വിക്കറ്റ് വീഴ്ത്തിയ മാനവ് സുതാറിന്‍റെ ആഹ്ളാദ പ്രകടനം

 
Sports

ഇനി മാനവ് യുഗം; അഫ്ഗാനിസ്ഥാൻ പൊരുതുന്നു

രണ്ടാം ദിനം അവസാനിക്കുമ്പോൾ 5 വിക്കറ്റ് നഷ്ടത്തിൽ 113 റൺസെന്ന നിലയിലാണ് അഫ്ഗാനിസ്ഥാൻ

Sports Desk

ന്യൂ ചണ്ഡിഗഡ്: ഇന്ത‍്യക്കെതിരായ ഏക ടെസ്റ്റ് മത്സരത്തിൽ മറുപടി ബാറ്റിങ്ങിനിറങ്ങിയ അഫ്ഗാനിസ്ഥാന് ആദ‍്യ 5 വിക്കറ്റ് നഷ്ടമായി. രണ്ടാം ദിനം അവസാനിക്കുമ്പോൾ 5 വിക്കറ്റ് നഷ്ടത്തിൽ 113 റൺസെന്ന നിലയിലാണ് അഫ്ഗാനിസ്ഥാൻ. 43 റൺസുമായി റഹ്മത് ഷാ ക്രീസിൽ.

ഇന്ത‍്യക്കു വേണ്ടി മാനവ് സുതാർ മൂന്നും പ്രസിദ്ധ് കൃഷ്ണ രണ്ടു വിക്കറ്റും വീഴ്ത്തി. ഇന്ത‍്യ ഒന്നാം ഇന്നിങ്സിൽ ഉയർത്തിയ 564 റൺസിന് മറുപടി ബാറ്റിങ്ങിനിറങ്ങിയ അഫ്ഗാനിസ്ഥാന് അത്ര മികച്ച തുടക്കമായിരുന്നില്ല ലഭിച്ചത്.

ആറാം ഓവറിൽ തന്നെ ആദ‍്യ വിക്കറ്റ് വീണു. അരങ്ങേറ്റക്കാരൻ മാനവ് സുതാറാണ് ഓപ്പണർ അബ്ദുൾ മാലിക്കിനെ (16) മുഹമ്മദ് സിറാജിന്‍റെ കൈകളിലെത്തിച്ചത്. അരങ്ങേറ്റ ടെസ്റ്റിലെ ആദ്യ ഓവറിൽ വിക്കറ്റ് നേടുന്ന എട്ടാമത്തെ മാത്രം ഇന്ത്യക്കാരനാണ് മാനവ് സുതാർ. 25 വർഷം മുൻപ് ടിനു യോഹന്നാനാണ് അവസാനമായി ഈ നേട്ടം കൈവരിച്ചത്.

രവിചന്ദ്രൻ അശ്വിൻ ടെസ്റ്റ് ക്രിക്കറ്റ് മതിയാക്കിയ ശേഷം അതേ ഇംപാക്റ്റ് ഉണ്ടാക്കാൻ കെൽപ്പുള്ള താരത്തിന്‍റെ അഭാവം ഏറെ നാളായി ഇന്ത‍്യൻ ടീമിലുണ്ടായിരുന്നു. ഇതിനൊരു പരിഹാരമായി ഇന്ത‍്യ കണ്ടെത്തിയ വജ്രായുധമാണ് മാനവ് സുതാർ. ബാറ്റിങ്ങിലും 28 റൺസ് നേടി അരങ്ങേറ്റത്തിൽ കഴിവ് തെളിയിച്ചു താരം. സെദിഖുള്ള അതലിനെ (17) പ്രസിദ്ധ് കൃഷ്ണ ക്ലീൻ ബൗൾ ചെയ്തപ്പോൾ, റഹ്മാനുള്ള ഗുർബാസിനെയും (12) സുതാർ തന്നെ തിരിച്ചയച്ചു.

