ക്യാപ്റ്റൻ ടെംബ ബവുമയുടെയും സ്പിന്നർ കേശവ് മഹാരാജിന്‍റെയും തിരിച്ചുവരവോടെ ദക്ഷിണാഫ്രിക്കൻ നിര കൂടുതൽ ശക്തമാകും.

 
Sports

പരമ്പര പിടിക്കാൻ ഇന്ത്യ ഇറങ്ങുന്നു

മൂന്ന് മത്സരങ്ങൾ അടങ്ങിയ ഏകദിന ക്രിക്കറ്റ് പരമ്പരയിൽ ജീവൻ നിലനിർത്താൻ ദക്ഷിണാഫ്രിക്കയ്ക്ക് ജയം അനിവാര്യം

Sports Desk

റായ്പുർ: ഡ്രസിങ് റൂമിലെ അസ്വാരസ്യങ്ങളെക്കുറിച്ചുള്ള സൂചനകൾ ശക്തമാകുന്നതിനിടെ, ശക്തരായ ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ ബുധനാഴ്ച നടക്കുന്ന രണ്ടാം ഏകദിനത്തിൽ പരമ്പര വിജയം നേടാൻ ഇന്ത്യ ഇറങ്ങുന്നു. വിരാട് കോലിയുടെ ഉജ്ജ്വലമായ ഫോമും രോഹിത് ശർമയുടെ തളരാത്ത ആക്രമണോത്സുകതയുമാണ് നിലവിൽ ഇന്ത്യയുടെ കരുത്ത്. മത്സരം ഇന്ത്യൻ സമയം ഉച്ചക്ക് 1:30ന് ആരംഭിക്കും.

റാഞ്ചിയിൽ നടന്ന ആദ്യ മത്സരത്തിൽ കോലിയുടെ റെക്കോർഡ് നേട്ടമായ 52ാമത് ഏകദിന സെഞ്ച്വറിയും രോഹിത്തിന്‍റെ അതിവേഗ 57 റൺസും ഇന്ത്യക്ക് 17 റൺസിന്‍റെ വിജയത്തിന് വഴിയൊരുക്കി. ഈ മത്സരത്തിൽ പ്രോട്ടിയാസിന്‍റെ ശക്തമായ തിരിച്ചുവരവിനെ കഷ്ടിച്ചാണ് ഇന്ത്യൻ ബൗളർമാർ മറികടന്നത്.

ഏകദിന ലോകകപ്പിന് ഇനി രണ്ട് വർഷം ബാക്കിനിൽക്കെ, കോലിയും രോഹിത്തും ഓരോ മത്സരത്തിലും തങ്ങളുടെ കായികക്ഷമതയും ഫോമും തെളിയിക്കാൻ ശ്രമിക്കുന്നതിനൊപ്പം, മുഖ്യ പരിശീലകൻ ഗൗതം ഗംഭീറുമായുള്ള അഭിപ്രായവ്യത്യാസങ്ങൾ വർധിച്ചു വരുകയാണെന്നും റിപ്പോർട്ടുകളുണ്ട്. ബിസിസിഐ ഇടപെടുന്ന ഘട്ടത്തിലേക്കു വരെ ഇതു വളർന്നുകഴിഞ്ഞു.

കഴിഞ്ഞ രണ്ട് ഏകദിനങ്ങളിൽ തുടർച്ചയായി ഇന്ത്യക്ക് വിജയങ്ങൾ നേടിക്കൊടുത്ത കോലിയും രോഹിത്തും—അതിൽ ഒക്റ്റോബറിൽ സിഡ്‌നിയിൽ ഓസ്‌ട്രേലിയയെ ഒമ്പത് വിക്കറ്റിന് തകർത്ത മത്സരവും ഉൾപ്പെടുന്നു— ലോകകപ്പ് ടീമിൽ ഉൾപ്പെടാൻ തങ്ങളാൽ കഴിയുന്നതെല്ലാം ചെയ്യുമെന്ന് തെളിയിച്ചിരിക്കുന്നു. ഇരുവരുടെയും ലോകകപ്പ് പങ്കാളിത്തത്തെക്കുറിച്ച് സെലക്ഷൻ കമ്മിറ്റി ചെയർമാൻ അജിത് അഗാർക്കറും ഗംഭീറും വ്യക്തമായ നിലപാട് എടുക്കാതിരുന്നത് ഇരുപക്ഷങ്ങൾക്കുമിടയിലെ സംഘർഷങ്ങളുടെ പ്രധാന കാരണമായിരിക്കാം.

