ഇന്ത്യക്കെതിരേ അർധ സെഞ്ചുറി പൂർത്തിയാക്കിയ ദക്ഷിണാഫ്രിക്കൻ ഓൾറൗണ്ടർ നദൈൻ ഡിക്ലാർക്ക്.
വിശാഖപട്ടണം: വനിതാ ലോകകപ്പ് ഗ്രൂപ്പ് ഘട്ടത്തിൽ തുടരെ മൂന്നാം മത്സരത്തിലും ഇന്ത്യയുടെ മധ്യനിര ബാറ്റിങ് തകർന്നു. ശ്രീലങ്ക, പാക്കിസ്ഥാൻ എന്നീ ടീമുകൾക്കെതിരേ എന്നതു പോലെ ദക്ഷിണാഫ്രിക്കക്കെതിരേയും ലോവർ മിഡിൽ ഓർഡറിന്‍റെ രക്ഷാ പ്രവർത്തനം ടീമിനെ ഭേദപ്പെട്ട സ്കോറിലെത്തിച്ചു. 49.5 ഓവറിൽ ഇന്ത്യ 251 റൺസിന് ഓൾഔട്ടായി. എന്നാൽ, മുൻ മത്സരങ്ങളിലേതു പോലെ ടീമിനെ ജയത്തിലേക്കു നയിക്കാൻ ബൗളിങ് നിരയ്ക്ക് സാധിച്ചില്ല. 7 പന്ത് ശേഷിക്കെ ദക്ഷിണാഫ്രിക്ക് മൂന്ന് വിക്കറ്റ് ജയം സ്വന്തമാക്കി.
എട്ടാം നമ്പറിലിറങ്ങി 77 പന്തിൽ 94 റൺസെടുത്ത വിക്കറ്റ് കീപ്പർ ബാറ്റർ റിച്ച ഘോഷിന്‍റെ ഒറ്റയാൾ പോരാട്ടമാണ് ഇന്ത്യയെ പൊരുതാവുന്ന സ്കോറിലെത്തിച്ചത്. വാലറ്റത്ത് രണ്ട് അർധ സെഞ്ചുറി കൂട്ടുകെട്ടുകളും റിച്ച സൃഷ്ടിച്ചു. ദക്ഷിണാഫ്രിക്ക 81 റൺസെടുക്കുന്നതിനിടെ അവരുടെ അഞ്ച് വിക്കറ്റുകൾ വീഴ്ത്താൻ ഇന്ത്യക്കു സാധിച്ചെങ്കിലും, എട്ടാം നമ്പറിൽ നദൈൻ ഡിക്ലാർക്ക് (54 പന്തിൽ പുറത്താകാതെ 84) കാഴ്ചവച്ച ഐതിഹാസിക ഇന്നിങ്സ് കളിയുടെ ഗതി നിർണയിച്ചു.
ടോസ് നേടി ഫീൽഡിങ് തെരഞ്ഞെടുത്ത ദക്ഷിണാഫ്രിക്കൻ ക്യാപ്റ്റൻ ലോറ വോൾവാർട്ട് ആതിഥേയരെ ബാറ്റിങ്ങിനു ക്ഷണിക്കുകയായിരുന്നു. 10.2 ഓവറിൽ 55 റൺസ് കൂട്ടിച്ചേർത്ത സ്മൃതി മന്ഥനയും (32 പന്തിൽ 23) പ്രതീക റാവലും (56 പന്തിൽ 37) ഒരിക്കൽക്കൂടി ഇന്ത്യക്ക് നല്ല തുടക്കം നൽകി. പക്ഷേ, ഇരുവർക്കും ബാറ്റിങ്ങിൽ താളം കണ്ടെത്തിയിട്ടും വലിയ സ്കോറുകളിലേക്കു പോകാനായില്ല.
കഴിഞ്ഞ രണ്ടു മത്സരങ്ങളിലും ആങ്കർ റോൾ ഫലപ്രദമായി കൈകാര്യം ചെയ്ത ഹർലീൻ ഡിയോൾ ഇക്കുറി 23 പന്തിൽ 13 റൺസെടുത്തും പുറത്തായി. ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ (24 പന്തിൽ 9), പോക്കറ്റ് ഡൈനമിറ്റ് ജമീമ റോഡ്രിഗ്സ് (0), വിശ്വസ്തയായ ദീപ്തി ശർമ (14 പന്തിൽ 4) എന്നിവർ ക്ഷണത്തിൽ മടങ്ങിയതോടെ ഇന്ത്യ 102/6 എന്ന നിലയിൽ തകർച്ച നേരിട്ടു.
എട്ടാം നമ്പറിൽ ബാറ്റിങ്ങിനിറങ്ങിയ വിക്കറ്റ് കീപ്പർ റിച്ച ഘോഷ് ഏഴാം വിക്കറ്റ് സഖ്യത്തിൽ അമൻജോത് കൗറുമൊത്ത് 51 റൺസ് കൂട്ടുകെട്ടുയർത്തി. 44 പന്ത് നേരിട്ട അമൻജോതിന്‍റെ സംഭാവന ഇതിൽ 13 റൺസ് മാത്രമാണ്. സ്കോറിങ് നിരക്ക് ഉയർത്താനുള്ള ശ്രമത്തിൽ അമൻജോതും പുറത്തായപ്പോൾ സ്നേഹ് റാണ റിച്ചയ്ക്കു പറ്റിയ പങ്കാളിയായി. അങ്ങനെ എട്ടാം വിക്കറ്റ് സഖ്യം 39 പന്തിൽ അർധ സെഞ്ചുറി കൂട്ടുകെട്ട് സൃഷ്ടിച്ചു. ഇതിൽ 17 റൺസ് മാത്രമായിരുന്നു സ്നേഹ റാണയുടെ സംഭാവന. ഇതിനിടെ, നേരിട്ട 53ാം പന്തിൽ റിച്ച തന്‍റെ ഏഴാം ഏകദിന അർധ സെഞ്ചുറിയും പിന്നിട്ടു.
