ടീം ഇന്ത‍്യ
കോൽക്കത്ത: കോൽക്കത്ത ടെസ്റ്റിൽ ഇന്ത‍്യക്കെതിരേ ഒന്നാം ഇന്നിങ്സിൽ ലീഡ് വഴങ്ങിയ ദക്ഷിണാഫ്രിക്കയ്ക്ക് രണ്ടാം ഇന്നിങ്സിൽ ബാറ്റിങ് തകർച്ച. രണ്ടാം ദിനം അവസാനിക്കുമ്പോൾ 7 വിക്കറ്റ് നഷ്ടത്തിൽ 93 റൺസെന്ന നിലയിലാണ് ടീം. നാലു വിക്കറ്റ് വീഴ്ത്തിയ രവീന്ദ്ര ജഡേജയാണ് ദക്ഷിണാഫ്രിക്കയെ തകർത്തത്. 29 റൺസുമായി ക‍്യാപ്റ്റൻ ടെംബ ബവുമയും 1 റൺസുമായി കോർബിൻ ബോഷുമാണ് ക്രീസിൽ. നിലവിൽ 63 റൺസ് ലീഡുണ്ട് ദക്ഷിണാഫ്രിക്കയ്ക്ക്.
നേരത്തെ ദക്ഷിണാഫ്രിക്ക ഒന്നാം ഇന്നിങ്ങ്സിൽ ഉയർത്തിയ 159 റൺസിനെതിരേ ബാറ്റേന്തിയ ഇന്ത‍്യ 189 റൺസിന് പുറത്തായിരുന്നു. 39 റൺസ് നേടിയ കെ.എൽ. രാഹുലായിരുന്നു ഇന്ത‍്യൻ ബാറ്റിങ് നിരയിലെ ടോപ് സ്കോറർ. രാഹുലിനു പുറമെ വാഷിങ്ടൺ സുന്ദർ (29), ഋഷഭ് പന്ത് (27), രവീന്ദ്ര ജഡേജ (27) എന്നിവരാണ് അൽപ്പമെങ്കിലും പൊരുതിയത്. യശസ്വി ജയ്സ്വാൾ (12), ധ്രുവ് ജുറൽ (14), അക്ഷർ പട്ടേൽ (16) എന്നിവർ നിരാശപ്പെടുത്തി. ക‍്യാപ്റ്റൻ ശുഭ്മൻ ഗിൽ പരുക്കേറ്റ് റിട്ടയേർഡ് ഹർട്ടായതും ഇന്ത‍്യക്ക് തിരിച്ചടിയായി.
ദക്ഷിണാഫ്രിക്കയ്ക്കു വേണ്ടി സൈമൺ ഹാർമർ നാലും മാർക്കോ യാൻസൻ മൂന്നും കേശവ് മഹാരാജ് കോർബിൻ ബോഷ് എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി. പേസർ ജസ്പ്രീത് ബുംറയുടെ മികച്ച പ്രകടനത്തിലാണ് ഇന്ത‍്യ ദക്ഷിണാഫ്രിക്കയെ 159 റൺസിന് എറിഞ്ഞിട്ടത്. 5 വിക്കറ്റാണ് താരം ഒന്നാം ഇന്നിങ്സിൽ വീഴ്ത്തിയത്. ഓപ്പണിങ് ബാറ്റർ റിയാൻ റിക്കിൾടണിന്‍റെ വിക്കറ്റാണ് രണ്ടാം ദിനം ദക്ഷിണാഫ്രിക്കയ്ക്ക് ആദ‍്യം നഷ്ടമായത്.
കുൽദീപ് യാദവിനായിരുന്നു വിക്കറ്റ്. പിന്നീട് എയ്ഡൻ മാർക്രം, വിയാൻ മുൾഡർ ടോണി ഡി സോർസി എന്നിവരെ ജഡേജ പുറത്താക്കിയതോടെ ദക്ഷിണാഫ്രിക്ക പ്രതിരോധത്തിലായി. ഇതിനു പിന്നാലെ ട്രിസ്റ്റൻ സ്റ്റബ്സിന്‍റെ കുറ്റി തെറിപ്പിച്ച് ജഡേജ നാലു വിക്കറ്റ് സ്വന്തമാക്കി.
കെയ്‌ൽ വെറെയ്നെ അക്ഷറും പുറത്താക്കിയതോടെ 6 വിക്കറ്റ് നഷ്ടത്തിൽ 75 റൺസെന്ന നിലയിലേക്ക് ദക്ഷിണാഫ്രിക്ക കൂപ്പു കുത്തി. പിന്നീട് ബവുമയ്ക്കൊപ്പം അൽപ്പം പിടിച്ചു നിന്ന് മാർക്കോ യാൻസൻ ടീമിനെ മുന്നോട്ടുകൊണ്ടുപോകാൻ ശ്രമിച്ചെങ്കിലും കുൽദീപ് യാദവിന്‍റെ മുന്നിൽ മുട്ടു മടക്കി. 13 റൺസ് മാത്രമാണ് താരത്തിന് നേടാനായത്. ഇതോടെ 7 വിക്കറ്റ് നഷ്ടത്തിൽ 93 റൺസെന്ന നിലയിലായി ടീം.