ഗൗതം ഗംഭീർ, രോഹിത് ശർമ, വിരാട് കോലി
പെർത്ത്: ഏഴു മാസത്തെ ഇടവേളയ്ക്കു ശേഷം രോഹിത് ശർമയും വിരാട് കോലിയും ഓസ്ട്രേലിയക്കെതിരേ ഞായറാഴ്ച കളത്തിലിറങ്ങുകയാണ്. ഇരുവരുടെയും തിരിച്ചു വരവ് ഏറെ പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്. ചാംപ‍്യൻസ് ട്രോഫിക്കു ശേഷം രോഹിത് ശർമയും വിരാട് കോലിയും കളിക്കുന്ന ആദ‍്യ പരമ്പരയാണിത്.
ടെസ്റ്റും ടി20യും മതിയാക്കിയ ഇരു താരങ്ങളും ഏകദിനത്തിൽ മാത്രമാണ് നിലവിൽ സജീവമായിട്ടുള്ളത്. അതേസമയം, ഓസീസ് പ്രധാന താരങ്ങളില്ലാതെയാണ് ഇന്ത‍്യക്കെതിരേ ഏറ്റുമുട്ടുന്നത്.
പരുക്കേറ്റതിനാൽ കാമറോൺ ഗ്രീൻ, പാറ്റ് കമ്മിൻസ്, ഗ്ലെൻ മാക്സ്‌വെൽ എന്നിവർക്ക് പരമ്പര നഷ്ടമായേക്കും. പരമ്പരയിലെ ആദ‍്യ രണ്ടു മത്സരത്തിൽ ജോഷ് ഇംഗ്ലിസും ആദ‍്യ മത്സരത്തിൽ ആദം സാംപയും കളിക്കില്ലെന്ന് വ‍്യക്തമാക്കിയിരുന്നു. പരുക്ക് ഭേദമാകാത്തത് മൂലമാണ് ജോഷ് ഇംഗ്ലിസ് കളിക്കാത്തതെങ്കിൽ വ‍്യക്തിപരമായ കാരണങ്ങളാലാണ് സാംപ കളിക്കാത്തത്.
ജോഷ് ഇംഗ്ലിസിനു പകരം ജോഷ് ഫിലിപ്പിനെയും ആദം സാംപയ്ക്കു പകരം മാത‍്യു കുനെമാനിനെയും ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഷെഫീൽഡ് ഷീൽഡ് മത്സരം കളിക്കുന്നതിനാൽ വിക്കറ്റ് കീപ്പർ അലക്സ് കാരിയും ഏകദിന പരമ്പരയിലെ ആദ‍്യ മത്സരം കളിക്കിച്ചേക്കില്ല. 2015നു ശേഷം ഓസ്ട്രേലിയയിൽ നടന്ന മൂന്നു പരമ്പരകളിലും ഇന്ത‍്യയ്ക്ക് വിജയിക്കാൻ സാധിച്ചിട്ടില്ല. ഈ പരമ്പരയോടെ അതിനൊരു അന്ത‍്യമാകുമെന്ന് കരുതാം.
മത്സരം എവിടെ കാണാം
സ്റ്റാർ സ്പോർട്സ് നെറ്റ്‌വർക്കിലും ജിയോ ഹോട്സ്റ്റാറിലും മത്സരം കാണാനാകും
ഒന്നാം ഏകദിനത്തിനുള്ള ഓസ്ട്രേലിയൻ ടീം: മിച്ചൽ മാർഷ് (ക്യാപ്റ്റൻ), സേവ്യർ ബാർട്ട്‌ലെറ്റ്, കൂപ്പർ കോണോലി, ബെൻ ഡ്വാർഷൂയിസ്, നഥാൻ എല്ലിസ്, ജോഷ് ഹേസൽവുഡ്, ട്രാവിസ് ഹെഡ്, മാത്യു കുഹ്നെമാൻ, മാർനസ് ലബുഷെയ്ൻ, മിച്ചൽ ഓവൻ, ജോഷ് ഫിലിപ്പ്, മാറ്റ് റെൻഷോ, മാത്യു ഷോർട്ട്, മിച്ചല്‍ സ്റ്റാര്‍ക്ക്
ഏകദിന പരമ്പരയ്ക്കുള്ള ഇന്ത‍്യൻ ടീം: ശുഭ്മൻ ഗിൽ (ക്യാപ്റ്റൻ), രോഹിത് ശർമ, വിരാട് കോലി, ശ്രേയസ് അയ്യർ (വൈസ്-ക്യാപ്റ്റൻ), അക്ഷർ പട്ടേൽ, കെ.എൽ. രാഹുൽ (വിക്കറ്റ് കീപ്പർ), നിതീഷ് കുമാർ റെഡ്ഡി, വാഷിങ്ടൺ സുന്ദർ, കുൽദീപ് യാദവ്, ഹർഷിത് റാണ, മുഹമ്മദ് സിറാജ്, അർഷ്ദീപ് സിങ്, പ്രസിദ്ധ് കൃഷ്ണ, ധ്രുവ് ജുറൽ (വിക്കറ്റ് കീപ്പർ), യശസ്വി ജയ്സ്വാൾ.