അവസാന ഓവറുകളിൽ റിച്ചയും റാണയും ആഞ്ഞടിച്ചു തുടങ്ങിയതോടെ ദക്ഷിണാഫ്രിക്കൻ താരങ്ങൾ ഫീൽഡിൽ നിരവധി പിഴവുകളും വരുത്തി. ബൗണ്ടറി ലൈനനരികിൽ റിച്ചയുടെ രണ്ട് ക്യാച്ചുകളാണ് അവർ കൈവിട്ടത്; അവസാന ഓവറിൽ ഒരു റണ്ണൗട്ട് അവസരവും.
ഇന്ത്യൻ ഇന്നിങ്സിൽ ഏഴു പന്ത് മാത്രം ശേഷിക്കെ, 24 പന്തിൽ ആറ് ഫോർ ഉൾപ്പെടെ 33 റൺസെടുത്ത സ്നേഹ് റാണ പുറത്തായി. അവസാന ഓവർ തുടങ്ങുമ്പോൾ 84 റൺസായിരുന്നു റിച്ചയുടെ വ്യക്തിഗത സ്കോർ. ആദ്യ മൂന്നു പന്തിൽ 10 റൺസ് കൂടി കൂട്ടിച്ചേർത്ത റിച്ച, വെയ്സ്റ്റ് ഹൈ ഫുൾടോസായി വന്ന നാലാം പന്ത് ഉയർത്തിയടിച്ച് ക്യാച്ച് നൽകി മടങ്ങുമ്പോൾ, 77 പന്തിൽ 11 ഫോറും നാലു സിക്സും സഹിതം 94 റൺസെടുത്തിരുന്നു. തൊട്ടടുത്ത പന്തിൽ പതിനൊന്നാം നമ്പർ ബാറ്റർ ശ്രീചരണി കൂടി പുറത്തായതോടെ ഇന്ത്യൻ ഇന്നിങ്സിനു തിരശീല വീണു.
ദക്ഷിണാഫ്രിക്കയ്ക്കു വേണ്ടി ക്ലോ ട്രയോൺ 32 റൺസ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തി. മരിസാൻ കാപ്പ്, നദൈൻ ഡിക്ലാർക്ക്, നോൺകുലുലെകോ എംലാബ എന്നിവർ രണ്ട് വിക്കറ്റ് വീതം സ്വന്തമാക്കി.
ദക്ഷിണാഫ്രിക്കക്കെതിരായ വനിതാ ലോകകപ്പ് മത്സരത്തിൽ ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്റർ റിച്ച ഘോഷിന്‍റെ ഷോട്ട്.
ദക്ഷിണാഫ്രിക്കയുടെ ചെയ്സിൽ ഏറിയ പങ്കും കളി ഇന്ത്യയുടെ വരുതിയിൽ തന്നെയായിരുന്നു. 20 ഓവർ തികയും മുൻപേ അവരുടെ ബാറ്റർമാരിൽ പകുതിയും കൂടാരം കയറി. ഒരറ്റത്ത് ഉറച്ചുനിന്ന ഓപ്പണർ ലോറ വോൾവാർട്ട് (111 പന്തിൽ 70) രക്ഷാപ്രവർത്തനം നടത്തിയെങ്കിലും സ്കോറിങ് റേറ്റ് വളരെ കുറവായിരുന്നു.
ഏഴാം നമ്പറിൽ കളിച്ച ക്ലോ ട്രയോണിനെ (66 പന്തിൽ 49) കൂട്ടുപിടിച്ച് ലോറ ടീം സ്കോർ 142 വരെയെത്തിക്കുമ്പോൾ 36 ഓവർ പൂർത്തിയാകാറായിരുന്നു. ക്രാന്തി ഗൗഡിന്‍റെ പെർഫെക്റ്റ് യോർക്കറിൽ ലോറയുടെ മിഡിൽ സ്റ്റമ്പ് ഇളകുമ്പോൾ ഇന്ത്യ ജയമുറപ്പിച്ചു.
എന്നാൽ, പിന്നാലെയെത്തിയ നദൈൻ ഡിക്ലാർക്ക് മികച്ച സ്ട്രൈക്ക് റേറ്റിൽ മുന്നേറിയതോടെ ഇന്ത്യൻ ബൗളർമാർക്ക് മറുപടിയില്ലാതായി. 46ാം ഓവറിൽ ട്രയോൺ വീണു. എന്നാൽ, പിന്നീട് വന്ന വാലറ്റക്കാരി അയബോംഗ ഖാക്കയെ സമർഥമായി സംരക്ഷിച്ചു നിർത്തി സ്ട്രൈക്ക് കൈവശം വച്ച് ഇന്ത്യൻ ബൗളിങ് നിരയെ തച്ചു തകർക്കുകയായിരുന്നു നദൈൻ.
20 മിനിറ്റോളം ക്രീസിലുണ്ടായിരുന്ന ഖാകയ്ക്ക് മൂന്ന് പന്ത് മാത്രമാണ് നേരിടേണ്ടി വന്നത്. എട്ട് ഫോറും അഞ്ച് ക്ലീൻ സിക്സറുകളും പറത്തിയ നദൈൻ ഏറെക്കുറെ ഒറ്റയ്ക്കു തന്നെ ഇന്ത്യയുടെ ചുണ്ടിൽ നിന്ന് വിജയചഷകം തട്ടിയെടുത്തു.