ധ്രുവ് ജുറൽ
ബംഗളൂരു: ദക്ഷിണാഫ്രിക്ക എയ്ക്കെതിരായ രണ്ടാം അനൗദ്യോഗിക ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യ എയ്ക്ക് വ്യക്തമായ മുൻതൂക്കം. രണ്ടാം ഇന്നിങ്സിൽ 382/7 എന്ന സ്കോറിൽ ഇന്ത്യ എ ഡിക്ലയർ ചെയ്തു. ഇതോടെ സന്ദർശകർക്ക് 417 റൺസായി വിജയലക്ഷ്യം. ചേസിങ് ആരംഭിച്ച ദക്ഷിണാഫ്രിക്ക എ മൂന്നാം ദിനം കളി നിർത്തുമ്പോൾ വിക്കറ്റ് നഷ്ടമില്ലാതെ 25 റൺസെടുത്തിട്ടുണ്ട്.
ധ്രുവ് ജുറലിന്‍റെ രണ്ടാം സെഞ്ചുറിയാണ് കളിയിൽ ഇന്ത്യ എയ്ക്ക് മേൽക്കൈ സമ്മാനിച്ചത്. 127 റൺസുമായി പുറത്താകാതെ നിന്ന ജുറൽ 15 ഫോറും ഒരു സിക്സും പറത്തി. മൂന്നാം ദിനം ഇന്ത്യ എയുടെ തുടക്കം നന്നായിരുന്നില്ല. കെ.എൽ. രാഹുലും (27) കുൽദീപ് യാദവും (16) തലേ ദിവസത്തെ സ്കോറിൽ അധികം റൺസ് ചേർക്കാതെ മടങ്ങി. ഒരു ഘട്ടത്തിൽ അഞ്ചിന് 116 എന്ന നിലയിലായിരുന്നു ഇന്ത്യ എ. എന്നാൽ ആറാം വിക്കറ്റിൽ ഹർഷ് ദുബെയെ (84) കൂട്ടുപിടിച്ച ജുറൽ ഇന്ത്യ എയെ കരകയറ്റി.
ഈ സഖ്യം 184 റൺസ് വാരി. ഒന്നാം ഇന്നിങ്സിൽ പുറത്താകാതെ 132 റൺസ് നേടിയ ജുറൽ ഇന്ത്യൻ ടെസ്റ്റ് ടീമിൽ സ്ഥാനത്തിനുള്ള അവകാശവാദം കൂടുതൽ ബലപ്പെടുത്തുന്ന പ്രകടനമാണു വീണ്ടും പുറത്തെടുത്തത്. പഴുതടച്ച ബാറ്റിങ് കാഴ്ചവച്ച ജുറൽ എതിർ ബൗളർമാർക്ക് യാതൊരു പഴുതും നൽകിയില്ല. മികച്ച ടൈമിങ് കാത്തുസൂക്ഷിച്ച ജുറൽ കട്ടുകളും ഡ്രൈവുകളും യഥേഷ്ടം കളിച്ചു. ക്യാപ്റ്റൻ ഋഷഭ് പന്തും ഉശിരൻ ബാറ്റിങ് കാഴ്ചവച്ചു. അഞ്ചു ബൗണ്ടറിയും നാലു സിക്സും ഉൾപ്പെടെ 54 പന്തിൽ 65 റൺസ് താരം ടീം സ്കോറിൽ സംഭാവന ചെയ്തു. ദക്ഷിണാഫ്രിക്ക എയുടെ ഒക്ലുഹെ സെലെ മൂന്നു വിക്കറ്റ് പിഴുതു.