ആദ്യ ജയം നേടിയിട്ടും ഇന്ത്യക്ക് ആശങ്കപ്പെടാൻ മറ്റ് ചില കാര്യങ്ങളുണ്ട്. ടീം കോംബിനേഷൻ തന്നെയാണ് ആദ്യത്തെ പ്രശ്നം. ലിസ്റ്റ് എ ക്രിക്കറ്റിൽ മികച്ച റെക്കോർഡുള്ള ഋതുരാജ് ഗെയ്ക്വാദിനെ ഓപ്പണിങ്ങിൽ നിന്ന് നാലാം സ്ഥാനത്തേക്ക് മാറ്റി. ഈ റോളിൽ അദ്ദേഹം പൂർണ സജ്ജനായി തോന്നിയില്ല. അതേസമയം, നാലാം നമ്പറിനു യോജിച്ച തിലക് വർമ, ഋഷഭ് പന്ത് എന്നിവരെ പുറത്തിരുത്തി. സ്റ്റാൻഡ്-ഇൻ ക്യാപ്റ്റനായ കെ.എൽ. രാഹുൽ നാലാമതോ അഞ്ചാമതോ ഇറങ്ങാതെ ആറാം നമ്പർ വരെ കാത്തിരിക്കുന്നു. അഞ്ചാം നമ്പർ ബാറ്റിങ് പൊസിഷനിൽ നിയോഗിക്കപ്പെട്ട വാഷിങ്ടൺ സുന്ദർ ആ റോളിനു യോജിച്ച രീതിയിൽ കളിച്ചതുമില്ല.

പ്രോട്ടിയാസിനെതിരേ കൊൽക്കത്ത ടെസ്റ്റിൽ മൂന്നാം സ്ഥാനത്ത് ബാറ്റ് ചെയ്ത അദ്ദേഹത്തിന് ബാറ്റിങ് സ്ഥാനങ്ങളിൽ ധാരാളം മാറ്റങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ട്. വാഷിങ്‌ടൺ ബൗളിങ്ങിലും മികച്ച പ്രകടനം കാഴ്ചവെച്ചില്ല; മൂന്നോവർ മാത്രമാണ് അദ്ദേഹത്തെ ഏൽപ്പിച്ചത്. അതിൽ 18 റൺസും വഴങ്ങി.

പുതിയ പന്തുമായി ഹർഷിത് റാണ തുടക്കത്തിൽ മികച്ച പ്രകടനം കാഴ്ചവച്ചു. എന്നാൽ, പിന്നീട് റൺസ് വഴങ്ങുന്ന രീതി തുടർന്നു. 34-ാം ഓവറിനു ശേഷം ഒരു പന്ത് മാത്രമേ ഉപയോഗിക്കാൻ അനുവദിക്കൂ എന്ന നിയമം നിലനിൽക്കെ, കൂടുതൽ നിയന്ത്രണം ആവശ്യമാണ്.

കുൽദീപ് യാദവ് നാല് വിക്കറ്റുകൾ വീഴ്ത്തി നിർണായക പ്രകടനം പുറത്തെടുത്തു. 68 റൺസ് വഴങ്ങിയെങ്കിലും, അദ്ദേഹത്തിന്‍റെ ബൗളിങ് വേരിയേഷനാണ് ദക്ഷിണാഫ്രിക്ക ലക്ഷ്യത്തിൽ എത്താതെ പോയതിനു പ്രധാന കാരണം.

ഒരു ഘട്ടത്തിൽ 11/3 എന്ന നിലയിലേക്ക് തകർന്ന ശേഷം പ്രചോദനാത്മകമായ തിരിച്ചുവരവ് നടത്തിയതിൽ ദക്ഷിണാഫ്രിക്കക്ക് ആത്മവിശ്വാസം ലഭിക്കും. ഫ്ലാറ്റ് പിച്ചിൽ മാർക്കോ യാൻസൻ വീണ്ടും ഇന്ത്യൻ ബോളർമാരെ ശിഥിലമാക്കി. 26 പന്തിൽ നേടിയ അർധ സെഞ്ചുറി ഓൾറൗണ്ടർ എന്ന നിലയിൽ യാൻസന്‍റെ റോൾ കൂടുതൽ നിർണായകമാക്കുന്നു. 39 പന്തുകളിൽ 70 റൺസാണ് അദ്ദേഹം അടിച്ചു കൂട്ടിയത്. ഇന്ത്യക്കെതിരേ തന്‍റ ആദ്യ ഏകദിനത്തിൽ 72 റൺസെടുത്ത മാത്യു ബ്രീറ്റ്‌സ്‌കെ ദക്ഷിണാഫ്രിക്കൻ തിരിച്ചുവരവിനു നേതൃത്വം നൽകി. അപകടകാരിയായ കോർബിൻ ബോഷ് ഉൾപ്പെടെയുള്ള അവരുടെ നീണ്ട ബാറ്റിങ് നിര ഇന്ത്യയിൽ നിന്ന് കളി തട്ടിയെടുക്കുമെന്നു തന്നെ ഒരു ഘട്ടത്തിൽ തോന്നിച്ചിരുന്നു.

