അക്ഷർ പട്ടേലിന്‍റെ പന്തിൽ ക്ലീൻ ബൗൾഡാകുന്ന ബാബർ അസം.

 
Sports

ടി20 ലോകകപ്പ്: ഇന്ത്യ പാക്കിസ്ഥാനെ തകർത്തു

ടി20 ലോകകപ്പിൽ പാക്കിസ്ഥാനെതിരേ ടോസ് നഷ്ടപ്പെട്ട് ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 175 റൺസെടുത്തു. പാക്കിസ്ഥാന്‍റെ മറുപടി 18 ഓവറിൽ 114 റൺസിൽ അവസാനിച്ചു.

VK SANJU

കൊളംബോ: ടി20 ലോകകപ്പ് ഗ്രൂപ്പ് എ മത്സരത്തിൽ ഇന്ത്യ പാക്കിസ്ഥാനെ 61 റൺസിന് ആധികാരികമായി കീഴടക്കി. 176 റൺസ് വിജയലക്ഷ്യം മുന്നിൽ കണ്ടിറങ്ങിയ പാക്കിസ്ഥാൻ 18 ഓവറിൽ 114 റൺസിന് ഓൾൗട്ടായി.

ടോസ് നഷ്ടപ്പെട്ട് ബാറ്റ് ചെയ്ത ഇന്ത്യക്ക് നിശ്ചിത 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 175 റൺസാണ് നേടാൻ സാധിച്ചത്. മറുപടി ബാറ്റിങ്ങിൽ പാക്കിസ്ഥാൻ നിര തകർന്നടിയുകയായിരുന്നു. ഹാർദിക് പാണ്ഡ്യ എറിഞ്ഞ ആദ്യ ഓവർ തന്നെ മെയ്ഡൽ. ആ ഓവറിൽ സാഹിബ്‌സാദാ ഫർഹാൻ (0) പുറത്താവുകയും ചെയ്തു. ജസ്പ്രീത് ബുംറ എറിഞ്ഞ അടുത്ത ഓവറിൽ സയിം അയൂബ് (6), സൽമാൻ ആഗ (4) എന്നിവരും പുറത്തായി.

അഞ്ചാം ഓവർ എറിയാനെത്തിയ അക്ഷർ പട്ടേൽ, ബാബർ അസമിനെ (5) ക്ലീൻ ബൗൾ ചെയ്തു. ഇതിനിടെ വിക്കറ്റ് കീപ്പർ ഉസ്മാൻ ഖാൻ (34 പന്തിൽ 44) രക്ഷാപ്രവർത്തനത്തിനു ശ്രമിച്ചെങ്കിലും, അക്ഷറിന്‍റെ തന്നെ പന്തിൽ ഇഷാൻ കിഷൻ സ്റ്റമ്പ് ചെയ്തു. ഇതോടെ പാക് സാധ്യതകൾ ഏറെക്കുറി അസ്തമിച്ചു.

പിന്നാലെ മുഹമ്മദ് നവാസിനെ (4) കുൽദീപ് യാദവ് ശിവം ദുബെയുടെ കൈകളിലെത്തിച്ചു. ഇതിനു പിന്നാലെ ക്യാപ്റ്റൻ പന്തേൽപ്പിച്ചത് തിലക് വർമയെ. ആദ്യ പന്തിൽ തന്നെ ഷാദാബ് ഖാനെ (14) ദുബെയുടെ കൈകളിലെത്തിക്കാനും തിലകിനു സാധിച്ചു.

ഫഹീം അഷ്റഫും (10) അബ്രാർ അഹമ്മദും (0) വരുൺ ചക്രവർത്തിക്ക് ഇരകളായി. ഉസ്മാൻ താരിഖിനെ പാണ്ഡ്യ ക്ലീൻ ബൗൾ ചെയ്തപ്പോൾ, ഷഹീൻ അഫ്രീദി 23 റൺസെടുത്ത് പുറത്താകാതെ നിന്നു. ഇതിനിടെ റിങ്കു സിങ് വരെ പന്തെറിയാനെത്തിയത്, പാക്കിസ്ഥാൻ ഇന്ത്യക്കു മുന്നിൽ എത്ര ദുർബലമായിരുന്നു എന്നതിനു വ്യക്തമായ ഉദാഹരണം.

തന്‍റെ ആദ്യ ഓവറിൽ രണ്ട് വിക്കറ്റ് വീഴ്ത്തിയ ജസ്പ്രീത് ബുംറയുടെ ആഘോഷം.

നേരത്തെ, ഇഷാൻ കിഷനൊപ്പം അഭിഷേക് ശർമ ഇന്ത്യൻ ഇന്നിങ്സ് ഓപ്പൺ ചെയ്തപ്പോൾ സഞ്ജു സാംസൺ ടീമിനു പുറത്ത്. അർഷ്‌ദീപ് സിങ്ങിനു പകരം കുൽദീപ് യാദവിനെയും ഇന്ത്യ പ്ലെയിങ് ഇലവനിൽ ഉൾപ്പെടുത്തി. ടോസിനു മുൻപോ ശേഷമോ ഇരു ക്യാപ്റ്റൻമാരും ഹസ്തദാനം ചെയ്തില്ല.

