മത്സരത്തിൽ നിന്ന്

 
Sports

ഓരോ മത്സരത്തിലും താരോദയം; അഭിജ്ഞാൻ കുണ്ഡുവിന്‍റെ ഇരട്ടസെഞ്ചുറിയുടെ ബലത്തിൽ ഇന്ത‍്യക്ക് ജയം

മലേഷ‍്യയെ 93 റൺസിന് എറിഞ്ഞിട്ട് ഇന്ത‍്യ സെമി ഫൈനലിൽ പ്രവേശിച്ചു

VK SANJU

ദുബായ്: മലേഷ‍്യക്കെതിരായ അണ്ടർ 19 ഏഷ‍്യ കപ്പ് മത്സരത്തിൽ ഇന്ത‍്യക്ക് ജയം. ഇതോടെ കളിച്ച മൂന്നു മത്സരങ്ങളിലും വിജയം നേടിയ ഇന്ത‍്യ സെമി ഫൈനലിൽ പ്രവേശിച്ചു. നിശ്ചിത 50 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ ഇന്ത‍്യ ഉയർത്തിയ 408 റൺസ് ഹിമാലയൻ വിജയലക്ഷ‍്യം മറികടക്കാൻ ബാറ്റേന്തിയ മലേഷ‍്യ 32.1 ഓവറിൽ 93 റൺസിന് കൂടാരം കയറി.

315 റൺസിനാണ് ഇന്ത‍്യ വിജയിച്ചത്. ടോപ് ഓർഡർ തകർന്നപ്പോൾ വാലറ്റത്തു നിന്ന് പൊരുതി നിന്ന ഹംസ പാംഗിയാണ് ടീമിന്‍റെ ടോപ് സ്കോറർ. ക‍്യാപ്റ്റൻ ഡീസ പാട്രോ (13), മുഹമ്മദ് അഫിനിദ് (12), ജാഷ്വിൻ കൃഷ്ണമൂർത്തി (10) എന്നിവർക്ക് മാത്രമാണ് രണ്ടക്കം കടക്കാൻ സാധിച്ചത്.

ഇന്ത‍്യക്കു വേണ്ടി ദിപേഷ് ദേവേന്ദ്രൻ 22 റൺസ് മാത്രം വിട്ടുകൊടുത്ത് അഞ്ച് വിക്കറ്റ് പിഴുതപ്പോൾ ഉദ്ധവ് മോഹൻ രണ്ടും കിഷാൻ സിങ്, ഖിലാൻ പട്ടേൽ, കനിഷ്ക് ചൗഹാൻ എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി. നേരത്തെ വിക്കറ്റ് കീപ്പർ ബാറ്റർ അഭിജ്ഞാൻ കുണ്ഡുവിന്‍റെ ഇരട്ടസെഞ്ചുറിയും വൈഭവ് സൂര‍്യവംശി, വേദാന്ത് ത്രിവേദി എന്നിവരുടെ അർധസെഞ്ചുറിയുടെയും ബലത്തിലാണ് ഇന്ത‍്യ കൂറ്റൻ സ്കോർ അടിച്ചെടുത്തത്.

അഞ്ചാം നമ്പറിൽ ബാറ്റ് ചെയ്ത പതിനേഴുകാരൻ, 125 പന്തിൽ 207 റൺസെടുത്ത് പുറത്താകാതെ നിന്നു. 17 ഫോറും 9 സിക്സറും ഉൾപ്പെട്ടതായിരുന്നു ഇടങ്കയ്യൻ ബാറ്ററുടെ ഇന്നിങ്സ്. ടൂർണമെന്‍റിൽ ഇതു രണ്ടാം തവണയാണ് ഇന്ത്യ 400 റൺസിനു മുകളിൽ സ്കോർ ചെയ്യുന്നത്. വൈഭവ് സൂര്യവംശി പതിവുപോലെ ടീമിനു വെടിക്കെട്ട് തുടക്കം നൽകി.

അഭിജ്ഞാൻ കുണ്ഡു

ക്യാപ്റ്റൻ ആയുഷ് മാത്രെയുടെയും (14) വിഹാൻ മൽഹോത്രയുടെയും (7) വിക്കറ്റ് പെട്ടെന്ന് വീണിട്ടും, 26 പന്തിൽ 50 റൺസുമായി സൂര്യവംശി കത്തിക്കയറി. അതിനു ശേഷമായിരുന്നു വേദാന്ത് ത്രിവേദിയും അഭിജ്ഞാൻ കുണ്ഡുവും ഒരുമിച്ച 209 റൺസിന്‍റെ കൂട്ടുകെട്ട്. 106 പന്തിൽ 90 റൺസാണ് വേദാന്ത് നേടിയത്. ഇതിനിടെ മലേഷ്യയുടെ ഓപ്പണിങ് മുഹമ്മദ് അക്രം അഞ്ച് വിക്കറ്റ് നേട്ടം പൂർത്തിയാക്കിയെങ്കിലും, പത്തോവറിൽ 89 റൺസ് അതിനു വില നൽകേണ്ടി വന്നു.

പാക്കിസ്ഥാനെതിരായ മത്സരത്തിൽ ഹൈദരാബാദിൽനിന്നുള്ള മലയാളി താരം ആറോൺ ജോർജും ഓഫ് സ്പിൻ ഓൾറൗണ്ടർ കനിഷ്ക് ചൗഹാനും മികവ് തെളിയിച്ചിരുന്നു. ഓപ്പണറും ക്യാപ്റ്റനുമായ ആയുഷ് മാത്രെ മുംബൈക്കു വേണ്ടിയും ചെന്നൈ സൂപ്പർ കിങ്സിനു വേണ്ടിയും നടത്തിയ ഗംഭീര പ്രകടനങ്ങളിലൂടെ നേരത്തെ തന്നെ ദേശീയ ശ്രദ്ധയാകർഷിച്ചിരുന്നു.

ശബരിമല സ്വർണക്കൊള്ള; ദേവസ്വം മുൻ സെക്രട്ടറി ജയശ്രീ മുൻകൂർ ജാമ്യത്തിനായി സുപ്രീം കോടതിയിൽ

ബോണ്ടി ബീച്ച് വെടിവയ്പ്പ്; അക്രമികളിലൊരാൾ ഹൈദരാബാദ് സ്വദേശി

മെസി പങ്കെടുത്ത പരിപാടിയിലെ സംഘർഷം; പശ്ചിമ ബംഗാൾ കായിക മന്ത്രി രാജിവച്ചു

മുട്ടയിൽ ക്യാൻസറിന് കാരണമാകുന്ന രാസവസ്തുക്കൾ‍? പരിശോധിക്കുമെന്ന് കർണാടക സർക്കാർ

മസാലബോണ്ട് ഇടപാട്; ഇഡി നോട്ടീസിന്മേലുള്ള തുടർനടപടികൾ തടഞ്ഞ് ഹൈക്കോടതി