14 ടീമുകൾ, 12 സ്റ്റേഡിയങ്ങൾ; 2027ലെ ഏകദിന ലോകകപ്പ് വേദികൾ പ്രഖ‍്യാപിച്ച് ഐസിസി
ജൊഹാന്നസ്ബർഗ്: ദക്ഷിണാഫ്രിക്കയിലും സിംബാബ്‌വെയിലും നമീബിയയിലുമായി നടക്കുന്ന 2027 ഏകദിന ലോകകപ്പിന്‍റെ വേദികൾ പ്രഖ‍്യാപിച്ച് ഐസിസി. ദക്ഷിണാഫ്രിക്കയിലെ ജൊഹാന്നസ്ബർഗിൽ നടത്തിയ ചടങ്ങിലാണ് ലോകകപ്പ് വേദികൾ തീരുമാനിച്ചത്.
ദക്ഷിണാഫ്രിക്കയിലെ എട്ട് ഗ്രൗണ്ടുകളിലും സിംബാബ്‌വെയിലെ മൂന്നു സ്റ്റേഡിയങ്ങളിലും നമീബിയയുടെ തലസ്ഥാനമായ വിൻഡ്‌ഹോക്കിലും മത്സരങ്ങൾ നടത്താനാണ് പദ്ധതി. മൊത്തം 11 വേദികളിലായാണ് മത്സരങ്ങൾ.
ജൊഹാന്നസ്ബർഗിലെ വാണ്ടറേഴ്സ് സ്റ്റേഡിയം, ഷ്വാനിലെ സെഞ്ചൂറിയൻ, കേപ്പ് ടൗണിലെ ന‍്യൂലാൻഡ്സ് ക്രിക്കറ്റ് ഗ്രൗണ്ട്, ഡർബനിലെ കിങ്സ്‌മീഡ് ക്രിക്കറ്റ് ഗ്രൗണ്ട്, ഗ്കെബെർഹയിലെ സെന്‍റ് ജോർജ് പാർക്ക്, ബ്ലൂംഫോണ്ടെയ്‌നിലെ മാംഗൗങ് ഓവൽ, ഈസ്റ്റ് ലണ്ടൻ, ഹരാരെ സ്പോർട്സ് ക്ലബ്ബ്, ബുലവായോയിലെ ക്വീൻസ് സ്പോർട്സ് ക്ലബ്ബ്, ഫാലെ മോസി-ഒ-ടുന്യ അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയം, വിൻഡ്‌ഹോക്കിലെ നമീബിയ ക്രിക്കറ്റ് ഗ്രൗണ്ട് എന്നീ സ്റ്റേഡിയങ്ങളാണ് മത്സരത്തിന് വേദികളാകുക.
ലോകകപ്പിലേക്കുള്ള സുപ്രധാന ചുവടുവയ്പ്പാണ് ഈ പ്രഖ‍്യാപനമെന്ന് ഐസിസി ചെയർമാൻ ജയ് ഷാ പറഞ്ഞു. അടുത്ത വർഷം ഒക്റ്റോബർ നാലിന് ആരംഭിക്കുന്ന ലോകകപ്പ് നവംബർ 21ന് സമാപിക്കും. 14 ടീമുകൾ ടൂർണമെന്‍റിൽ ഏറ്റുമുട്ടും.