രണ്ടിന്നിങ്സിലും സെഞ്ചുറിക്കരികെ പുറത്തായ ശ്രീലങ്കൻ ടോപ് ഓർഡർ ബാറ്റർ പസിന്ദു സൂര്യബന്ദാര.

 
Sports

രണ്ടാം ടെസ്റ്റ്: ശ്രീലങ്ക ഇന്നിങ്സ് പരാജയം ഒഴിവാക്കി

503/9 എന്ന ഇന്ത്യയുടെ ഒന്നാം ഇന്നിങ്സ് സ്കോറിനെതിരേ ശ്രീലങ്ക 290 റൺസിന് പുറത്ത്. ഫോളോ ഓൺ ചെയ്യാൻ നിർബന്ധിതരായ ആതിഥേയർ രണ്ടാം ഇന്നിങ്സിൽ ബാറ്റിങ് തുടരുന്നു

Sports Desk

കൊളംബോ: ഇന്ത്യക്കെതിരായ രണ്ടാമത്തെയും അവസാനത്തെയും ക്രിക്കറ്റ് ടെസ്റ്റിൽ ആതിഥേയരായ ശ്രീലങ്കക്ക് ഫോളോ ഓൺ. ഇന്ത്യ ഒന്നാമിന്നിങ്സിൽ 9 വിക്കറ്റ് നഷ്ടത്തിൽ 503 റൺസെടുത്ത് ഡിക്ലയർ ചെയ്തിരുന്നു. സന്ദർശകരെ വീണ്ടും ബാറ്റ് ചെയ്യിക്കാൻ 303 റൺസാണ് ശ്രീലങ്കയ്ക്ക് വേണ്ടിയിരുന്നത്. അവർ 290 റൺസിന് ഓൾഔട്ടായതോടെയാണ് രണ്ടാം ഇന്നിങ്സ് ആരംഭിക്കാൻ നിർബന്ധിതരായത്.

രണ്ടാമൂഴത്തിൽ ഇന്നിങ്സ് പരാജയം ഒഴിവാക്കാൻ സാധിച്ചെങ്കിലും 229 റൺസെടുക്കുന്നതിനിടെ അവരുടെ ആറ് വിക്കറ്റ് നഷ്ടമായിക്കഴിഞ്ഞു. മത്സരം ഒരു ദിവസം ശേഷിക്കെ 16 റൺസിന്‍റെ ഓവറോൾ ലീഡ് മാത്രമാണ് ലങ്കയ്ക്കുള്ളത്.

നാലാം ദിവസം രാവിലെ 265/8 എന്ന നിലയിലാണ് ലങ്ക ബാറ്റിങ് തുടങ്ങിയത്. 85 റൺസുമായി ബാറ്റിങ് പുനരാരംഭിച്ച സോണാൽ ദിനുഷ പരമ്പരയിൽ തന്‍റെ രണ്ടാം സെഞ്ചുറി കണ്ടെത്തി. 162 പന്ത് നേരിട്ട ദിനുഷ എട്ട് ഫോറും മൂന്ന് സിക്സും സഹിതം 103 റൺസെടുത്തു. പൊരുതി നിന്ന ലാഹിരു കുമാര 58 പന്ത് നേരിട്ട് 12 റൺസെടുത്തു.

ഇരുവരുടെയും വിക്കറ്റ് വീഴ്ത്തിയ അരങ്ങേറ്റക്കാരൻ ഓഫ് സ്പിന്നർ സാരാംശ് ജയിൻ ആണ് ലങ്കൻ ഇന്നിങ്സിനു തിരശീലയിട്ടത്. പ്രസിദ്ധ് കൃഷ്ണയും മാനവ് സുതാറും മൂന്ന് വിക്കറ്റ് വീതം നേടിയപ്പോൾ, മുഹമ്മദ് സിറാജിനും രവീന്ദ്ര ജഡേജക്കും ഓരോ വിക്കറ്റ്. 80 റൺസെടുത്ത പസിന്ദു സൂര്യബന്ദാരയാണ് ടോപ് സ്കോറർ.

രണ്ടാമിന്നിങ്സ് തുടങ്ങിയ ശ്രീലങ്കയ്ക്ക് ഓപ്പണർ ലാഹിരു ഉദാരയെ (3) തുടക്കത്തിൽ തന്നെ നഷ്ടമായി. തുടർന്ന് സഹ ഓപ്പണർ കാമിൽ മിശാരയും (32) മടങ്ങി. എന്നാൽ, സൂര്യബന്ദാരയും (92) കാമിന്ദു മെൻഡിസും (55) ഒരുമിച്ച മൂന്നാം വിക്കറ്റ് കൂട്ടുകെട്ട് 146 റൺസ് ചേർത്തു. ക്യാപ്റ്റന്‍ ധനഞ്ജയ ഡിസിൽവയുടെ (23) ചെറുത്തുനിൽപ്പ് അധികം നീണ്ടില്ല.

ഇന്ത്യക്കെതിരായ ടെസ്റ്റ് ക്രിക്കറ്റ് പരമ്പരയിൽ രണ്ടാം സെഞ്ചുറി നേടിയ ശ്രീലങ്കൻ ബാറ്റർ സോണാൽ ദിനുഷ.

ഇന്ത്യക്കായി മാനവ് സുതാർ രണ്ട് വിക്കറ്റ് നേടിക്കഴിഞ്ഞു. മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ, സാരാംശ് ജയിൻ, രവീന്ദ്ര ജഡേജ എന്നിവർക്ക് ഓരോ വിക്കറ്റ്. ഇന്ത്യ ജയത്തിനടുത്താണെങ്കിലും, അവസാന ദിവസം മഴ പ്രവചനമുള്ളത് ആതിഥേയർക്കു പ്രതീക്ഷയാണ്.