കെ.എൽ. രാഹുൽ

 
Sports

ജയ്‌സ്വാളും രാഹുലും വീണു; ഗോഹട്ടി ടെസ്റ്റിൽ ഇന്ത‍്യക്ക് ഇനി വേണ്ടത് 522 റൺസ്

ഓപ്പണിങ് ബാറ്റർമാരായ യശസ്വി ജയ്സ്വാളിന്‍റെയും കെ.എൽ. രാഹുലിന്‍റെയും വിക്കറ്റുകളാണ് ടീമിനു നഷ്ടമായത്

Aswin AM

ഗോഹട്ടി: ദക്ഷിണാഫ്രിക്കയ്ക്കിതിരായ രണ്ടാം ടെസ്റ്റ് മത്സരത്തിൽ ഇന്ത‍്യയ്ക്ക് 549 റൺസ് വിജയലക്ഷ‍്യം. രണ്ടാം ഇന്നിങ്സിൽ 5 വിക്കറ്റ് നഷ്ടത്തിൽ 260 റൺസ് നേടിയ ദക്ഷിണാഫ്രിക്ക ഡിക്ലയർ ചെയ്യുകയായിരുന്നു. 94 റൺസ് നേടിയ ട്രിസ്റ്റൻ സ്റ്റബ്സാണ് ദക്ഷിണാഫ്രിക്കൻ നിരയിലെ ടോപ് സ്കോറർ.

സ്റ്റബ്സിനു പുറമെ ടോണി ഡി സോഴ്സിക്ക് (49) ഒരു റൺസിന് അർധസെഞ്ചുറി നഷ്ടമായി. വിയാൻ മുൾഡർ 35 റൺസും എയ്ഡൻ മാർക്രം 29 റൺസും റിയാൻ റിക്കിൾടൺ 35 റൺസും നേടി. ഇന്ത‍്യക്കു വേണ്ടി രവീന്ദ്ര ജഡേജ നാലും വാഷിങ്ടൺ സുന്ദർ ഒരു വിക്കറ്റും വീഴ്ത്തിയപ്പോൾ പേസർമാർക്ക് ഒറ്റ വിക്കറ്റും വീഴ്ത്താൻ സാധിച്ചില്ല.

ജയ്‌സ്വാളിന്‍റെ വിക്കറ്റ് വീഴ്ത്തിയ മാർക്കോ യാൻസന്‍റെ ആഹ്ലാദ പ്രകടനം

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത‍്യക്ക് രണ്ടു വിക്കറ്റ് നഷ്ടമായി. ഓപ്പണിങ് ബാറ്റർമാരായ യശസ്വി ജയ്സ്വാളിന്‍റെയും (13) കെ.എൽ. രാഹുലിന്‍റെയും (6) വിക്കറ്റുകളാണ് ടീമിനു നഷ്ടമായത്. മാർക്കോ യാൻസൻ എറിഞ്ഞ പന്ത് ഓഫ് സൈഡിലൂടെ കട്ട് ഷോട്ടിനു ശ്രമിച്ച ജയ്സ്വാളിന്‍റെ ശ്രമം പാളുകയും വിക്കറ്റ് കീപ്പർ കൈൽ വെരിയെന്നൈ കൈകളിലൊതുക്കുകയുമായിരുന്നു. അതേസമയം, സൈമൺ ഹാർമർ എറിഞ്ഞ പന്തിൽ കെ.എൽ. രാഹുൽ ക്ലീൻ ബൗൾഡായി.

4 റൺസുമായി കുൽദീപ് യാദവും 2 റൺസുമായി സായ് സുദർശനുമാണ് ക്രീസിൽ. ഒരു ദിവസവും 8 വിക്കറ്റും ശേഷിക്കെ ഇന്ത‍്യക്ക് ഇനി 522 റൺസ് നേടിയാൽ മാത്രമെ വിജയിക്കാൻ സാധിക്കുകയുള്ളൂ. ആദ‍്യ ടെസ്റ്റ് 30 റൺസിന് വിജയിച്ചതിനാൽ‌ ഈ മത്സരം സമനിലയിൽ കലാശിച്ചാലും ദക്ഷിണാഫ്രിക്ക പരമ്പര നേടും. പരാജയ ഭീതിയിൽ നിൽക്കുന്ന ഇന്ത‍്യക്ക് കരക‍യറാനാവുമോയെന്നാണ് കാത്തിരിന്നു കാണേണ്ടത്.

