ബ്രിസ്ബെയ്ൻ: രവീന്ദ്ര ജഡേജയും ആകാശ് ദീപും ജസ്പ്രീത് ബുംറയും നടത്തിയ ചെറുത്തുനിൽപ്പുകളുടെ ബലത്തിൽ ഇന്ത്യ ഓസ്ട്രേലിയക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഫോളോ ഓൺ ഒഴിവാക്കി. 445 റൺസാണ് ഓസ്ട്രേലിയ ആദ്യ ഇന്നിങ്സിൽ നേടിയത്. ആതിഥേയരെ രണ്ടാമതും ബാറ്റ് ചെയ്യിക്കാൻ ഇന്ത്യക്ക് ആവശ്യം 245 റൺസായിരുന്നു. നാലാം ദിവസം കളി അവസാനിപ്പിക്കുമ്പോൾ ഇന്ത്യ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 252 റൺസ് എന്ന നിലയിലാണ്.
ഓസ്ട്രേലിയക്ക് ഇപ്പോഴും 193 റൺസിന്‍റെ ലീഡ് ഉണ്ടെങ്കിലും, ഒരു ദിവസം മാത്രം ശേഷിക്കുന്ന മത്സരം ഇനി സമനിലയിൽ അവസാനിക്കാനാണ് സാധ്യത. ബുംറയും (10*) ആകാശ് ദീപും (27*) ക്രീസിൽ തുടരുന്നു.
നേരത്തെ, കെ.എൽ. രാഹുലിന്‍റെ പോരാട്ടവീര്യമാണ് ഇന്ത്യക്ക് ഭേദപ്പെട്ട സ്കോറിനുള്ള അടിത്തറയിട്ടത്. ഓപ്പണറായിറങ്ങിയ രാഹുൽ 139 പന്തിൽ എട്ട് ബൗണ്ടറി സഹിതം 84 റൺസെടുത്തു പുറത്താകുന്നത് ആറാമനായാണ്. നാലാം ദിവസം രാവിലെ പൂജ്യത്തിൽ ബാറ്റിങ് പുനരാരംഭിച്ച രോഹിത് ശർമയുടെ വിക്കറ്റാണ് ഇന്ത്യക്ക് ആദ്യം നഷ്ടമായത്. 27 പന്തിൽ 10 റൺസാണ് ഇന്ത്യൻ ക്യാപ്റ്റന്‍റെ സംഭാവന. ആ സമയം ടീം സ്കോർ 74/5.
അവിടെവച്ച് രാഹുലിനൊപ്പം ചേർന്ന രവീന്ദ്ര ജഡേജ ആത്മവിശ്വാസത്തോടെ സ്കോർ ബോർഡ് ചലിപ്പിച്ചു. ആറാം വിക്കറ്റ് കൂട്ടുകെട്ട് 67 റൺസാണ് കൂട്ടിച്ചേർത്തത്. ടീം സ്കോർ 141 റൺസിലെത്തിയപ്പോൾ രാഹുൽ വീണു. അവിടെനിന്ന് നിതീഷ് കുമാർ റെഡ്ഡിക്കൊപ്പം 53 റൺസ് കൂട്ടുകെട്ട് സൃഷ്ടിച്ചു ജഡേജ. 61 പന്തിൽ 16 റൺസ് മാത്രമാണ് നേടിയതെങ്കിലും, ഫോളോ ഓൺ ഒഴിവാക്കുന്നതിൽ നിതീഷിന്‍റെ ഇന്നിങ്സും നിർണായകമായി.
ടീം സ്കോർ 194ൽ എത്തിയപ്പോൾ നിതീഷും, 201ൽ വച്ച് മുഹമ്മദ് സിറാജും (1) വീഴുമ്പോൾ ഫോളോ ഓൺ ഒഴിവാക്കാൻ സന്ദർശകർക്ക് 44 റൺസ് കൂടി വേണ്ടിയിരുന്നു. 123 പന്തിൽ ഏഴ് ഫോറും ഒരു സിക്സും സഹിതം 77 റൺസെടുത്ത ജഡേജ പുറത്താകുമ്പോൾ ടീം സ്കോർ 213. പിന്നെയും 31 റൺസ് അകലം.
എന്നാൽ, അവിടെ ഒരുമിച്ച ബുംറയും ആകാശും ചേർന്ന് 39 റൺസ് ചേർത്തിട്ടുണ്ട്. ബുംറ 27 പന്തിൽ ഒരു സിക്സർ സഹിതമാണ് 10 റൺസെടുത്ത് പുറത്താകാതെ നിൽക്കുന്നത്. 31 പന്ത് മാത്രം നേരിട്ട പതിനൊന്നാമൻ ആകാശ് രണ്ട് ഫോറും ഒരു സിക്സും സഹിതം 27 റൺസും നേടിക്കഴിഞ്ഞു.
നാല് വിക്കറ്റ് നേടിയ ക്യാപ്റ്റൻ പാറ്റ് കമ്മിൻസും മൂന്ന് വിക്കറ്റ് നേടിയ മിച്ചൽ സ്റ്റാർക്കുമാണ് ഓസ്ട്രേലിയൻ ബൗളർമാരിൽ തിളങ്ങിയത്. ജോഷ് ഹേസൽവുഡിനും നേഥൻ ലിയോണിനും ഓരോ വിക്കറ്റും കിട്ടി.