വി.ജെ. ജോഷിത 
Sports

അണ്ടർ 19 വനിതാ ലോകകപ്പ്: ഇന്ത്യ വെസ്റ്റിൻഡീസിനെ നാലോവറിൽ കീഴടക്കി, മലയാളി താരം പ്ലെയർ ഓഫ് ദ മാച്ച്

ന്യൂബോളെടുത്ത കേരളത്തിൽനിന്നുള്ള പേസ് ബൗളർ വി.ജെ. ജോഷിത രണ്ടോവറിൽ അഞ്ച് റൺസ് വഴങ്ങി രണ്ട് വിക്കറ്റ് നേടി

VK SANJU

ക്വലാലംപുർ: മലേഷ്യയിൽ നടക്കുന്ന വനിതകളുടെ അണ്ടർ-19 ക്രിക്കറ്റ് ലോകകപ്പിൽ വെസ്റ്റിൻഡീസിനെതിരേ ഇന്ത്യക്ക് തകർപ്പൻ ജയം. എതിരാളികളെ വെറും 44 റൺസിന് എറിഞ്ഞിട്ട ഇന്ത്യൻ പെൺകുട്ടികൾ 4.2 ഓവറിൽ ഒരു വിക്കറ്റ് നഷ്ടപ്പെടുത്തി ലക്ഷ്യം നേടി.

ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ നിക്കി പ്രസാദ് ഫീൽഡിങ്ങാണ് തെരഞ്ഞെടുത്തത്. 13.2 ഓവറിൽ വിൻഡീസിന്‍റെ ഇന്നിങ്സ് അവസാനിച്ചു. 12 റൺസെടുത്ത അസാബി കലൻഡറും 15 റൺസെടുത്ത കെനിക കാസറും മാത്രമാണ് കരീബിയൻ നിരയിൽ രണ്ടക്ക സ്കോർ നേടിയത്.

ഇന്ത്യക്കു വേണ്ടി ലെഫ്റ്റ് ആം സ്പിന്നർ പരുണിക സിസോദിയ ഏഴ് റൺസിന് മൂന്ന് വിക്കറ്റ് വീഴ്ത്തി. ന്യൂബോളെടുത്ത കേരളത്തിൽനിന്നുള്ള പേസ് ബൗളർ വി.ജെ. ജോഷിത രണ്ടോവറിൽ അഞ്ച് റൺസ് വഴങ്ങി രണ്ട് വിക്കറ്റ് നേടി. തുടക്കത്തിൽ തന്നെ വിൻഡീസ് ബാറ്റിങ് തകർച്ചയ്ക്കു തുടക്കമിട്ട ജോഷിത തന്നെയാണ് പ്ലെയർ ഓഫ് മാച്ച് ആയും തെരഞ്ഞെടുക്കപ്പെട്ടത്.

ലെഫ്റ്റ് ആം സ്പിന്നർ ആയുഷി ശുക്ലയ്ക്കും രണ്ട് വിക്കറ്റ് കിട്ടി. മൂന്ന് വിൻഡീസ് താരങ്ങൾ റണ്ണൗട്ടായി. ഐപിഎൽ താരം ഷബ്നം ഷക്കീൽ രണ്ടോവറിൽ അഞ്ച് റൺസാണ് വഴങ്ങിയതെങ്കിലും വിക്കറ്റൊന്നും കിട്ടിയില്ല.

മറുപടി ബാറ്റിങ്ങിൽ ഇന്ത്യക്ക് കഴിഞ്ഞ ലോകകപ്പും കളിച്ച ജി. തൃഷയുടെ വിക്കറ്റാണ് നഷ്ടമായത്. നേരിട്ട ആദ്യ പന്ത് ബൗണ്ടറി കടത്തിയ തൃഷ രണ്ടാമത്തെ പന്തിൽ പുറത്തായി. സഹ ഓപ്പണറും മുംബൈയുടെ ഐപിഎൽ താരവുമായ പതിനാറുകാരി വിക്കറ്റ് കീപ്പർ ജി. കമാലിനി 16 റൺസെടുത്ത് പുറത്താകാതെ നിന്നു. സനിക ഛൽക്കെ 18 റൺസോടെയും പുറത്താകാതെ നിന്നു.

യെലഹങ്കയിലെ കുടിയൊഴിപ്പിക്കപ്പെട്ടവർക്ക് സൗജന്യ വീട് ലഭിക്കില്ല; 5 ലക്ഷം നൽകണമെന്ന് സിദ്ധരാമയ്യ

പെരിയയിൽ രാഷ്ട്രീയ നാടകം; വൈസ്പ്രസിഡന്‍റ് സ്ഥാനം യുഡിഎഫിന്

താമരശേരി ചുരത്തിൽ ഗതാഗത നിയന്ത്രണം; നിയന്ത്രണം ജനുവരി 5 മുതൽ

തോൽവി പഠിക്കാൻ സിപിഎമ്മിന്‍റെ ഗൃഹ സന്ദർശനം; സന്ദർശനം ജനുവരി 15 മുതൽ 22 വരെ

മെട്രൊ വാർത്ത മൂവാറ്റുപുഴ ലേഖകൻ അബ്ബാസ് ഇടപ്പള്ളിഅന്തരിച്ചു