#മുംബൈയില്‍നിന്ന് സി.കെ. രാജേഷ്കുമാര്‍
2011ലെ ലോകകപ്പ് ഫൈനലില്‍ ഏറ്റുമുട്ടിയ രണ്ട് ടീമുകള്‍ അതേ സ്റ്റേഡിയത്തില്‍ 12 വര്‍ഷങ്ങള്‍ക്കു ശേഷം മറ്റൊരു ലോകകപ്പ് മത്സരത്തില്‍ മുഖാമുഖം വരുന്നു. ഇത്തവണ ഫൈനലില്‍ അല്ലെന്നു മാത്രം. എന്നാല്‍, ഈ മത്സരം ഇന്ത്യയെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ടതമാണ്. അതെ, ലോകകപ്പില്‍ ഇന്ത്യ- ശ്രീലങ്ക പോരാട്ടം വിഖ്യാതമായ വാങ്കഡെ സ്റ്റേഡിയത്തില്‍ അരങ്ങേറുമ്പോള്‍ ഇന്നു വിജയിച്ചാല്‍ ഇന്ത്യ സെമിയിലെത്തും.
മത്സരം ഉച്ചകഴിഞ്ഞ് രണ്ടിന് തുടങ്ങും. ലോകകപ്പില്‍ ഇതുവരെ കളിച്ച ആറ് മത്സരങ്ങളും വിജയിച്ച സെമി ഫൈനലിന് അരികേയാണ് രോഹിതും കൂട്ടരും. ശ്രീലങ്കയാകട്ടെ, ആറ് മത്സരങ്ങളില്‍നിന്ന് രണ്ട് വിജയവും നാല് പരാജയവുമടക്കം നാല് പോയിന്റുമായി ഏഴാമതാണ്. ഇന്ന് വിജയിച്ചാല്‍ മാത്രമേ സെമി സാധ്യത നിലനിര്‍ത്താന്‍ ലങ്കയ്ക്കാകൂ.
ഇന്ത്യക്ക് അതേ ടീം
ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തിയ അതേ ടീമുമായാകും ഇന്ത്യ വാംഖഡെയിലും ഇറങ്ങുന്നത്. നായകനെന്ന നിലയിലും ബാറ്റര്‍ എന്ന നിലയിലും മികച്ച പ്രകടനമാണ് രോഹിത് ശര്‍മ നടത്തുന്നത്. ലഖ്നൗവിലെ ബൗളിങ് പിച്ചില്‍ ഗംഭീര ബാറ്റിങ് നടത്തി മാന്‍ ഓഫ് ദ മാച്ചായിരുന്നു രോഹിത്. ഈ ലോകകപ്പില്‍ ഇന്ത്യക്കായി ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയതും മറ്റാരുമല്ല. ആറ് മത്സരങ്ങളില്‍നിന്ന് 398 റണ്‍സാണ് രോഹിതിന്റെ ബാറ്റില്‍ പിറന്നത്. രണ്ടാം സ്ഥാനത്ത് വിരാട് കോലിയാണ്, 354 റണ്‍സ്. കെ.എല്‍. രാഹുലും മികച്ച ഫോമിലാണ്.
ഇംഗ്ലണ്ടിനെതിരേ നിറം മങ്ങിയ ശുഭ്മാന്‍ ഗില്ലും വിരാട് കോലിയും ഈ മത്സരത്തില്‍ മികച്ച പ്രകടനവുമായി ഫോമിലേക്ക് മടങ്ങിയെത്താന്‍ ശ്രമിക്കും. ശ്രേയസ് അയ്യരുടെ സ്ഥിരതയില്ലായ്മ ടീമിന് തലവേദനയാണ്. എന്നാലും ശ്രേയസിനെ മാറ്റാന്‍ സാധ്യതയില്ല. ജഡേജ തന്നെയാകും ഓള്‍റൗണ്ടര്‍ പൊസിഷനില്‍.
