മാറ്റ് റെൻഷോ

 
Sports

ശുഭ്മൻ ഗിൽ ക‍്യാപ്റ്റനായ ആദ‍്യ ഏകദിനത്തിൽ ഇന്ത‍്യക്ക് തോൽവി

മഴ മൂലം 26 ഓവറായി വെട്ടിചുരുക്കിയ മത്സരത്തിൽ ഡെക്ക് വർത്ത് ലൂയിസ് നിയമ പ്രകാരം 131 റൺസ് വിജയലക്ഷ‍്യം ഓസീസ് 3 വിക്കറ്റ് നഷ്ടത്തിൽ 21.1 ഓവറിൽ മറികടന്നു

Aswin AM

പെർത്ത്: ശുഭ്മൻ ഗിൽ ക‍്യാപ്റ്റനായ ആദ‍്യ ഏകദിനത്തിൽ ഇന്ത‍്യക്ക് തോൽവി. മഴ മൂലം 26 ഓവറായി വെട്ടിചുരുക്കിയ മത്സരത്തിൽ ഡെക്ക് വർത്ത് ലൂയിസ് നിയമ പ്രകാരം 131 റൺസ് വിജയലക്ഷ‍്യം ഓസീസ് 3 വിക്കറ്റ് നഷ്ടത്തിൽ 21.1 ഓവറിൽ മറികടന്നു. പുറത്താവാതെ 46 റൺസ് നേടിയ ഓസീസ് ക‍്യാപ്റ്റൻ മിച്ചൽ മാർഷാണ് ടീമിന്‍റെ ടോപ് സ്കോറർ.

3 സിക്സും 2 ബൗണ്ടറികളും അടങ്ങുന്നതായിരുന്നു താരത്തിന്‍റെ ഇന്നിങ്സ്. മാർഷിനു പുറമെ ജോഷ് ഫിലിപ്പ് (37), മാറ്റ് റെൻഷോ (21) എന്നിവരും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. ഇന്ത‍്യക്കു വേണ്ടി അർഷ്ദീപ് സിങ്, നിതീഷ് കുമാർ റെഡ്ഡി, അക്ഷർ പട്ടേൽ എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത‍്യക്ക് മോശം തുടക്കമായിരുന്നു ലഭിച്ചത്. ടീം സ്കോർ 13 റൺസിൽ നിൽക്കെ ഓപ്പണിങ് ബാറ്റർ രോഹിത് ശർമയെ (8) നഷ്ടമായി. ജോഷ് ഹേസൽവുഡിനായിരുന്നു വിക്കറ്റ്. ഹേസൽവുഡ് എറിഞ്ഞ ഗുഡ് ലെങ്ത്ത് ഡെലിവറി രോഹിത്തിന് പ്രതിരോധിക്കാനായില്ല.

പിന്നാലെയെത്തിയ വിരാട് കോലിക്കും (0) തിളങ്ങാനായില്ല. 7 പന്തുകൾ നേരിട്ട ശേഷം കവറിലൂടെ ബൗണ്ടറി അടിക്കാനുള്ള കോലിയുടെ ശ്രമം കൂപ്പർ കോണോലി കൈകളിൽ ഒതുക്കുകയായിരുന്നു. ഇതോടെ ഓസീസ് ഒരുക്കിയ ഓഫ് സൈഡ് കെണിയിൽ വീണ്ടും കോലി കുടുങ്ങി. ആദ‍്യമായാണ് കോലി ഓസ്ട്രേലിയയിൽ പൂജ‍്യത്തിനു മടങ്ങുന്നത്.

7 മാസങ്ങളുടെ ഇടവേളകൾ കഴിഞ്ഞ് കളിക്കുന്ന ആദ‍്യ മത്സരത്തിൽ തന്നെ നിരാശയാണ് ഇരു താരങ്ങളും ആരാധകർക്ക് സമ്മാനിച്ചത്. ശ്രേയസ് അയ്യർ (11), ക‍്യാപ്റ്റൻ ശുഭ്മൻ ഗിൽ, (10) വാഷിങ്ടൺ സുന്ദർ (10) എന്നിവർക്കും കാര‍്യമായ പ്രകടനങ്ങൾ കാഴ്ചവയ്ക്കാനായില്ല. രാഹുലിനു പുറമെ അക്ഷർ പട്ടേലിനു മാത്രമാണ് ഭേദപ്പെട്ട പ്രകടനം പുറത്തെടുക്കാനായത്. 38 പന്തിൽ 3 ബൗണ്ടറി ഉൾപ്പടെ താരം 31 റൺസ് നേടി.ഓസ്ട്രേലിയക്കു വേണ്ടി ജോഷ് ഹേസൽവുഡ്, മാത‍്യു കുഹ്നെമാൻ, മിച്ചൽ ഓവൻ എന്നിവർ രണ്ടും മിച്ചൽ സ്റ്റാർക്ക്, നഥാൻ എല്ലിസ് എന്നിവർ ഒരു വിക്കറ്റ് വീതവും വീഴ്ത്തി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഓസീസ് ബാറ്റർ ട്രാവിസ് ഹെഡ് ആക്രമണോത്സുക ബാറ്റിങ് പുറത്തെടുക്കാൻ ശ്രമിച്ചെങ്കിലും അർഷ്ദീപ് സിങ്ങിന്‍റെ ഔട്ട്സ്വിങ്ങറിൽ പിടിച്ചു നിൽക്കാനായില്ല. ഹർഷിത് റാണയ്ക്ക് ക‍്യാച്ച് നൽകിയായിരുന്നു മടക്കം.

ഹെഡ് പുറത്തായെങ്കിലും ഇന്ത‍്യൻ ബൗളർമാർക്ക് പിടികൊടുക്കാതെ ഒരു വശത്ത് നിന്ന് മാർഷ് നിലയുറപ്പിച്ചു. ഇതിനിടെ മാത‍്യു ഷോർ‌ട്ടിന്‍റെ (8) വിക്കറ്റ് അക്ഷർ പട്ടേൽ വീഴ്ത്തിയെങ്കിലും ഫലമുണ്ടായില്ല. തുടർന്ന് മിച്ചൽ മാർഷിനൊപ്പം ജോഷ് ഫിലിപ്പും ചേർന്നതോടെ ഓസീസ് ഇന്ത‍്യക്കെതിരേ അനായാസ ജയം നേടി. 55 റൺസായിരുന്നു ഇരുവരും കൂട്ടുകെട്ടിലൂടെ അടിച്ചെടുത്തത്. ജോഷ് ഫിലിപ്പ് പുറത്തായതിനു പിന്നാലെ ക്രീസിലെത്തിയ മാറ്റ് റെൻഷോയും മാർഷും ചേർന്നാണ് ഓസീസിനെ വിജയ തീരത്തിലെത്തിച്ചത്.

വീട്ടമ്മയുടെ ആത്മഹത്യ; ജോസ് ഫ്രാങ്ക്ളിന് സസ്പെൻഷൻ

ലണ്ടനിലേക്ക് താമസം മാറിയതിന് പിന്നിലെന്ത്‍? കാരണം വ‍്യക്തമാക്കി വിരാട് കോലി

വിവാഹിതയായ മകളെ പീഡിപ്പിക്കാൻ ശ്രമം; 62കാരൻ അറസ്റ്റിൽ

പാരിസിലെ ലൂവ്റ് മ്യൂസിയത്തിൽ മോഷണം; മ്യൂസിയം അടച്ചു

കടയ്ക്കലിൽ സിപിഐയിൽ കൂട്ടരാജി; 700ലധികം പേർ രാജിവച്ചെന്ന് നേതാക്കൾ