത്ത് ജയം പകുതി ഉറപ്പിച്ചിരുന്നു.

എന്നാൽ, മറുവശത്ത് ലഖ്നൗവിനും തകർപ്പൻ തുടക്കം തന്നെ കിട്ടി. പരുക്കേറ്റ് പുറത്തായ ക്യാപ്റ്റൻ കെ.എൽ. രാഹുലിനു പകരം ക്വിന്‍റൺ ഡി കോക്ക് വന്നതോടെ കൈൽ മെയേഴ്സിനു പറ്റിയ പങ്കാളിയായി. ഇരുവരും ചേർന്ന് 8.2 ഓവറിൽ 88 റൺസും ചേർത്തു. 32 പന്തിൽ 48 റൺസാണ് മെയേഴ്സ് നേടിയത്. ഡികോക്ക് 41 പന്തിൽ 77 റൺസും നേടി. എന്നാൽ, കിട്ടിയ അടിത്തറയിൽ നിന്ന് ഇന്നിങ്സ് കെട്ടിപ്പടുക്കാൻ പിന്നീടു വന്നവർക്കൊന്നും സാധിച്ചില്ല. 11 പന്തിൽ 21 റൺസെടുത്ത ആയുഷ് ബദോനി മാത്രമാണ് ഒന്നു പൊരുതി നോക്കുകയെങ്കിലും ചെയ്തത്. നാലോവറിൽ 29 റൺസ് മാത്രം വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തിയ മുൻ ഇന്ത്യൻ താരം മോഹിത് ശർമയാണ് ബൗളിങ്ങിൽ തിളങ്ങിയത്. മുഹമ്മദ് ഷമിയും റാഷിദ് ഖാനും നൂർ അഹമ്മദും ഓരോ വിക്കറ്റെടുത്തു.

സ്ത്രീ വിരുദ്ധ പരാമർശം; കെ.എസ്. ഹരിഹരന്‍റെ അറസ്റ്റ് രേഖപ്പെടുത്തി

സ്വര്‍ണ വിലയില്‍ ഇടിവ്; പവന് ഒറ്റയടിക്ക് 200 രൂപ കുറഞ്ഞു

കണ്ണൂരിൽ വൻലഹരി വേട്ട; രണ്ട് യുവാക്കൾ പിടിയിൽ

പക്ഷിപ്പനി; ആലപ്പുഴയിൽ ശനിയാഴ്ച 12,678 വളർത്തു പക്ഷികളെ കൊന്നൊടുക്കും

മഞ്ഞപ്പിത്തം പടർന്നു പിടിക്കുന്നു; പഞ്ചായത്ത് തലങ്ങളിൽ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കി