ലോകകപ്പ് പുരോഗമിക്കുമ്പോള്‍ ഇന്ത്യന്‍ ബൗളിങ് നിര ഡെഡ്ലി ആയി മാറിക്കഴിഞ്ഞു. ബുംമ്രയും ഷമിയും സിറാജും ചേരുന്ന പേസ് ആക്രമണത്തെ ഇന്ന് ലോകത്തെ ഏത് ബാറ്റര്‍മാരും ഭയപ്പെടുന്നു. 14 വിക്കറ്റുകളുമായി ബുമ്ര ഇന്ത്യന്‍ നിരയില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടിയ താരമാണ്. കേവലം രണ്ട് മത്സരങ്ങളില്‍ കളിച്ച ഷമിയുടെ ഫോം കരിയറിലെ തന്നെ മികച്ച അവസ്ഥയിലാണ്. ഒമ്പത് വിക്കറ്റ് ഇതിനോടകം ഷമി നേടിക്കഴിഞ്ഞു. കുല്‍ദീപിന്റെ ദുരൂഹ ബൗളിങ് ഇതുവരെ ആര്‍ക്കും മനസിലായിട്ടില്ല. 10 വിക്കറ്റ് കുല്‍ദീപ് ഇതുവരെ സ്വന്തമാക്കിയിട്ടുണ്ട്. അങ്ങനെ ലോകകപ്പ് നോക്കൗട്ട് ഘട്ടത്തിലേക്കടുക്കുമ്പോള്‍ കിരീടം നേടാന്‍ ഏറ്റവും സാധ്യതയുള്ള ടീം ഇന്ത്യയായിക്കഴിഞ്ഞു.
പിച്ച് റിപ്പോര്‍ട്ട്
ബാറ്റിങ്ങിനെ പിന്തുണയ്ക്കുന്ന പിച്ചാണെങ്കിലും കളിയുടെ തുടക്കത്തില്‍ പേസ് ബൗളിങ്ങിനെ തുണയ്ക്കും. അതുകൊണ്ടുതന്നെ ടോസ് ലഭിക്കുന്ന ടീം ബൗളിങ്ങാവും തെഞ്ഞെടുക്കുക.
പാണ്ഡ്യ ഇന്നും ഇല്ല
ബംഗ്ലാദേശിനെതിരേ പൂനയില്‍ നടന്ന മത്സരത്തിനിടെ കാല്‍ക്കുഴയ്ക്ക് പരുക്കേറ്റ ഹാര്‍ദിക് പാണ്ഡ്യ ഫിറ്റ്നസ് കൈവരിക്കാന്‍ ഇനിയും കാത്തിരിക്കണം. ഇനിയുള്ള രണ്ട് മത്സരങ്ങളില്‍ക്കൂടി പാണ്ഡ്യക്ക് കളിക്കാനാവില്ലെന്ന് ടീം മാനെജ്മെന്റ് വ്യക്തമാക്കിയിട്ടുണ്ട്. ലീഗ് റൗണ്ടിലെ അവസാന മത്സരത്തില്‍ പാണ്ഡ്യ മടങ്ങിവരുമെന്നാണ് കണക്കുകൂട്ടല്‍. അങ്ങനെയെങ്കില്‍ നെതര്‍ലന്‍ഡ്സിനെതിരേ ബംഗളൂരുവില്‍ നടക്കുന്ന മത്സരത്തിലാകും പാണ്ഡ്യ കളിക്കുന്നത്. ബംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാഡമിയില്‍ ചികിത്സയിലാണ് പാണ്ഡ്യ ഇപ്പോള്‍. ഇന്ത്യക്ക് ഇനി ദക്ഷിണാഫ്രിക്കയും നെതര്‍ലന്‍ഡ്സുമായുള്ള മത്സരങ്ങളാണ് ബാക്കിയുള്ളത്.
മുഖാമുഖം
സമീപകാലത്ത് ഏകദിനത്തില്‍ ഇന്ത്യയെ പരാജയപ്പെടുത്താന്‍ ശ്രീലങ്കയ്ക്കായിട്ടില്ല. അവസാനം ഏറ്റുമുട്ടിയ അഞ്ചു മത്സരങ്ങളില്‍ അഞ്ചിലും ജയം ഇന്ത്യക്കൊപ്പമായിരുന്നു. കഴിഞ്ഞ ഏഷ്യാകപ്പില്‍ 10 വിക്കറ്റിനാണ് ഇന്ത്യ ലങ്കയെ പരാജയപ്പെടുത്തിയത്. കേവലം 50 റണ്‍സിന് ശ്രീലങ്കയില്‍ ഇന്ത്യ, ലങ്കയെ ഓള് ഔട്ടാക്കിയിരുന്നു. ഇന്ത്യയിലും ശ്രീലങ്കയ്ക്കെതിരേ ഇന്ത്യക്ക് മികച്ച റെക്കോഡാണ്. 54 മത്സരങ്ങളില്‍ 39ലും ജയം ഇന്ത്യക്കൊപ്പം നിന്നു.