നാലാം ദിനം ലഞ്ചിനു പിരിയുമ്പോൾ 4 വിക്കറ്റ് നഷ്ടത്തിൽ 220 റൺസെന്ന നിലയിലായിരുന്നു ദക്ഷിണാഫ്രിക്ക. സ്റ്റ്ബ്സും മുൾഡറും ക്രീസിൽ നിലയുറപ്പിച്ചതോടെ വിക്കറ്റ് വീഴ്ത്താൻ ഇന്ത‍്യൻ ബൗളർമാർ പ്രയാസപ്പെട്ടു. പിന്നീട് 41 റൺസ് കൂടി ചേർത്തതിനു പിന്നാലെ സ്റ്റബ്സിനെ രവീന്ദ്ര ജഡേജ മടക്കി. ഇതോടെയാണ് ദക്ഷിണാഫ്രിക്ക ഡിക്ലയർ ചെയ്തത്. നാലാം ദിനത്തിലെ ആദ‍്യ സെഷൻ പൂർത്തിയാകുമ്പോൾ മൂന്നു വിക്കറ്റ് നഷ്ടത്തിൽ 107 റൺസെന്ന നിലയിലായിരുന്നു ടീം. ടോണി ഡി സോർസിയുടെ വിക്കറ്റാണ് പിന്നീട് നഷ്ടമായത്.

നേരത്തെ ഒന്നാമിന്നിങ്സിൽ ഇന്ത‍്യ 201 റൺസിന് ഓൾ ഔട്ടായിരുന്നു. 288 റൺസ് ലീഡ് ലഭിച്ചിട്ടും ഇന്ത‍്യയെ ഫോളോ ഓൺന് വിടാതെ ബാറ്റിങ്ങിനിറങ്ങുകയായിരുന്നു ദക്ഷിണാഫ്രിക്ക. 200 റൺസിലധികം ലീഡ് വഴങ്ങുന്ന ടീമിനോട് ഫോളോ ഓൺ ആവശ്യപ്പെടാം എന്നാണ് നിയമം. എന്നാൽ, എതിർ ടീമിന് ഇക്കാര്യത്തിൽ തീരുമാനമെടുക്കാം. അങ്ങനെ, ദക്ഷിണാഫ്രിക്കയുടെ ദയാദാക്ഷിണ്യത്തിൽ ഫോളോ ഓൺ ഒഴിവാക്കുകയായിരുന്നു ഇന്ത്യ.‌ സ്പെഷ്യലിസ്റ്റ് ബാറ്റർമാരുടെയും ബൗളർമാരുടെയും സ്ഥാനത്ത് 'ബിറ്റ്സ് ആൻഡ് പീസസ്' ഓൾറൗണ്ടർമാരെയും ഐപിഎൽ താരങ്ങളെയും കുത്തിനിറയ്ക്കുന്ന ഗൗതം ഗംഭീറിന്‍റെ ശൈലിയാണ് ഇന്ത്യൻ ടെസ്റ്റ് ക്രിക്കറ്റ് ടീമിനെ വലിയ തകർച്ചയിലേക്ക് നയിച്ചുകൊണ്ടിരിക്കുന്നത്.

58 റൺസെടുത്ത ഓപ്പണർ യശസ്വി ജയ്സ്വാളിനു മാത്രമാണ് ദക്ഷിണാഫ്രിക്കൻ ബൗളിങ് ആക്രമണത്തെ കുറച്ചെങ്കിലും ഫലപ്രദമായി പ്രതിരോധിക്കാൻ സാധിച്ചത്. 97 പന്തിൽ ഏഴു ഫോറും ഒരു സിക്സും ഉൾപ്പെട്ടതായിരുന്നു ജയ്സ്വാളിന്‍റെ ഇന്നിങ്സ്. കഴിഞ്ഞ മത്സരത്തിൽ വൺഡൗണായിരുന്ന വാഷിങ്ടൺ സുന്ദർ ഇത്തവണ എട്ടാം നമ്പറിലിറങ്ങി 48 റൺസെടുത്തതാണ് ഇന്ത്യൻ സ്കോർ 200 കടക്കാൻ സഹായിച്ചത്.