ഹഷ്മത്തുള്ള ഷാഹിദിയെ വിക്കറ്റിനു മുന്നിൽ കുടുക്കിയ പ്രസിദ്ധ് കൃഷ്ണ അഫ്ഗാനിസ്ഥാന്‍റെ നാലാം വിക്കറ്റും പിഴുതു. മാനവ് സുതാർ തന്നെ അഫ്സർ സസായിയെയും പുറത്താക്കി അഫ്ഗാനിസ്ഥാന്‍റെ മധ‍്യനിര തകർത്തു. 451 റൺസ് കൂടി വേണം ഇനി അഫ്ഗാനിസ്ഥാന് ലീഡെടുക്കാൻ. 5 വിക്കറ്റുകളാണ് ശേഷിക്കുന്നത്. ഓൾഔട്ടായാൽ ഒരിന്നിങ്സിന് ഇന്ത‍്യ വിജയിക്കും.

അഫ്ഗാനിസ്ഥാനെതിരേ ഇന്ത്യൻ ഓൾറൗണ്ടർ വാഷിങ്ടൺ സുന്ദറിന്‍റെ ഷോട്ട്.

അതേസമയം, നേരത്തെ ആദ‍്യം ബാറ്റ് ചെയ്ത ഇന്ത‍്യ ക‍്യാപ്റ്റൻ ശുഭ്മൻ ഗിൽ (126), കെ.എൽ. രാഹുൽ (100) ഋഷഭ് പന്ത് (81), വാഷിങ്ടൺ സുന്ദർ (52 നോട്ടൗട്ട്) എന്നിവരുടെ പ്രകടനത്തിന്‍റെ മികവിലാണ് ഇന്ത‍്യ അഫ്ഗാനിസ്ഥാനെതിരേ കൂറ്റൻ സ്കോർ അടിച്ചെടുത്തത്.

ഏഴും എട്ടും നമ്പറുകളിൽ ബാറ്റ് ചെയ്യാനിറങ്ങി‍യ സുന്ദറും മാനവ് സുതാറും ചേർന്നാണ് റൺ വേട്ട തുടർന്നത്. അരങ്ങേറ്റ മത്സരത്തിൽ 28 റൺസെടുത്ത സുതാർ, അഫ്ഗാൻ ഫാസ്റ്റ് ബൗളർ മുഹമ്മദ് സലിമിന്‍റ് അഞ്ചാമത്തെ ഇരയായി. പിന്നീട് മുഹമ്മദ് സിറാജിനെ (12 പന്തിൽ 22) ക്ലീൻ ബൗൾ ചെയ്ത സലിം ആറാം വിക്കറ്റും സ്വന്തമാക്കി.

മുഹമ്മദ് സലിം തന്നെയാണ് നേരത്തെ യശസ്വി ജയ്സ്വാളിനെയും (24) സായ് സുദർനെയും (81) ഗില്ലിനെയും ജുറലിനെയും പുറത്താക്കിയത്. ഋഷഭ് പന്തിന്‍റെ വിക്കറ്റ് അഫ്ഗാൻ ക്യാപ്റ്റൻ ഹഷ്മത്തുള്ള ഷാഹിദിക്ക്. സുന്ദർ 52 റൺസും കുൽദീപ് യാദവ് 9 റൺസുമെടുത്ത് പുറത്താകാതെ നിന്നു. സിയാഉർ റഹ്മാനും ഹഷ്മത്തുള്ള ഷാഹിദിക്കും ഓരോ വിക്കറ്റ്.

ഏഷ്യൻ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയുടെ ക്വാർട്ടർ ഫൈനൽ മഴ മുടക്കി

ഇൻഫ്ലുവൻസർ നിധി ജീവനൊടുക്കി; കോൾ റെക്കോഡ് പരിശോധിക്കുമെന്ന് പൊലീസ്

അമ്മ സംഘടനയിലെ പ്രശ്നം തീർക്കാൻ വേണ്ടി മാത്രം പ്രത്യേക കോടതി വേണ്ടിവരുമല്ലോ? ലക്ഷ്മിപ്രിയയുടെ ഹർജിയിൽ ഹൈക്കോടതി

മാധ്യമ പ്രവർത്തകർ തിക്കും തിരക്കും കൂട്ടുന്നു; മുഖ്യമന്ത്രി വി.ഡി. സതീശന്‍റെ സുരക്ഷ കൂട്ടും

പ്രിയദർശിനി ബസിൽ പെൺകുട്ടിയെ അപമാനിച്ചെന്ന പരാതി; സസ്പെൻഷന് പിന്നാലെ കണ്ടക്റ്റർക്കെതിരേ കേസ് രജിസ്റ്റർ ചെയ്തു