നാലോവറിൽ 10 റൺസ് മാത്രം വഴങ്ങിയ ദീപ്തി ശർമ അഞ്ച് വിക്കറ്റും സ്വന്തമാക്കി.
ബർമിങ്ങാം: ഐസിസി വനിതാ ടി20 ലോകകപ്പിൽ ഇന്ത്യ ജയത്തോടെ തുടക്കം കുറിച്ചു. ആദ്യ മത്സരത്തിൽ പാക്കിസ്ഥാനെതിരേ കുറിച്ചത് 64 റൺസിന്‍റെ ആധികാരിക ജയം. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 170 റൺസാണ് നേടിയത്. പാക്കിസ്ഥാന്‍റെ മറുപടി 17 ഓവറിൽ 106 റൺസിന് അവസാനിച്ചു.
നേരത്തെ, ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. എന്നാൽ, തുടക്കം പാളി. ഷഫാലി വർമയും (6) ജമീമ റോഡ്രിഗ്സും (1) നിരാശപ്പെടുത്തിയതോടെ ഇന്ത്യ 3.2 ഓവറിൽ 18/2 എന്ന നിലയിലായി.
എന്നാൽ, അവിടെ ഓപ്പണർ സ്മൃതി മന്ഥനക്കൊപ്പം ചേർന്ന ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ ഇന്ത്യൻ ഇന്നിങ്സിന് അടിത്തറയിട്ടു. 35 പന്തിൽ 36 റൺസാണ് ഹർമൻപ്രീത് നേടിയത്. സ്മൃതി 44 പന്തിൽ 9 ഫോറും രണ്ട് സിക്സും സഹിതം 68 റൺസെടുത്ത് തന്‍റെ ടിപ്പിക്കൽ ഇന്നിങ്സ് തന്നെ പുറത്തെടുത്തു.
അവസാന ഓവറുകളിൽ വിക്കറ്റ് കീപ്പർ ബാറ്റർ റിച്ച ഘോഷിന്‍റെ വെടിക്കെട്ട് കൂടിയായപ്പോൾ ഇന്ത്യൻ സ്കോർ കുതിച്ചു കയറി. 17 പന്ത് മാത്രം നേരിട്ട റിച്ച അഞ്ച് ഫോറും ഒരു സിക്സും സഹിതം 34 റൺസെടുത്ത് പുറത്താകുമ്പോൾ 19.5 ഓവർ എത്തിയിരുന്നു.
അതേസമയം, മറുപടി ബാറ്റിങ്ങിൽ ഇന്ത്യയെക്കാൾ നല്ല രീതിയിൽ പാക്കിസ്ഥാൻ ഓപ്പണർമാർ പവർപ്ലേ കൈകാര്യം ചെയ്തു. ഗുൽ ഫിറോസയെയും (12) അയിഷ സഫറിനെയും (12) പുറത്താക്കിയ ദീപ്തി ശർമയാണ് ഇന്ത്യയെ മത്സരത്തിലേക്ക് തിരിച്ചു കൊണ്ടുവന്നത്.
വിക്കറ്റ് കീപ്പറും ഓപ്പണറുമായ മുനീബ അലി ഒരു വശത്ത് പിടിച്ചുനിൽക്കാൻ ശ്രമിച്ചെങ്കിലും മറുവശത്ത് വിക്കറ്റുകൾ മുറയ്ക്ക് വീണുകൊണ്ടിരുന്നു. 35 പന്തിൽ 41 റൺസെടുത്ത മുനീബ, ദീപ്തിയുടെ തന്നെ ഡയറക്റ്റ് ത്രോയിൽ റണ്ണൗട്ടാവുകയായിരുന്നു.
നാലോവറിൽ പത്ത് റൺസ് മാത്രം വഴങ്ങിയ ദീപ്തി ആകെ അഞ്ച് വിക്കറ്റും വീഴ്ത്തി. ബാറ്റിങ്ങിനിറങ്ങിയപ്പോൾ പുറത്താകാതെ 12 റൺസും നേടിയിരുന്നു. ശ്രീചരണി മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോൾ ഷഫാലി വർമയ്ക്കും ഒരു വിക്കറ്റ് കിട്ടി.
ടീം കോംബിനേഷനിൽ ചില പരീക്ഷണങ്ങളുമായാണ് ഇന്ത്യ പാക്കിസ്ഥാനെ നേരിടാനിറങ്ങിയത്. പരിചയസമ്പന്നയാ പേസ് ബൗളർ രേണുക സിങ് ഠാക്കൂറിനു പകരം യുവ പേസർ ക്രാന്തി ഗൗഡ് ടീമിലെത്തി. ഇന്ത്യ സ്വന്തമാക്കിയ ഏകദിന ലോകകപ്പിലെ മികച്ച പ്രകടനമാണ് ക്രാന്തിയിൽ വിശ്വാസമർപ്പിക്കാൻ ടീം മാനെജ്മെന്‍റിനെ പ്രേരിപ്പിച്ചത്.
ഇൻഫോം ബാറ്ററും പരിചയസമ്പന്നയുമായ യസ്തിക ഭാട്ടിയയുടെ സ്ഥാനത്ത് ബിഗ് ഹിറ്ററായ ഭാരതി ഫൂൽമാലിയെയും ടീമിൽ ഉൾപ്പെടുത്തി. ക്രാന്തി ഒരോവർ മാത്രമാണ് പന്തെറിഞ്ഞത്, 14 റൺസും വഴങ്ങി. ഭാരതി മൂന്ന് പന്തിൽ ഒരു റണ്ണെടുത്ത് പുറത്താവുകയും ചെയ്തു.