നേരത്തെ, വിക്കറ്റ് നഷ്ടം കൂടാതെ ഒമ്പത് റൺസ് എന്ന നിലയിൽ മൂന്നാം ദിവസം ബാറ്റിങ് പുനരാരംഭിച്ച ഇന്ത്യക്ക് പുതിയ ഏകദിന ക്യാപ്റ്റൻ കെ.എൽ. രാഹുലിന്‍റെ വിക്കറ്റാണ് ആദ്യം നഷ്ടമായത്. 22 റൺസെടുത്ത രാഹുൽ കേശവ് മഹാരാജിന്‍റെ പന്തിൽ എയ്ഡൻ മാർക്രമിനു പിടുകൊടുത്ത് മടങ്ങുകയായിരുന്നു. പിന്നാലെ ജയ്സ്വാളും സായ് സുദർശനും (15) മടങ്ങി. ശുഭ്മൻ ഗില്ലിന്‍റെ അഭാവത്തിൽ നാലാം നമ്പറിലേക്ക് പ്രൊമോഷൻ കിട്ടിയ ധ്രുവ് ജുറെൽ ഇത്തവണ പൂജ്യത്തിനു പുറത്തായി. ക്യാപ്റ്റൻ ഋഷഭ് പന്ത് (7) വീണ്ടും നിരാശപ്പെടുത്തി.

കോച്ച് ഗൗതം ഗംഭീറിനും ടീം മാനെജ്മെന്‍റിനും പ്രിയപ്പെട്ട 'പേസ് ബൗളിങ് ഓൾറൗണ്ടർ' നിതീഷ് കുമാർ റെഡ്ഡി വിലപ്പെട്ട 10 റൺസെടുത്തു. ഹാർദിക് പാണ്ഡ്യയുടെ പകരക്കാരനു നേരത്തെ ക്യാപ്റ്റൻ ആറോവർ പന്തെറിയാനും കൊടുത്തിരുന്നു! 122 റൺസെടുക്കുന്നതിനിടെ ഏഴാം വിക്കറ്റും നഷ്ടപ്പെട്ട ഇന്ത്യയെ ഒരു പരിധി വരെ പിടിച്ചുനിർത്തിയത് വാഷിങ്ടൺ സുന്ദർ - കുൽദീപ് യാദവ് കൂട്ടുകെട്ടാണ്. എട്ടാം വിക്കറ്റിൽ ഇവർ 72 റൺസ് കൂട്ടിച്ചേർത്തു. 92 പന്തിൽ 48 റൺസെടുത്ത സുന്ദർ, സൈമൺ ഹാർമറുടെ പന്തിൽ മാർക്രമിനു ക്യാച്ച് നൽകിയതോടെ ഈ കൂട്ടുകെട്ടും പൊളിഞ്ഞു.

പിന്നെയൊക്കെ ചടങ്ങ് മാത്രമായിരുന്നു. കുൽദീപ് യാദവിനെയും (19) ജസ്പ്രീത് ബുംറയെയും (5) തിരിച്ചയച്ച യാൻസൻ ആറ് വിക്കറ്റ് സമ്പാദിച്ചു. മുഹമ്മദ് സിറാജ് രണ്ടു റൺസുമായി പുറത്താകാതെ നിന്നു. രണ്ട് മണിക്കൂറിലധികം ക്രീസിൽ തുടർന്ന്, 134 പന്ത് നേരിട്ട കുൽദീപ് യാദവിന്‍റെ ഇന്നിങ്സ് ഇന്ത്യൻ ബാറ്റിങ് നിരയിലെ വമ്പൻമാർക്ക് നല്ല പാഠമായി. ഇന്ത്യൻ ബാറ്റർമാരിൽ ഏറ്റവും കൂടുതൽ പന്ത് നേരിട്ടത് കുൽദീപാണ്.

"എല്ലാം തികഞ്ഞ മാം, ആ രത്‌ന കിരീടം സ്വന്തം തലയിൽ ചാർത്തുന്നതാണ് നല്ലത്'': ദിവ്യയ്ക്ക് സീമ ജി. നായരുടെ മറുപടി

എസ്എസ്കെ ഫണ്ട് അനുവദിക്കണം; കേന്ദ്രത്തിന് കത്തയച്ച് വിദ‍്യാഭ‍്യാസ മന്ത്രി

"ഗോവിന്ദച്ചാമിമാരെ സൃഷ്ടിക്കുന്ന സ്ത്രീരത്നങ്ങൾ'': നടിമാർക്കെതിരേ ദിവ്യ

ഗുരുദ്വാരയിൽ കയറാൻ വിസമ്മതിച്ചു; സൈനികനെ പിരിച്ചുവിട്ടത് കോടതി ശരിവച്ചു

രാഹുലിനെതിരേ ഒരു തവണ നടപടി എടുത്തതാണ്; രാഹുൽ മാങ്കൂട്ടത്തിൽ‌ വിഷയത്തിൽ പ്രതികരിച്ച് പ്രതിപക്ഷനേതാവ്