ടെസ്റ്റ് പരമ്പരയിലെ ചരിത്ര വിജയത്തിന് ശേഷം വിശ്രമം അനുവദിച്ച റെഗുലർ ക്യാപ്റ്റൻ ടെംബ ബവുമയും കേശവ് മഹാരാജും ഇല്ലാതെയാണ് ദക്ഷിണാഫ്രിക്ക ആദ്യ ഏകദിനം കളിച്ചത്. ഇവരുടെ തിരിച്ചുവരവോടെ പ്രോട്ടിയാസ് ടീം ശക്തിപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്.

റായ്പുരിൽ ഇതിനു മുൻപ് നടന്ന ഒരേയൊരു ഏകദിനത്തിൽ, 2023 ജനുവരിയിൽ ഇന്ത്യ ന്യൂസിലൻഡിനെ തോൽപ്പിച്ചിരുന്നു. അന്ന് മുഹമ്മദ് ഷമിയും മുഹമ്മദ് സിറാജും പിച്ചിൽ നിന്ന് ലഭിച്ച മികച്ച സീം മൂവ്മെന്‍റ് മുതലെടുത്ത് കിവീസിനെ വെറും 108 റൺസിന് ഓൾഔട്ടാക്കി. 30 ഓവറോളം ബാക്കി നിൽക്കെ എട്ട് വിക്കറ്റിന്‍റെ വിജയമാണ് ആതിഥേയർ അന്നു സ്വന്തമാക്കിയത്.

2023 ഡിസംബറിൽ ഓസ്‌ട്രേലിയക്കെതിരേ ഇവിടെ നടന്ന ഒരേയൊരു ടി20 മത്സരവും ഹൈ സ്കോറിങ് ആയിരുന്നില്ല. 174/9 നേടിയ ഇന്ത്യ അന്ന് 20 റൺസിന് വിജയിച്ചിരുന്നു.

ടീമുകൾ (ഇവരിൽ നിന്ന്):

ഇന്ത്യ: കെ.എൽ. രാഹുൽ (ക്യാപ്റ്റൻ & വിക്കറ്റ് കീപ്പർ), ഋതുരാജ് ഗെയ്ക്വാദ്, യശസ്വി ജയ്സ്വാൾ, ധ്രുവ് ജുറെൽ (വിക്കറ്റ് കീപ്പർ), വിരാട് കോലി, ഋഷഭ് പന്ത് (വിക്കറ്റ് കീപ്പർ), രോഹിത് ശർമ, തിലക് വർമ, രവീന്ദ്ര ജഡേജ, വാഷിങ്‌ടൺ സുന്ദർ, നിതീഷ് കുമാർ റെഡ്ഡി, അർഷ്ദീപ് സിങ്, ഹർഷിത് റാണ, കുൽദീപ് യാദവ്, പ്രസിദ്ധ് കൃഷ്ണ.

ദക്ഷിണാഫ്രിക്ക: ടെംബ ബവുമ (ക്യാപ്റ്റൻ), മാത്യു ബ്രീറ്റ്‌സ്‌കെ, ഡെവാൾഡ് ബ്രെവിസ്, ക്വിന്‍റൺ ഡി കോക്ക് (വിക്കറ്റ് കീപ്പർ), ടോണി ഡി സോർസി, റൂബിൻ ഹെർമൻ (വിക്കറ്റ് കീപ്പർ), ഐഡൻ മാർക്രം, റയാൻ റിക്കെൽട്ടൺ (വിക്കറ്റ് കീപ്പർ), കോർബിൻ ബോഷ്, മാർക്കോ യാൻസൻ, പ്രെനേലൻ സുബ്ബരായൻ, ഒറ്റ്നീൽ ബാർട്ട്മാൻ, നാന്ദ്രെ ബർഗർ, കേശവ് മഹാരാജ്, ലുങ്കി എൻഗിഡി.

ശ്രീനിവാസൻ വധക്കേസ്; പിടിയിലായ പിഎഫ്ഐ നേതാവ് എൻഐഎ കസ്റ്റഡിയിൽ

ഡൽഹി സ്ഫോടനം; അറസ്റ്റിലായ കശ്മീർ സ്വദേശിയുടെ കസ്റ്റഡി കാലാവധി നീട്ടി

സ്കോച്ചും വിസ്കിയും കുടിച്ച് കിറുങ്ങി 'റക്കൂൺ'; ഉറങ്ങിയത് മണിക്കൂറുകൾ

കർണാടകയിലെ കസേരകളി; സിദ്ധരാമയ്യ കെ.സി. വേണുഗോപാലുമായി കൂടിക്കാഴ്ച നടത്തി

"രാഹുലിന്‍റേത് അതിതീവ്ര പീഡനം, മുകേഷിന്‍റേത് തീവ്രത കുറഞ്ഞ പീഡനം''; ജനാധിപത്യ മഹിളാ അസോസിയേഷൻ