ചാംപ‍്യൻസ് ട്രോഫി; ഇന്ത‍്യൻ ടീമിനെ രോഹിത്ത് നയിക്കും, സഞ്ജു ഇല്ല 
Sports

ചാംപ‍്യൻസ് ട്രോഫി; ഇന്ത‍്യൻ ടീമിനെ രോഹിത് നയിക്കും, സഞ്ജു ഇല്ല

ബുംറയുടെ ന്യൂബോൾ പങ്കാളിയായി മുഹമ്മദ് ഷമി തിരിച്ചെത്തിയപ്പോൾ മുഹമ്മദ് സിറാജ് പുറത്തായി. അർഷ്ദീപ് സിങ്ങാണ് ടീമിലെ മൂന്നാം പേസർ.

ന‍്യൂഡൽ‌ഹി: ഐസിസി ചാംപ‍്യൻസ് ട്രോഫിക്കുള്ള ഇന്ത‍്യൻ ക്രിക്കറ്റ് ടീം പ്രഖ‍്യാപിച്ചു. 50 ഓവർ ഫോർമാറ്റിൽ നടത്തുന്ന ടൂർണമെന്‍റിൽ രോഹിത് ശർമയാണ് നായകൻ. ശുഭ്മ‌ൻ ഗില്ലിനെ വൈസ് ക‍്യാപ്റ്റനായി പ്രഖ‍്യാപിച്ചതാണ് സവിശേഷത. അതേസമയം, വിജയ് ഹസാരെ ട്രോഫി ആഭ്യന്തര ഏകദിന ടൂർണമെന്‍റ് കളിക്കാതിരുന്ന മലയാളി താരം സഞ്ജു സാംസണ് ടീമിൽ ഇടം നേടാനായില്ല.

വിക്കറ്റ് കീപ്പർ ബാറ്റർമാരായി കെ.എൽ. രാഹുലും ഋഷഭ് പന്തുമാണ് ടീമിലുള്ളത്. വിരാട് കോലി സ്ഥാനം നിലനിർത്തി. ബാക്കപ്പ് ഓപ്പണറായി യശസ്വി ജയ്സ്വാളും ടീമിൽ ഇടം നേടിയിട്ടുണ്ട്. ശ്രേയസ് അയ്യരും മധ്യനിരയിലെത്തും.

ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കിടെ പരുക്കേറ്റ ഫാസ്റ്റ് ബൗളർ ജസ്പ്രീത് ബുംറയെയും, ശസ്ത്രക്രിയ കഴിഞ്ഞ് വിശ്രമത്തിലായിരുന്ന സ്പിന്നർ കുൽദീപ് യാദവിനെയും ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ഇതേ ടീം തന്നെയാകും മൂന്ന് ഏകദിന മത്സരങ്ങൾ ഉൾപ്പെട്ട പരമ്പരയിൽ ഇംഗ്ലണ്ടിനെയും നേരിടുക. ഈ പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളിൽ ബുംറയ്ക്ക് വിശ്രമം അനുവദിക്കാൻ സാധ്യതയുള്ള സാഹചര്യത്തിൽ ഹർഷിത് റാണയെ ബാക്കപ്പ് ആയി ഉൾപ്പെടുത്തിയിട്ടുണ്ട്.

ബുംറയുടെ ന്യൂബോൾ പങ്കാളിയായി മുഹമ്മദ് ഷമി തിരിച്ചെത്തിയപ്പോൾ മുഹമ്മദ് സിറാജ് പുറത്തായി. അർഷ്ദീപ് സിങ്ങാണ് ടീമിലെ മൂന്നാം പേസർ.

പേസ് ബൗളിങ് ഓൾറൗണ്ടറായി ഹാർദിക് പാണ്ഡ്യ എത്തിയപ്പോൾ നിതീഷ് കുമാർ റെഡ്ഡിക്ക് അവസരമില്ല. രവീന്ദ്ര ജഡേജ, അക്സർ പട്ടേൽ, വാഷിങ്ടൺ സുന്ദർ എന്നിവരാണ് സ്പിൻ ബൗളിങ് ഓൾറൗണ്ടർമാർ.

ടീം ഇന്ത്യ: രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശുഭ്മാന്‍ ഗില്‍ (വൈസ് ക്യാപ്റ്റന്‍), വിരാട് കോലി, ശ്രേയസ് അയ്യര്‍, കെ.എല്‍. രാഹുല്‍ (വിക്കറ്റ് കീപ്പർ), ഹാര്‍ദിക് പാണ്ഡ്യ, അക്സര്‍ പട്ടേല്‍, വാഷിങ്ടൺ സുന്ദര്‍, കുല്‍ദീപ് യാദവ്, ജസ്പ്രീത് ബുമ്ര, മുഹമ്മദ് ഷമി, അര്‍ഷ്ദീപ് സിങ്, യശസ്വി ജയ്സ്വാള്‍, രവീന്ദ്ര ജഡേജ, ഋഷഭ് പന്ത് (വിക്കറ്റ് കീപ്പർ).

ബെല്ലിന്‍റെ നിയന്ത്രണം ബസ് കണ്ടക്റ്റർക്ക്, വ്യക്തിപരമായ വിഷയങ്ങളിൽ ഇടപെടില്ല: ഗണേഷ് കുമാർ

അതിശക്ത മഴ‍യ്ക്ക് സാധ്യത; ജാഗ്രതാ നിർദേശവുമായി കാലാവസ്ഥാ വകുപ്പ്

ബിഹാർ വോട്ടർപട്ടികയിൽ നേപ്പാൾ, മ്യാൻമർ, ബംഗ്ലാദേശ് പൗരന്മാർ

വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന പരാതി; കണ്ണൂര്‍ സ്വദേശി പിടിയില്‍

ഗവര്‍ണര്‍ കേരളത്തിന് അപമാനം: കെ.സി. വേണുഗോപാല്‍ എംപി‌