ഷാർജ: അണ്ടർ-19 ഏഷ്യ കപ്പ് ക്രിക്കറ്റ് ടൂർണമെന്‍റിൽ ഇന്ത്യ ഫൈനലിൽ കടന്നു. സെമി ഫൈനലിൽ ശ്രീലങ്കയെ തോൽപ്പിച്ചത് ഏഴ് വിക്കറ്റിന്.
ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക 46.2 ഓവറിൽ 173 റൺസിന് പുറത്തായി. ഇന്ത്യക്കു വേണ്ടി ചേതൻ ശർമ മൂന്ന് വിക്കറ്റ് നേടിയപ്പോൾ, കിരൺ ചോർമലെയ്ക്കും ആയുഷ് മാത്രെയ്ക്കും രണ്ട് വിക്കറ്റ് വീതം കിട്ടി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് ആയുഷ് മാത്രെയും (28 പന്തിൽ 34) രാജസ്ഥാൻ റോയൽസ് ഐപിഎൽ ലേലത്തിൽ സ്വന്തമാക്കിയ വൈഭവ് സൂര്യവംശിയും (36 പന്തിൽ 67) ചേർന്ന് വെടിക്കെട്ട് തുടക്കം നൽകി.
ടീം സ്കോർ 91 റൺസിലെത്തിയപ്പോഴാണ് മുംബൈ സീനിയർ ടീമിന്‍റെ ഓപ്പണറായ മാത്രെ പുറത്താകുന്നത്. ആക്രമണം തുടർന്ന പതിമൂന്നുകാരൻ സൂര്യവംശി ടൂർണമെന്‍റിൽ തുടർച്ചയായ രണ്ടാം അർധ സെഞ്ച്വറിയും കണ്ടെത്തി. അഞ്ച് സിക്സും ആറ് ഫോറും ഉൾപ്പെട്ടതായിരുന്നു ഇന്നിങ്സ്.
വെറും 21.4 ഓവറിൽ ഇന്ത്യ ലക്ഷ്യം നേടി. ആന്ദ്രെ സിദ്ധാർഥ് 22 റൺസെടുത്ത് പുറത്തായപ്പോൾ, ക്യാപ്റ്റൻ മുഹമ്മദ് അമാൻ 25 റൺസും കെ.പി. കാർത്തികേയ 11 റൺസുമെടുത്ത് പുറത്താകാതെ നിന്നു.
മറ്റൊരു സെമി ഫൈനൽ മത്സരത്തിൽ പാക്കിസ്ഥാനെ തോൽപ്പിച്ച ബംഗ്ലാദേശാണ് ഫൈനലിൽ ഇന്ത്യയുടെ എതിരാളികൾ.
ടോസ് നേടിയ ബംഗ്ലാദേശ് ഫീൽഡിങ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യ റൗണ്ട് മത്സരത്തിൽ ഇന്ത്യയെ തോൽപ്പിച്ച പാക്കിസ്ഥാൻ പക്ഷേ ഇക്കുറി 37 ഓവറിൽ വെറും 116 റൺസിന് ഓൾഔട്ടായി. ബംഗ്ലാദേശ് 22.1 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം നേടി.