ത്രിമൂർത്തികളില്ലാത്ത കംഗാരുപ്പട 
Sports

ത്രിമൂർത്തികളില്ലാത്ത കംഗാരുപ്പട

ബൗളിങ് നിരയിലെ പ്രധാനികളായ നായകൻ പാറ്റ് കമ്മിൻസ്, ജോഷ് ഹേസിൽവുഡ്, മിച്ചൽ സ്റ്റാർക്ക് എന്നിവരിടങ്ങുന്ന താരനിരയില്ലാതെയാണ് ഇത്തവണ ഓസീസ് ചാംപ‍്യൻസ് ട്രോഫി കളിക്കാനിറങ്ങുന്നത്

Aswin AM

2023 ഏകദിന ലോകകപ്പിന് ശേഷം മറ്റൊരു ഐസിസി ട്രോഫി ലക്ഷ‍്യമിട്ട് കംഗാരുപ്പട കളത്തിലിറങ്ങുകയാണ്. ബൗളിങ് നിരയിലെ പ്രധാനികളായ നായകൻ പാറ്റ് കമ്മിൻസ്, ജോഷ് ഹേസിൽവുഡ്, മിച്ചൽ സ്റ്റാർക്ക് എന്നിവരിടങ്ങുന്ന താരനിരയില്ലാതെയാണ് ഇത്തവണ ഓസീസ് ചാംപ‍്യൻസ് ട്രോഫി കളിക്കാനിറങ്ങുന്നത്. കുറച്ചധികം കാലമായി പ്രധാനപ്പെട്ട എല്ലാ ടൂർണമെന്‍റുകളിലും മിന്നും പ്രകടനം കാഴ്ചവച്ചവരാണ് മൂവരും. പാറ്റ് കമ്മിൻസും ജോഷ് ഹേസിൽവുഡും പരുക്കു കാരണമാണ് ടൂർണമെന്‍റിൽ നിന്നും പുറത്തായതെങ്കിൽ മിച്ചൽ സ്റ്റാർക്ക് വ‍്യക്തിപരമായ കാരണങ്ങളാലാണ് വിട്ടുനിൽക്കുന്നത്.

‌ഇതിനിടെ ഓൾ റൗണ്ടർ മാർക്കസ് സ്റ്റോയിനിസിന്‍റെ അപ്രാഖ‍്യാപിത വിരമിക്കൽ ടീമിനെ കൂടുതൽ പ്രതിസന്ധിയിലാക്കുന്നു. ഓൾറൗണ്ടറും മുൻ വൈസ് ക‍്യാപ്റ്റനുമായ മിച്ചൽ മാർഷ് പരുക്കു മൂലം നേരത്തെ ടൂർണമെന്‍റിൽ നിന്ന് വിട്ടു നിന്നിരുന്നു. അതിനാൽ സ്റ്റോയ്നിസിന് പ്രധാന റോളാണ് ചാംപ്യൻസ് ട്രോഫിയിൽ കൈകാര്യം ചെയ്യാനുണ്ടായിരുന്നത്. ഓസ്ട്രേലിയ സ്വന്തമാക്കിയ കഴിഞ്ഞ ലോകകപ്പിലും സ്റ്റോയ്നിസിന്‍റെ പ്രകടനങ്ങൾ നിർണായകമായിരുന്നു.

‌പ്രധാനപ്പെട്ട ഈ അഞ്ച് താരങ്ങളും ഇല്ലാതായതോടെ ടീമിന്‍റെ ബൗളിങ് നിര തീർത്തും ദുർബലമായ അവസ്ഥയിലാണ് ഓസ്ട്രേലിയ. അടുത്തിടെ ശ്രീലങ്കൻ പര‍്യടനത്തിൽ നേരിട്ട ദയനീയ തോൽവിയും അത് ഉറപ്പാക്കുന്നു. രണ്ട് ഏകദിന മത്സരങ്ങളുടെ പരമ്പര ശ്രീലങ്ക തൂത്തുവാരി.

സമാനമായ അവസ്ഥ തന്നെയാണ് ബാറ്റിങ് നിരയിലും. ആക്രമണോത്സുക ബാറ്റിങ്ങിന്‍റെ നിറകുടമായ ഡേവിഡ് വാർനറുടെ വിരമിക്കലിന് ശേഷം നല്ലൊരു ഓപ്പണിങ് കോംബിനേഷൻ രൂപപ്പെടുത്താൻ സാധിക്കാത്തതും പോരായ്മയാണ്. ട്രാവിസ് ഹെഡ് മികവ് പുലർത്തുന്നുണ്ടെങ്കിലും, കൂട്ടിന് സ്ഥിരമായി ഒരാൾ ഇപ്പോഴുമില്ല.

മാത‍്യു ഷോർട്ടിനെ ഓപ്പണിങ് ബാറ്ററായി ഉയർത്തിയെങ്കിലും മികച്ച പ്രകടനം കണ്ടെത്താൻ താരത്തിനായിട്ടില്ല. യുവതാരം ജേക് ഫ്രേസർ മക്ഗർകിനെ ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിലും ശ്രീലങ്കൻ പര‍്യടനത്തിലെ മോശം ഫോം തിരിച്ചടിയായി.

മാർഷിന്‍റെയും സ്റ്റോയ്നിസിന്‍റെയും അഭാവത്തിൽ പേസ് ബൗളിങ് ഓൾറൗണ്ടറുടെ റോൾ കൈകാര്യം ചെയ്യുന്നത് ആറോൺ ഹാർഡിയായിരിക്കും. 12 ഏകദിന മത്സരങ്ങൾ കളിച്ച ഹാർഡിക്ക് ബാറ്റിങ്ങിൽ ഇത് വരെ മികച്ച പ്രകടനം കാഴ്ചവയ്ക്കാനായിട്ടില്ല.

525 ഏകദിന വിക്കറ്റുകൾ പങ്കുവയ്ക്കുന്ന പാറ്റ് കമ്മിൻസിനും ജോഷ് ഹേസിൽവുഡിനും മിച്ചൽ സ്റ്റാർക്കിനും പകരകാരായി സ്പെൻസർ ജോൺസൺ, ഷോൺ അബോട്ട്, നഥാൻ എല്ലിസ്, ബെൻ ഡ‍്യാർഷ‍്യസ് എന്നിവരാണുള്ളത്. പ്രധാന താരങ്ങളില്ലാതെ ഓസീസിന് ച‍ാംപ‍്യൻസ് ട്രോഫിയിൽ എത്രമാത്രം മുന്നോട്ടുപോകാൻ കഴിയുമെന്നാണ് കാത്തിരുന്ന് കാണേണ്ടത്.

പമ്പയിൽ വസ്ത്രങ്ങൾ ഉപേക്ഷിക്കുന്നത് ആചാരമല്ല; ഭക്തരെ ബോധ്യപ്പെടുണമെന്ന് ഹൈക്കോടതി

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ലൈംഗിക പീഡനക്കേസ്; അന്വേഷണത്തിന് പ്രത‍്യേക സംഘം

രാഹുൽ മാങ്കൂട്ടത്തിലിനെതിരേ തത്ക്കാലം നടപടിയില്ല; എംഎൽഎ സ്ഥാനം രാജിവയ്ക്കണ്ട

''ജസ്റ്റിസ് ദുലിയയുടെ ശുപാർശ വെറും കടലാസ് കഷ്ണമല്ല'', ഗവർണർക്ക് സുപ്രീംകോടതിയുടെ വിമർശനം

ഡിസംബറിൽ പുടിൻ ഇന്ത‍്യയിലെത്തും