ആദ്യ ഓവറിലെ അവസാന പന്തിൽ അഭിഷേക് റണ്ണൊന്നുമെടുക്കാതെ പുറത്തായി. എന്നാൽ, മറുവശത്ത് നിർഭയമായി ബാറ്റ് വീശിയ ഇഷാൻ കിഷൻ, തിലക് വർമയെ സാക്ഷി നിർത്തി അടിച്ചു തകർത്തു. 40 പന്തിൽ 77 റൺസെടുത്ത കിഷനെ പാർട്ട് ടൈം സ്പിന്നർ സയിം അയൂബ് ക്ലീൻ ബൗൾ ചെയ്യുകയായിരുന്നു. പത്ത് ഫോറും മൂന്ന് സിക്സും ഉൾപ്പെട്ടതായിരുന്നു ഇന്നിങ്സ്.

പാക്കിസ്ഥാനെതിരേ ഇഷാൻ കിഷന്‍റെ ഷോട്ട്.

77 റൺസിൽ ഇഷാൻ പുറത്താകുമ്പോൾ ഇന്ത്യൻ സ്കോർ ബോർഡിൽ 88 റൺസ് മാത്രം. സ്കോർ ചെയ്യാൻ നന്നേ ബുദ്ധിമുട്ടിയ തിലക് വർമക്കൊപ്പം സൂര്യകുമാർ യാദവ് എത്തിയിട്ടും കിഷൻ നൽകിയ ഗതിവേഗം നിലനിർത്താൻ സാധിച്ചില്ല. 24 പന്തിൽ 25 റൺസെടുത്ത തിലക് പുറത്തായതിനു പിന്നാലെ തൊട്ടടുത്ത പന്തിൽ ഹാർദിക് പാണ്ഡ്യയും (0) മടങ്ങിയതോടെ ഇന്ത്യൻ ബാറ്റിങ് നിര പതറുന്ന കാഴ്ച.

29 പന്തിൽ 32 റൺസ് മാത്രം നേടിയാണ് സൂര്യ പുറത്തായത്. സ്പിന്നിനെ നേരിടുന്നതിൽ ശിവം ദുബെ പ്രകടിപ്പിച്ച മികവാണ് പൊരുതാവുന്ന സ്കോറിൽ ഇന്ത്യയെ എത്തിച്ചത്. 17 പന്തിൽ 27 റൺസെടുത്ത ദുബെ അവസാന ഓവറിൽ റണ്ണൗട്ടാകുകയായിരുന്നു. റിങ്കു സിങ് നാല് പന്തിൽ 11 റൺസെടുത്ത് പുറത്താകാതെ നിന്നു.

ടോസിനെത്തിയ ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവും പാക്കിസ്ഥാൻ ക്യാപ്റ്റൻ സൽമാൻ ആഘയും പരസ്പരം ഹസ്തദാനം ചെയ്തില്ല.

ഷഹീൻ ഷാ അഫ്രീദി മാത്രമായിരുന്നു പാക് നിരയിലെ പേസ് ബൗളർ. രണ്ടോവർ എറിഞ്ഞ അഫ്രീദിക്ക് അവസാന പന്തിൽ അക്ഷർ പട്ടേലിന്‍റെ വിക്കറ്റ് കിട്ടിയെങ്കിലും ആകെ 31 റൺസ് വഴങ്ങി. സയിം അയൂബ് 25 റൺസ് വഴങ്ങി മൂന്ന് വിക്കറ്റ് നേടി.

"തൃണമൂലുമായുള്ള ബന്ധം വിച്ഛേദിച്ചു"; പുതിയ പാർട്ടി രൂപീകരിക്കുമെന്ന് പി.വി. അൻവർ

ജമ്മു കശ്മീർ ബസ് അപകടം; മരിച്ചവരുടെ കുടുംബങ്ങൾക്ക് ധനസഹായം പ്രഖ‍്യാപിച്ച് കേന്ദ്രം

"കൂലിപ്പണിക്കാരനെന്ന് ‌കേൾക്കുന്നതിൽ അഭിമാനമേയുള്ളൂ"; ടൗൺഷിപ്പിലെ വീട്ടിൽ വിള്ളലില്ലെന്ന് ആവർത്തിച്ച് മന്ത്രി കെ. രാജൻ

ജമ്മു കശ്മീരിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞ് അപകടം; 16 പേർക്ക് ദാരുണാന്ത‍്യം, നിരവധി പേർക്ക് പരുക്ക്

ലബനനിൽ യേശുക്രിസ്തുവിന്‍റെ പ്രതിമ അടിച്ച് തകർത്ത് ഇസ്രയേൽ സൈന‍്യം