ഓസ്ട്രേലിയൻ പര‍്യടനത്തിനു മുന്നേ ഇന്ത‍്യൻ ഓൾ റൗണ്ടർക്ക് പരുക്ക്; തിരിച്ചടിയാകുമോ?
ന‍്യൂഡൽഹി: വെസ്റ്റ് ഇൻഡീസ് പരമ്പര 2-0ന് വിജയിച്ചതിനു പിന്നാലെ ഓസ്ട്രേലിയൻ പര‍്യടനത്തിനു തയാറെടുക്കുകയാണ് ശുഭ്മൻ ഗില്ലിന്‍റെ നേതൃത്വത്തിലുള്ള ഇന്ത‍്യൻ ടീം. ഒക്റ്റോബർ 19 ന് ആരംഭിക്കാനിരിക്കുന്ന ഏകദിന പരമ്പരയ്ക്കു പുറമെ 5 ടി20 യും ഇന്ത‍്യ ഓസ്ട്രേലിയക്കെതിരേ കളിക്കും.
7 മാസങ്ങൾക്കു ശേഷം രോഹിത് ശർമയും വിരാട് കോലിയും ടീമിലേക്ക് തിരിച്ചെത്തുന്നുവെന്നതും ശുഭ്മൻ ഗിൽ നയിക്കുന്ന ആദ‍്യ പരമ്പര കൂടിയാണിതെന്നതുമാണ് ഓസ്ട്രേലിയൻ പര‍്യടനത്തിലെ പ്രത‍്യേകത.
2026ൽ ആരംഭിക്കാനിരിക്കുന്ന ടി20 ലോകകപ്പിനു മുന്നോടിയായി നടക്കുന്ന പരമ്പരയായതിനാൽ ഇന്ത‍്യക്ക് വളരെയധികം നിർണായകമാണ്. എന്നാൽ ഓസ്ട്രേലിയക്കെതിരായ ടി20 പരമ്പരയ്ക്ക് മുന്നേ സ്റ്റാർ ഓൾ റൗണ്ടർ ശിവം ദുബെയുടെ പരുക്ക് ആശങ്കയുണർത്തുന്നു.
പരുക്ക് ഭേദമാകാത്തതിനാൽ ശിവം ദുബെയെ മുബൈ- ജമ്മു കശ്മീർ രഞ്ജി ട്രോഫി മത്സരത്തിനുള്ള ടീമിലെ പ്ലെയിങ് ഇലവനിൽ ഉൾപ്പെടുത്തിയിരുന്നില്ല. എന്നാൽ ഓസ്ട്രേലിയൻ പര‍്യടനത്തിന് താരം ടീമിനൊപ്പം ഉണ്ടാവുമെന്ന് തന്നെയാണ് ദേശീയ മാധ‍്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
ഓസ്ട്രേലിയൻ പരമ്പരയ്ക്കുള്ള ഇന്ത‍്യൻ ടി20 ടീം: സൂര്യകുമാർ യാദവ് (ക്യാപ്റ്റൻ), അഭിഷേക് ശർമ, ശുഭ്മൻ ഗിൽ (വൈസ് ക്യാപ്റ്റൻ), തിലക് വർമ, നിതീഷ് കുമാർ റെഡ്ഡി, ശിവം ദുബെ, അക്ഷർ പട്ടേൽ, ജിതേഷ് ശർമ (വിക്കറ്റ് കീപ്പർ), വരുൺ ചക്രവർത്തി, ജസ്പ്രീത് ബുംറ, അർഷ്ദീപ് സിങ്, കുൽദീപ് യാദവ്, ഹർഷിത് റാണ, സഞ്ജു സാംസൺ (വിക്കറ്റ് കീപ്പർ), റിങ്കു സിങ്, വാഷിങ്ടൺ സുന്ദർ