അൻഷുൽ കാംഭോജ് പരിശീലനത്തിനിടെ
ഓൾഡ് ട്രാഫഡ്: ഇംഗ്ലണ്ടിനെതിരേ നിർണായകമായ നാലാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യക്ക് ബാറ്റിങ്. ആദ്യ ദിവസം കളി അവസാനിപ്പിക്കുമ്പോൾ നാല് വിക്കറ്റ് നഷ്ടത്തിൽ 264 റൺസ് എന്ന നിലയിലാണ് സന്ദർശകർ. രവീന്ദ്ര ജഡേജയും (19) ശാർദൂൽ ഠാക്കൂറും (19) ക്രീസിൽ.
നേരത്തെ, ടോസ് നേടിയ ഇംഗ്ലണ്ട് ക്യാപ്റ്റൻ ബെൻ സ്റ്റോക്സ് ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു. ടോസ് നേടി ബൗളിങ് തെരഞ്ഞെടുത്ത ഒരു ക്യാപ്റ്റനും ഓൾഡ് ട്രാഫഡിൽ ജയിക്കാനായിട്ടില്ല എന്നതാണ് ചരിത്രം. അതേസമയം, മൂടിക്കെട്ടിയ അന്തരീക്ഷം പേസ് ബൗളർമാരെ തുണയ്ക്കും എന്ന പ്രതീക്ഷയിലാണ് ആതിഥേയർ ബൗളിങ് തെരഞ്ഞെടുത്തത്.
കെ.എൽ. രാഹുലും യശസ്വി ജയ്സ്വാളും ചേർന്ന് സുരക്ഷിതമായ തുടക്കമാണ് ഇന്ത്യക്കു നൽകിയത്. പതിവിലേറെ ക്ഷമയോടെ കളിച്ച ജയ്സ്വാൾ 107 പന്തിൽ 58 റൺസെടുത്തു. 98 പന്തിൽ 46 റൺസെടുത്ത കെ.എൽ. രാഹുലാണ് ആദ്യ പുറത്തായത്. ഓപ്പണിങ് സഖ്യം അതിനകം 94 റൺസ് കൂട്ടിച്ചേർത്തിരുന്നു.
കരുൺ നായർക്കു പകരം ടീമിൽ തിരിച്ചെത്തിയ സായ് സുദർശൻ മൂന്നാം നമ്പറിലിറങ്ങി അർധ സെഞ്ചുറി നേടി (151 പന്തിൽ 61). നാല് വിക്കറ്റ് മാത്രമാണ് നഷ്ടമായതെങ്കിലും, ഇതിനിടെ ഋഷഭ് പന്ത് പരുക്കേറ്റ് പുറത്താകുക കൂടി ചെയ്തതോടെ ഫലത്തിൽ അഞ്ച് വിക്കറ്റ് പോയ അവസ്ഥയിലാണ് ഇന്ത്യ.
48 പന്തിൽ 37 റൺസെടുത്തു നിൽക്കെ, ഇൻസൈഡ് എഡ്ജ് ചെയ്ത പന്ത് വലതു കാലിൽ കൊണ്ടാണ് ഋഷഭിനു പരുക്കേറ്റത്. നടക്കാനാവാത്ത അവസ്ഥയിൽ ക്രീസ് വിട്ട അദ്ദേഹത്തിന് വീണ്ടും ബാറ്റിങ്ങിനിറങ്ങാൻ കഴിയുമോ എന്ന കാര്യം സംശയമാണ്.
അഞ്ച് മത്സരങ്ങൾ ഉൾപ്പെടുന്ന പരമ്പരയിൽ ഇംഗ്ലണ്ട് 2-1 എന്ന നിലയിൽ മുന്നിലാണ്. നാലാം ടെസ്റ്റ് ജയിക്കാതെ പ്രഥമ ആൻഡേഴ്സൺ - ടെൻഡുൽക്കർ ട്രോഫി നേടാനുള്ള സാധ്യത നിലനിർത്താൻ ഇന്ത്യക്കു സാധിക്കില്ല.
