കിരീടം നിലനിർത്താൻ ഇന്ത‍്യ, പരാജയത്തിന്‍റെ കടം വീട്ടാൻ പാക്കിസ്ഥാൻ; ഫൈനലിൽ നേർക്കു നേർ

 
Sports

കിരീടം നിലനിർത്താൻ ഇന്ത‍്യ, കടം വീട്ടാൻ പാക്കിസ്ഥാൻ; ഫൈനലിൽ നേർക്കു നേർ

ഞായറാഴ്ച ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ ഇന്ത‍്യ‍യും പാക്കിസ്ഥാനും ഏറ്റുമുട്ടും

Aswin AM

ദുബായ്: അങ്ങനെ ആരാധകർ കാത്തിരുന്ന ഏഷ‍്യ കപ്പ് ഫൈനലിന് ഇനി മണിക്കൂറുകൾ മാത്രമാണ് അവശേഷിക്കുന്നത്. കീരിടം നിലനിർത്തുകയെന്ന ലക്ഷ‍്യവുമായി ഇന്ത‍്യയും രണ്ടു മത്സരങ്ങൾ പരാജയപ്പെട്ടതിന്‍റെ കടം വീട്ടാൻ പാക്കിസ്ഥാനും ഞായറാഴ്ച ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ കലാശപ്പോരിനൊരുങ്ങുകയാണ്. 41 വർഷത്തെ ഏഷ‍്യ കപ്പ് ചരിത്രത്തിൽ ആദ‍്യമായാണ് ഇന്ത‍്യയും പാക്കിസ്ഥാനും ഫൈനലിൽ ഏറ്റുമുട്ടുന്നത്.

ഗ്രൂപ്പ് ഘട്ടത്തിലും സൂപ്പർ ഫോർ മത്സരത്തിലും പാക്കിസ്ഥാനെതിരേ അനായാസമായി ഇന്ത‍്യ വിജയിച്ചിരുന്നു. സൂര‍്യകുമാർ യാദവിന്‍റെ നേതൃത്വത്തിലുള്ള ഇന്ത‍്യൻ ടീം ടൂർണമെന്‍റിൽ ഇതുവരെ തോൽവി അറിഞ്ഞിട്ടില്ല.

ബൗളർമാരെ തകർത്ത് തരിപ്പണമാക്കുന്നതിൽ ആനന്ദം കണ്ടെത്തുന്ന അഭിഷേക് ശർമയും നിർണായക സമയത്ത് ടീമിനു വേണ്ടി വിക്കറ്റ് വീഴ്ത്തുന്ന കുൽദീപ് യാദവുമാണ് ഇന്ത‍്യയുടെ കരുത്ത്. 309 റൺസുമായി ടൂർണമെന്‍റിലെ ടോപ് സ്കോററാണ് അഭിഷേക്. കഴിഞ്ഞ മൂന്നു മത്സരങ്ങളിലും താരം അർധസെഞ്ചുറി നേടിയിരുന്നു.

നിലവിൽ മധ‍്യനിരയാണ് ഇന്ത‍്യൻ ടീമിൽ പ്രശ്നങ്ങൾ ഉള്ളതെങ്കിലും നായകൻ സൂര‍്യകുമാർ യാദവ് ഫോമിലേക്ക് മടങ്ങിയെത്തിയാൽ അതിന് പരിഹാരമാകും.

അതേസമയം സൽമാൻ‌ അലി ആഘ നയിക്കുന്ന പാക്കിസ്ഥാന്‍റെ ബാറ്റിങ്ങും ബൗളിങ്ങും അത്ര മികച്ചതല്ല. സീനിയർ താരങ്ങളായ ബാബർ അസമും മുഹമ്മദ് റിസ്‌വാനും ഇല്ലാതെയാണ് പാക്കിസ്ഥാൻ ഇത്തവണ ഏഷ‍്യ കപ്പിനിറങ്ങിയത്. ‌‌

ബാബറിനു പകരം സയിം അയൂബിനെയാണ് പാക്കിസ്ഥാൻ ഓപ്പണിങ് ബാറ്ററായി പരിഗണിച്ചത്. ഇന്ത‍്യയുടെ സ്റ്റാർ പേസർ ജസ്പ്രീത് ബുംറയെ ഒരോവറിൽ 6 സിക്സ് അടിക്കാൻ കെൽപ്പുള്ള ബാറ്റർ എന്നായിരുന്നു സയിം അയ്യൂബിനെ മുൻ പാക്കിസ്ഥാൻ താരം തൻവീർ അഹമ്മദ് വിശേഷിപ്പിച്ചത്. എന്നാൽ ടൂർണമെന്‍റിലെ 6 മത്സരങ്ങളിൽ നിന്നും ആകെ 23 റൺസെ സയിം അയൂബിന് നേടാൻ സാധിച്ചിട്ടുള്ളൂ.

ക‍്യാപ്റ്റൻ സൽമാൻ അലി ആഘയ്ക്കും കാര‍്യമായ പ്രകടനം പുറത്തെടുക്കാൻ കഴിഞ്ഞിട്ടില്ല. 12.80 ആണ് താരത്തിന്‍റെ ബാറ്റിങ് ശരാശരി. സാഹിബ്സാദാ ഫർഹാൻ, ഫഖർ സമൻ, മുഹമ്മദ് ഹാരിസ് എന്നിവരാണ് പാക്കിസ്ഥാന്‍റെ ബാറ്റിങ് കരുത്ത്. ഫർഹാൻ ആറു മത്സരങ്ങളിൽ‌ നിന്നും 160 റൺസും ഫഖർ സമൻ 135 റൺസും മുഹമ്മദ് ഹാരിസ് 131 റൺസും നേടിയിട്ടുണ്ട്.

ബൗളിങ്ങിൽ ഷഹീൻ ഷാ അഫ്രീദി 13 വിക്കറ്റുകളുമായി വിക്കറ്റ് വേട്ടക്കാരുടെ പട്ടികയിൽ മൂന്നാം സ്ഥാനത്തുണ്ടെങ്കിലും, നിർണായക മത്സരങ്ങളിൽ പ്രകടനം പുറത്തെടുക്കുമോയെന്ന് കണ്ടറിയണം. ഇന്ത‍്യക്കെതിരായ കഴിഞ്ഞ മത്സരങ്ങളിലൊന്നും ഷഹീനു കാര‍്യമായ ഇംപാക്റ്റ് ഉണ്ടാക്കാൻ കഴിഞ്ഞിരുന്നില്ല.

ശബരിമലയിൽ നിന്നു കാണാതായ ദ്വാരപാലക പീഠം പരാതിക്കാരന്‍റെ ബന്ധു വീട്ടിൽ!

എയർപോർട്ടുകൾ, സ്കൂളുകൾ; രാജ്യത്ത് വിവിധയിടങ്ങളിൽ ബോംബ് ഭീഷണി

വനിതാ പ്രീമിയർ ലീഗിന്‍റെ അമരത്ത് മലയാളി; ജയേഷ് ജോർജ് പ്രഥമ ചെയർമാൻ

ജമ്മു കശ്മീരിൽ നുഴഞ്ഞുകയറ്റ ശ്രമം; 2 ഭീകരരെ സുരക്ഷാ സേന വധിച്ചു

ആൺസുഹൃത്തിനൊപ്പം റസ്റ്ററന്‍റിലിരുന്ന് ഭക്ഷണം കഴിച്ചു; അച്ഛൻ മകളെ വെടിവച്ചു കൊന്നു