ഗൗതം ഗംഭീർ
ന‍്യൂഡൽഹി: സിംബാബ്‌വെയ്ക്കെതിരായ ടി20 പരമ്പരയിലെ ആദ‍്യ മത്സരത്തിൽ ഇന്ത‍്യ ജയിച്ചത് മുഖ‍്യ പരീശിലകൻ ഗൗതം ഗംഭീർ ടീമിനൊപ്പം ഇല്ലാതിരുന്നതിനാലാണെന്ന് സോഷ‍്യൽ മീഡിയ. വി.വി.എസ്. ലക്ഷ്മണിന്‍റെ കീഴിൽ ഇന്ത‍്യൻ താരങ്ങൾ കൂടുതൽ സ്വാതന്ത്ര‍്യത്തോടെ കളിക്കുന്നതാണ് കണ്ടതെന്നാണ് ഒരുവിഭാഗം ആരാധകർ പറയുന്നത്.
ക‍്യാപ്റ്റൻ ശ്രേയസ് അയ്യർ, അഭിഷേക് ശർമ, വൈഭവ് സൂര‍്യവംശി, തിലക് വർമ എന്നിവർ തന്നെയാണ് പ്ലെയിങ് ഇലവനിലുണ്ടായിരുന്നതെങ്കിലും ടീമിന്‍റെ സമീപനം മാറിയെന്നാണ് ചിലർ പറയുന്നു.
സോഷ‍്യൽ മീഡിയയിൽ പ്രചരിക്കുന്ന മീമുകൾ
ഗംഭീറില്ലാത്ത ഇന്ത‍്യൻ ടീം അപകടകാരികൾ; സോഷ‍്യൽ മീഡിയയിൽ ആഞ്ഞടിച്ച് ഗംഭീർ വിരുദ്ധ തരംഗം
ലക്ഷ്മണിന്‍റെ കീഴിൽ ഇന്ത‍്യൻ ടീമിന്‍റെ ഡ്രസിങ് റൂമിലെ അന്തരീക്ഷം പൂർണമായി മാറിയെന്നും 2027 ഏകദിന ലോകകപ്പിൽ ഗൗതം ഗംഭീറിനെ മാറ്റി ലക്ഷ്മണെ കോച്ചാക്കണമെന്നും ആവശ‍്യം ഉയർന്നു. അനുഭവ സമ്പത്തിനെക്കാൾ വലുതാണ് പോസിറ്റീവായ അന്തരീക്ഷം ടീമിൽ സൃഷ്ഠിക്കുകയെന്നതും ഇത് താരങ്ങളെ കൂടുതൽ സ്വതന്ത്രമായി കളിക്കാൻ അനുവദിക്കുമെന്നും വാദമുണ്ട്.
ഗംഭീറിനെതിരേ രൂക്ഷ വിമർശനം
സിംബാബ്‌വെയ്ക്കെതിരേ ഇന്ത‍്യ വിജയിച്ചതോടെ രൂക്ഷ വിമർശനമാണ് ഗൗതം ഗംഭീറിനെതിരേ ഉയരുന്നത്. സമീപകാലത്ത് ഇന്ത‍്യൻ ടീമിന്‍റെ തോൽവിക്ക് കാരണം ഗംഭീറാണെന്നും ടീം മാനേജ്മെന്‍റിന്‍റെ സെലക്ഷൻ തീരുമാനങ്ങളെ ആരാധകർ കുറ്റപ്പെടുത്തുകയും ചെയ്തു.
ഗംഭീർ കോച്ചായ കാലത്ത് ഇന്ത‍്യൻ ടീം ഏറ്റുവാങ്ങിയ ദയനീയ പരാജയങ്ങളുടെ പട്ടിക പുറത്തുവിട്ടുകൊണ്ടായിരുന്നു ആരാധകരുടെ വിമർശനം. ഗംഭീറില്ലെങ്കിൽ ഇന്ത‍്യക്കെതിരേ മറ്റു ടീമുകൾ പരമ്പരകൾ തൂത്തുവാരില്ല. അപ്പോൾ എവിടെയാണ് പ്രശ്നം എന്ന് വ‍്യക്തമാണ്. അയാളെ പുറത്താക്കേണ്ട സമയമായി, ഗംഭീറായിരുന്നു കോച്ചെങ്കിൽ സിംബാബ്‌വെ 180 റൺസ് അടിച്ചെടുക്കുമായിരുന്നു. ഇന്ത‍്യ 150 റൺസിന് ഓൾഔട്ടാവുകയും ചെയ്യും. എന്നിങ്ങനെ നീളുന്നു കമന്‍റുകൾ.
വൈഭവ് സൂര‍്യവംശിയുടെ അർധസെഞ്ചുറിയും ബൗളർമാരുടെ മികച്ച പ്രകടനവും
കൗമാര താരം വൈഭവ് സൂര‍്യവംശിയുടെ കന്നി അർധസെഞ്ചുറിയും ബൗളർമാരുടെ തകർപ്പൻ പ്രകടനവുമാണ് ഇന്ത‍്യൻ ടീമിനെ വിജയത്തിലേക്ക് നയിച്ചത്. ആദ‍്യം ബാറ്റ് ചെയ്യ്ത സിംബാബ്‌വെയെ 125 റൺസിൽ ഇന്ത‍്യൻ ബൗളർമാർ പിടിച്ചുകെട്ടിയിരുന്നു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത‍്യ 13.2 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ വിജയലക്ഷ‍്യം മറികടക്കുകയും ചെയ്തു. ഐപിഎല്ലിൽ മോശം പ്രകടനം കാഴ്ചവച്ചിരുന്ന മായങ്ക് യാദവ് തകർപ്പൻ ഫോമിൽ അതിവേഗതയിൽ പന്തെറിയുന്നതാണ് കണ്ടത്.
നാലോവർ പന്തെറിഞ്ഞ താരം 4.50 എക്കണോമിയിൽ 18 റൺസ് വിട്ടുകൊടുത്ത് 2 വിക്കറ്റുകളാണ് വീഴ്ത്തിയത്. സിംബാബ്‌വെയ്ക്കെതിരായ ടീമിൽ മായങ്ക് യാദവിനെ ഉൾപ്പെടുത്തിയപ്പോൾ തന്നെ വലിയ രീതിയിൽ വിമർശനം ഉയർന്നിരുന്നു. ഐപിഎല്ലിൽ പോലും മോശം പ്രകടനം കാഴ്ചവയ്ക്കുന്ന താരത്തിനെ എന്തിന്‍റെ അടിസ്ഥാനത്തിലാണ് ടീമിലെടുത്തതെന്നായിരുന്നു പ്രധാന വിമർശനം. ഇതിനെയെല്ലാം പന്തുകൊണ്ട് മറുപടി നൽകിയിരിക്കുകയാണ് മായങ്ക്. മായങ്കിനു പുറമെ പ്രിൻസ് യാദവും രണ്ടു വിക്കറ്റ് വീഴ്ത്തി. അരങ്ങേറ്റ മത്സരം കളിച്ച അശോക് ശർമയ്ക്ക് വിക്കറ്റ് വീഴ്ത്താൻ കഴിഞ്ഞില്ല.