മൂന്ന് ടെസ്റ്റിൽ മാത്രം കളിപ്പിക്കുമെന്ന് മുൻകൂട്ടി പ്രഖ്യാപിച്ചിരുന്ന സ്റ്റാർ ഫാസ്റ്റ് ബൗളർ ജസ്പ്രീത് ബുംറയെ ഇന്ത്യ ഈ മത്സരത്തിനുള്ള പ്ലെയിങ് ഇലവനിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഈ മത്സരത്തിന്‍റെ ഫലം പരമ്പരയിൽ നിർണായകമാണ് എന്നതു കൂടാതെ, ആകാശ് ദീപിനും അർഷ്‌ദീപ് സിങ്ങിനും പരുക്കേൽക്കുകയും ചെയ്തതോടെയാണ് ഇന്ത്യക്ക് ഇങ്ങനെയൊരു നീക്കം നടത്തേണ്ടി വന്നത്. അല്ലെങ്കിൽ ഓവലിൽ നടക്കുന്ന അവസാന ടെസ്റ്റിലായിരുന്നു ബുംറ ഇനി കളിക്കേണ്ടിയിരുന്നത്.
രണ്ടു പേസ് ബൗളർമാർക്കു പരുക്കേൽക്കുകയും പ്രസിദ്ധ് കൃഷ്ണ ആദ്യ രണ്ടു മത്സരങ്ങളിലും നിരാശപ്പെടുത്തുകയും ചെയ്ത സാഹചര്യത്തിൽ ഹരിയാനയിൽ നിന്നുള്ള സ്വിങ് ബൗളർ അൻഷുൽ കാംഭോജിന് അന്താരാഷ്ട്ര അരങ്ങേറ്റത്തിനും അവസരമൊരുങ്ങി. രഞ്ജി ട്രോഫിയിൽ കേരളത്തിനെതിരേ ഒരിന്നിങ്സിൽ പത്ത് വിക്കറ്റ് നേടിയിട്ടുള്ള ബൗളറാണ് ഇരുപത്തിനാലുകാരനായ അൻഷുൽ. ലോവർ ഓർഡറിൽ ഭേദപ്പെട്ട ബാറ്ററുമാണ്. പരുക്കേറ്റ പേസ് ബൗളിങ് ഓൾറൗണ്ടർ നിതീഷ് കുമാർ റെഡ്ഡിക്കു പകരമാണ് ശാർദൂൽ ഠാക്കൂർ ടീമിലെത്തിയത്.
ഇംഗ്ലണ്ട് നേരത്തെ തന്നെ പ്ലെയിങ് ഇലവൻ പ്രഖ്യാപിച്ചിരുന്നു. പരുക്കേറ്റ ഓഫ് സ്പിന്നർ ഷോയിബ് ബഷീറിനു പകരം വെറ്ററൻ ഇടങ്കയ്യൻ സ്പിന്നർ ലിയാം ഡോസണെ ഇംഗ്ലണ്ട് ടീമിലേക്കു തിരികെ വിളിച്ചിട്ടുണ്ട്.
ടീമുകൾ ഇങ്ങനെ:
ഇന്ത്യ - യശസ്വി ജയ്സ്വാൾ, കെ.എൽ. രാഹുൽ, കരുൺ നായർ, ശുഭ്മൻ ഗിൽ (ക്യാപ്റ്റൻ), ഋഷഭ് പന്ത് (വിക്കറ്റ് കീപ്പർ), രവീന്ദ്ര ജഡേജ, വാഷിങ്ടൺ സുന്ദർ, ശാർദൂൽ ഠാക്കൂർ, അൻഷുൽ കാംഭോജ്, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്.
ഇംഗ്ലണ്ട് - സാക്ക് ക്രോളി, ബെൻ ഡക്കറ്റ്, ഒലി പോപ്പ്, ജോ റൂട്ട്, ഹാരി ബ്രൂക്ക്, ബെൻ സ്റ്റോക്സ് (ക്യാപ്റ്റൻ), ജേമി സ്മിത്ത് (വിക്കറ്റ് കീപ്പർ), ലിയാം ഡോസൺ, ക്രിസ് വോക്ക്സ്, ബ്രൈഡൻ കാർസ്, ജോഫ്ര ആർച്ചർ.