യുഎഇക്കെതിരേ ഇന്ത്യൻ ഓപ്പണർ അഭിഷേക് ശർമയുടെ ബാറ്റിങ്.
ദുബായ്: ഏഷ്യ കപ്പിലെ തങ്ങളുടെ ആദ്യ മത്സരത്തിൽ യുഎഇയെ നിലംപരിശാക്കി ഇന്ത്യ. ടോസ് നേടി പന്തെറിയാൻ തീരുമാനിച്ച ക്യാപ്റ്റൻ സൂര്യകുമാർ യാദവിന്‍റെ തീരുമാനത്തെ സാധൂകരിച്ച ലോക ചാംപ്യൻമാർ, എതിരാളികളെ വെറും 57 റൺസിന് ഓൾഔട്ടാക്കുകയായിരുന്നു. വെറും 13.1 ഓവർ മാത്രമാണ് യുഎഇക്ക് ബാറ്റ് ചെയ്യാനായത്.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ വെറും 4.3 ഓവറിൽ ലക്ഷ്യം മറികടന്നു. നേരിട്ട ആദ്യ പന്തിൽ തന്നെ സിക്സർ പറത്തിയ അഭിഷേക് ശർമയാണ് ഇന്ത്യയുടെ ബാറ്റിങ് വെടികര്കെട്ടിനു തിരികൊളുത്തിയത്. 16 പന്തിൽ രണ്ട് ഫോറും മൂന്നു സിക്സും നേടിയ അഭിഷേക് നാലാം ഓവറിൽ പുറത്തായി.
തുടർന്നെത്തിയ സൂര്യകുമാർ യാദവിനെ (2 പന്തിൽ 7) സാക്ഷി നിർത്തി വൈസ് ക്യാപ്റ്റൻ ശുഭ്മൻ ഗിൽ വിജയ റൺ കുറിച്ചു. 9 പന്തിൽ രണ്ടു ഫോറും ഒരു സിക്സും സഹിതം 20 റൺസാണ് ഗിൽ നേടിയത്.
നേരത്തെ, മലയാളി താരം അലിഷാൻ ഷറഫുവും ക്യാപ്റ്റൻ മുഹമ്മദ് വസീമും ചേർന്ന് മോശമല്ലാത്ത തുടക്കം നൽകിയ ശേഷമായിരുന്നു യുഎഇയുടെ തകർച്ച. 17 പന്തിൽ മൂന്നു ഫോറും ഒരു സിക്സും സഹിതം 22 റൺസെടുത്ത ഷറഫുവിന്‍റെ വിക്കറ്റാണ് യുഎഇക്ക് ആദ്യം നഷ്ടമായത്. അതുവരെ ആത്മവിശ്വാസത്തോടെ സ്ട്രോക്ക് പ്ലേ കാഴ്ചവച്ച ഷറഫു, സ്റ്റാർ പേസർ ജസ്പ്രീത് ബുംറയുടെ യോർക്കറിനു മുന്നിൽ മറുപടിയില്ലാതെ പോയി.
22 പന്തിൽ മൂന്നു ഫോർ ഉൾപ്പെടെ 19 റൺസെടുത്ത വസീം കൂടി മടങ്ങിയ ശേഷം യുഎഇ ബാറ്റർമാരുടെ ഭാഗത്തുനിന്ന് ചെറുത്തുനിൽപ്പൊന്നുമുണ്ടായില്ല. വിക്കറ്റ് കീപ്പർ ബാറ്റർ രാഹുൽ ചോപ്രയുടേതാണ് (3) മൂന്നാമത്തെ ഉയർന്ന സ്കോർ!
കുൽദീപ് യാദവിനെ അഭിനന്ദിക്കുന്ന സൂര്യകുമാർ യാദവ്.
ഇന്ത്യക്കു വേണ്ടി കുൽദീപ് യാദവ് 2.1 ഓവറിൽ 7 റൺസ് വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തി. രണ്ടോവർ എറിഞ്ഞ ശിവം ദുബെ 4 റൺസ് വഴങ്ങി മൂന്ന് വിക്കറ്റും വീഴ്ത്തി. ബുംറയ്ക്കൊപ്പം ദുബെയും ഹാർദിക് പാണ്ഡ്യയും മാത്രമാണ് സീം ബൗളർമാരായി ഇന്ത്യയുടെ പ്ലെയിങ് ഇലവനിൽ ഉൾപ്പെട്ടത്. പാണ്ഡ്യക്ക് വിക്കറ്റൊന്നും കിട്ടിയില്ല. അക്ഷർ പട്ടേലിനും വരുൺ ചക്രവർത്തിക്കും ഓരോ വിക്കറ്റ്.
അഭിഷേക് ശർമയും വൈസ് ക്യാപ്റ്റൻ ശുഭ്മൻ ഗില്ലും തിലക് വർമയും ടീമിൽ ഇടം നേടിയെങ്കിലും സഞ്ജു സാംസൺ പുറത്തായില്ല. വിക്കറ്റ് കീപ്പർ ബാറ്ററായി മധ്യനിരയിലാണ് സഞ്ജുവിനെ ടീം ലിസ്റ്റിൽ ഉൾപ്പെടുത്തിയിരുന്നത്.