ഉണരുമോ സിംഹളവീര്യം
ശ്രീലങ്ക അപ്രതീക്ഷിത പ്രകടനം കാഴ്ചവയ്ക്കുന്ന ടീമാണ്. ഏതു ടീമിനോടും തോല്‍ക്കുകയും ഏതു ടീമിനെ തോല്‍പ്പിക്കുകയും ചെയ്യുന്ന ടീം. ഇംഗ്ലണ്ടിനെയും നെതര് ലന്ഡ്സിനെയും മാത്രമാണ് അവര്‍ പരാജയപ്പെടുത്തിയത്. പവര്‍ഹൗസുകളായ പാക്കിസ്ഥാന്, ദക്ഷിണാഫ്രിക്ക എന്നീ ടീമുകളോട് ദയനീയമായി പരാജയപ്പെട്ടു. എന്നാല്‍, അതിലേറെ നാണക്കേടായത് അഫ്ഗാനിസ്ഥാനോടുള്ള പരാജയമായിരുന്നു. എന്നാല്‍, ഇന്ത്യയെ പരാജയപ്പെടുത്തിയാല്‍ ടീമിനു ലഭിക്കുന്ന ആത്മവിശ്വാസം ചെറുതല്ല. വമ്പന്‍ അടികളിലൂടെ ഇന്ത്യന്‍ ബൗളര്‍മാരുടെ മനോവീര്യം കെടുത്താനാകും ലങ്കന്‍ ബാറ്റര്‍മാര്‍ ശ്രമിക്കുക. അതിനുള്ള പരിശീലനമാണ് ഇന്നെ ലങ്കന്‍ ബാറ്റര്‍മാര്‍ നെറ്റ്സില്‍ നടത്തിയത്. അത് ഇന്നലെ മുഖ്യപരിശീലകന്‍ ക്രിസ് സില്‍വര്‍ഹുഡ് പരാമര്‍ശിക്കുകയും ചെയ്തു. നായകന് കുശാല്‍ മെന്‍ഡിസും മികച്ച ഫോമിലാണ്. പതും നിസംഗ- ദിമുത് കരുണരത്നെ ഓപ്പണിങ് ജോടി പിടിച്ചുനിന്നാല്‍ ഇന്ത്യക്ക് അത് വെല്ലുവിളിയാകും. മികച്ച ബൗളിങ് നിരയും അവരുടെ കരുത്താണ്. മഹീഷ് തീക്ഷണയും കുശാല്‍ രജിതയും, ദുഷ്മന്ത് ചമീരയും മികച്ച പ്രകടനമാണ് നടത്തുന്നത്.
സാധ്യതാ ടീം
ഇന്ത്യ
രോഹിത് ശര്‍മ, ശുഭ്മന്‍ ഗില്‍, വിരാട് കോലി, കെ.എല്‍. രാഹുല്‍, ശ്രേയസ് അയ്യര്‍, കെ.എല്‍. രാഹുല്‍്, രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ്, മുഹമ്മദ് ഷമി, ജസ്പ്രീത് ബുമ്ര, മുഹമ്മദ് സിറാജ്.
ശ്രീലങ്ക
പതും നിസങ്ക, ദിമുത് കരുണരത്നെ, കുശാല്‍ മെന്‍ഡിസ്, സമരവിക്രമ, അസലെങ്ക, ധനഞ്ജയ ഡിസില്‍വ, എയ്ഞ്ചലോ മാത്യൂസ്, മഹീഷ് തീക്ഷണ, കസുന്‍ രജിത, ചമീര. ദില്ഷന് മധുഷങ്ക.