വൈഭവ് സൂര‍്യവംശി
ബുലവായോ: അണ്ടർ 19 ഏകദിന ലോകകപ്പിന് മുന്നോടിയായുള്ള സന്നാഹ മത്സരത്തിൽ സ്കോട്ട്ലൻഡിനെതിരേ വെടിക്കെട്ട് പ്രകടനം തുടർന്ന് വണ്ടർബോയ് വൈഭവ് സൂര‍്യവംശി. 50 പന്തുകൾ നേരിട്ട താരം 7 സിക്സും 9 ബൗണ്ടറിയും ഉൾപ്പടെ 96 റൺസാണ് അടിച്ചു കൂട്ടിയത്.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത‍്യ വൈഭവിന്‍റെ തകർപ്പൻ ബാറ്റിങ് പ്രകടനത്തിന്‍റെ മികവിൽ നിശ്ചിത 50 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 374 റൺസ് അടിച്ചെടുത്തു.
വൈഭവിനു പുറമെ വിഹാൻ മൽഹോത്ര (77), അഭിജ്ഞാൻ കുണ്ഡു (55) മലയാളി താരം ആരോൺ ജോർജ് (61) എന്നിവർ അർധസെഞ്ചുറി നേടി. ക‍്യാപ്റ്റൻ ആയുഷ് മാത്രെ 22 റൺസെടുത്ത് പുറത്തായി. കനിഷ്ക് ചൗഹാൻ (3), മുഹമ്മദ് ഇനാൻ (9) എന്നിവർക്കും കാര‍്യമായ പ്രകടനം പുറത്തെടുക്കാൻ സാധിച്ചില്ല.
ആർ.എസ്. അമ്പ്റിഷ് (24 പന്തിൽ 28 നോട്ടൗട്ട്) ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചു. സ്കോട്ട്ലൻഡിനു വേണ്ടി ഒല്ലി ജോൺസ് നാലും മനു സർവത്, ജോർജ് കട്‌ലർ ഫിൻലേ ജോൺസ് എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി. മറുപടി ബാറ്റിങ്ങിനിറങ്ങിയ സ്കോട്ട്‌ലൻഡിന് ഒടുവിൽ വിവരം ലഭിക്കുമ്പോൾ 10 റൺസിന് ആദ‍്യ വിക്കറ്റ് നഷ്ടമായി.